ഇലമരച്ചില്ലയില്‍

December 17, 2011

ഒരു നോക്ക് കാണാന്‍

               
         







          


മ്മ എന്‍റെ പഴയ പുസ്തകങ്ങളും മാസികകളും കെട്ടിവച്ച ചാക്കുകള്‍ എടുത്തൊഴിവാക്കുകയായിരുന്നു.മുന്‍പില്‍ അമ്മയെ എങ്ങിനെ പറ്റിക്കാം എന്ന് ചിന്തിച്ചു ഉന്തുവണ്ടിയുമായി നില്‍ക്കുന്ന തമിഴന്‍.പഴയ പുസ്തകങ്ങളുടെ ഗന്ധവും പഴക്കം കൊണ്ട് ദ്രവിച്ചു വീഴുന്ന പൊടിയും അമ്മയ്ക്കുണ്ടാക്കുന്ന അസ്വസ്ഥതകള്‍ എനിക്കുള്ള ശകാരങ്ങളായി എന്റെ ചുറ്റിലും.

"കുറെ കാലമായി ഇതിവിടെ ആര്‍ക്കും ഉപകാരമില്ലാതെ കിടന്നു എടങ്ങേര്‍ ഉണ്ടാക്കുന്നു.നെറ്റില്‍ കയറി തപ്പിയാല്‍ കിട്ടാത്തതായി ഒരു കാര്യോം  ഇല്ലാന്ന് നീ തന്നെ അല്ലെ പറയാറ്.പിന്നെ ഇനിയും ഈ പുരാവസ്തുക്കള്‍  എന്തിനാ മനുഷ്യനെ മെനക്കെടുത്താന്‍."

           വായിക്കുന്നതെന്തും സൂക്ഷിച്ചു വയ്ക്കുന്നത് കുട്ടിക്കാലം മുതലുള്ള എന്റെ ശീലമാണ്.പക്ഷെ ഇന്നിപ്പോ ഞാന്‍ പോലും ഒരു റഫറന്‍സിനും പുസ്തകങ്ങള്‍  തപ്പാറില്ല.പിന്നെയിതെല്ലാം പോയ്മറഞ്ഞ ഒരു നല്ല കാലഘട്ടത്തിന്‍റെ സ്മരണകളായ്‌ ചാക്കുകളില്‍ ഉറങ്ങി കിടക്കുമ്പോള്‍ പാവം അമ്മ അതിലൊരു വിപണന സാധ്യത കണ്ടതില്‍ തെറ്റ് പറയാനും പറ്റില്ല.

വല്ലതും കിട്ടിയാല്‍ ഒരു നേരത്തെ മീന്‍ മേടിക്കാന്‍ പോലും തികയില്ല എന്ന കമെന്റ് ഇടയ്ക്ക് വന്നു.
         
           അവസാന ചാക്കും തുമ്മലടക്കികൊണ്ട് അമ്മ അഴിച്ചിട്ടു.ഇരുട്ടറയില്‍ നിന്നും വെളിച്ചത്തിലേയ്ക്കു തുറന്നു വിട്ട സന്തോഷത്തോടെ എന്നെ പണ്ട് പലതും പഠിപ്പിച്ച പുസ്തകങ്ങള്‍ ഞെളിഞ്ഞിരിക്കാന്‍ നോക്കിയപ്പോള്‍ അവരെ നിഷ്കരുണം സ്വന്തം ചാക്കിലേക്കു എടുത്തു കുത്തിക്കയറ്റുന്ന തിരക്കിലായിരുന്നു അണ്ണന്‍.

           എന്റെ ശ്രദ്ധയാകര്‍ഷിച്ചു കൊണ്ട് ഒരു ചാക്ക് കെട്ടില്‍ നിന്ന് കുറെ നോട്ടുപുസ്തകങ്ങള്‍ വെളിയിലായി. പെട്ടെന്ന് മനസ്സ് വര്‍ഷങ്ങള്‍ പുറകേക്ക്  സഞ്ചരിച്ചു.ഈശ്വരാ......അവയിലാ പുസ്തകങ്ങള്‍ ഉണ്ടായിരിക്കുമോ?

ഞാന്‍ മുറ്റത്തേക്കോടി... അണ്ണനില്‍ നിന്നും നോട്ടു പുസ്തകങ്ങള്‍ തട്ടിപ്പറിച്ചെടുത്തു.ഉടനെയെത്തി അമ്മയുടെ കമന്റ്.." ഇനി അടുത്ത പതിനഞ്ചു കൊല്ലം കൂടി അത് കെട്ടിപൊതിഞ്ഞു വച്ചോ"
അമ്മയ്ക്കതു പറയാം.മരണമില്ലാത്ത ഓര്‍മ്മകള്‍ ചുറ്റി വരിയുന്നത് ഞാനാരോടു പറയും.

           ഹിസ്റ്ററിയുടെയും ജോഗ്രഫിയുടെയും നോട്ടുകള്‍ അതാ കിടക്കുന്നു.എന്റെ കൈകള്‍ അകത്താളുകളിലൂടെ പാഞ്ഞു.ട്യൂഷന്‍ ക്ലാസ്സിലന്നു അവള്‍ എഴുതി തന്ന പേജുകള്‍.എന്നും രാജന്‍ മാഷിന്റെ ഹിസ്‌റ്ററി ക്ലാസ്സിലും, രമേശന്‍ മാഷിന്റെ ജോഗ്രഫി ക്ലാസ്സിലും എന്റെ നോട്ടു പുസ്തകങ്ങള്‍ എഴുതുകയെന്നത് അവളുടെ ജോലിയായിരുന്നു.അല്ലെങ്കില്‍ എനിക്ക് വേണ്ടി അത് ചെയ്യുക എന്നത് ഒരവകാശമായി അവള്‍ കണക്കാക്കിയിരുന്നിരിക്കാം.സ്കൂള്‍ ക്ലാസ്സിലേക്കുള്ള പാഠപുസ്തകങ്ങള്‍ പോലും കടമായി തരാന്‍ അന്ന് അവള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്റെ ചുറ്റിലും പല  സുന്ദരികളെ കണ്ടിട്ടും അവളതൊന്നും കാര്യമാക്കിയോ പരിഭവം പറഞ്ഞോ ഇല്ല..ഒരിക്കലും തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും മൂകമായ് എന്നോടുള്ള പ്രണയം കൊണ്ട് നടന്നുവോ....അറിയില്ല.

          തൊട്ടു പിറകിലിരിക്കുന്ന എന്റെ മുന്‍പിലേക്ക് എന്നും തുളസിക്കതിര്‍ ചൂടിയ നീണ്ട മുടിയിഴകള്‍ വെള്ളത്തുള്ളികള്‍ തെറിപ്പിച്ചു കൊണ്ട് കൊഞ്ചുമായിരുന്നു. പലപ്പോഴും ഞാനതെടുത്ത് താലോലിക്കും.മാഷന്മാരുടെ കണ്ണ് വെട്ടിച്ചുള്ള ലീലാവിലാസം.ഒരുപാടു നാളുകളങ്ങിനെ...
ഒടുവില്‍ മാര്‍ച്ച് മാസത്തിന്റെ പരീക്ഷച്ചൂടിനു ശേഷം പിരിയുമ്പോള്‍ അവളുടെ കണ്ണുകള്‍ എന്തോ ചോദിച്ചിരുന്നുവോ... അന്നെനിക്കത് മനസ്സിലായില്ല.

           എനിക്ക് മനസ്സിലാക്കാന്‍ പറ്റാഞ്ഞ സ്നേഹം അതായിരുന്നിരിക്കാം അവളെനിക്കു തരാന്‍ ശ്രമിച്ചത്‌.ഇന്നും ഞാനനുഭവിക്കുന്ന വേദന ഒരു പക്ഷെ അവളുടെ സ്നേഹം കാണാഞ്ഞതിനു ദൈവം തന്ന ശിക്ഷയായിരിക്കാം.
നീണ്ട പതിനഞ്ചു വര്‍ഷത്തിലധികമായി ഞാനവളെ തേടുന്നു.....ഒന്നിനുമല്ല.....ഒരു നോക്ക് .......ഒരു നോക്ക് കാണാന്‍ മാത്രം.

             എന്നിനി കാണാം....എനിക്കറിയില്ല.അമ്മ പറഞ്ഞത് പോലെ ഈ പുസ്തകങ്ങളും കെട്ടിപ്പിടിച്ച് ഇനിയുമൊരു പതിനഞ്ചു വര്ഷം, അല്ലെങ്കില്‍ അതിലുമപ്പുറം തിരയും ഞാന്‍....ആ കണ്ണുകളന്നെന്തു  പറയാന്‍ ശ്രമിച്ചെന്നറിയാന്‍........



Picture courtesy : shewrites.com