ഇലമരച്ചില്ലയില്‍

March 23, 2013

മൂന്ന് കുഞ്ഞന്‍ കവിതകള്‍

വെയില്‍ച്ചൂട്
~~~~~~~~~~
നിശബ്തതയുടെ കുടയും ചൂടി
അവളെന്നെ കടന്നുപോയപ്പോള്‍
നിരാശയുടെ വെയില്‍ചൂടേറ്റു
ഞാന്‍ ഉരുകിയൊലിക്കുകയായിരുന്നു.














ആന്ഗ്രി ബേര്‍ഡ്
~~~~~~~~~~~~~~
മുറ്റത്തെ ചാമ്പമരത്തില്‍
കലപില കരയും പക്ഷികളെ നോക്കി
കണ്ട്രി ബേര്‍ഡ്സ് എന്നും പറഞ്ഞ്
മോന്‍ അകത്തേക്കുപോയി ;
ആന്ഗ്രി ബേര്‍ഡ് കളിക്കാന്‍.
ഞാനെന്‍റെ ബാല്യമോര്‍ത്തൂ
നിശബ്ദം , ഒരിത്തിരി നേരം.









കുപ്പിവളകള്‍
~~~~~~~~~~~
പൊട്ടിച്ചിരിക്കാത്ത പെണ്ണിനു
ഞാന്‍ കുറേ
പൊട്ടിച്ചിരിക്കും  കുപ്പിവളകള്‍
സമ്മാനിച്ചു.











Picture courtesy :www.mygola.com, www.commons.wikimedia.org & www.etsy.com

March 19, 2013

എന്‍റെ - ഫേസ്ബുക്ക്‌ - വട്ടു ചിന്തകള്‍

















ഫേസ്ബുക്ക്‌

അതി വിചിത്രമായ ഒരു നാല്‍ക്കവല തന്നെ !!
ചിലരിവിടെ എന്തിനോ വേണ്ടി,

ആര്‍ക്കോവേണ്ടി കാത്തുനില്‍ക്കും 

പാതിരാവോളം.

പിന്നെ തീവ്രനിരാശയാല്‍ തിരിച്ചു പോകും;

നാളെ

വീണ്ടും വന്നു കാത്തിരിക്കാന്‍.

മറ്റു ചിലരുണ്ട്
ഫോട്ടോഷോപ്പിനാല്‍ ദ്രംഷ്ടകള്‍
ചെത്തി മിനുക്കി ചിരിച്ചു കൊണ്ട്
മൃദുവായ് മതം പറഞ്ഞ്
തീവ്രതയെന്ന വിഷദംശനമേകാന്‍.
കൂട്ടത്തില്‍ വേറെയും ഒരുപാടുപേര്‍
വന്ന് നില്‍ക്കും ഈ കവലയില്‍
ബോഡി വേസ്റ്റും
 , വിശ്വാസങ്ങളുമൊക്കെ
ആകര്‍ഷകമായ പൊതികളിലാക്കി
വില്‍ക്കാനും,
 വിലപേശാനും.

വേറെയും ചിലര്‍ മറഞ്ഞിരിപ്പുണ്ട്,
കവല മുഴുവന്‍ ഞാന്നാടി
വലയുടെ വിസ്താരം നാള്‍ക്കുനാള്‍ കൂട്ടി
ചിലന്തിയെപ്പോലെ ചുറ്റിവരിഞ്ഞ്
അബലകളെ വീഴ്ത്താന്‍,
ബന്ധങ്ങള്‍ ശിഥിലമാക്കി കണ്ണീരു വീഴ്ത്താന്‍.

ഇനിയും ചിലര്‍
പ്രണയത്തിന്‍റെ താഴ്വരയില്‍
പണ്ടെന്നോ അപ്രത്യക്ഷനായ
പ്രിയനിതിലേ വരുമൊരുനാളെന്നു കരുതി
പച്ച വിളക്കും കത്തിച്ചു പിടിച്ച്
കണ്ണില്‍ വിരഹത്തിന്റെ എണ്ണയും ഒഴിച്ച്.

പോയ്പ്പോയ സൌഹൃദങ്ങള്‍ പൊടിതട്ടിയെടുത്ത്

വിളക്കുകാലില്‍ ചാരി ഓര്‍മ്മകള്‍ അയവിറക്കുന്നവര്‍

ഒരുപാടുണ്ടീ കവലയില്‍ ദ്രുത കാഴ്ചയില്‍ പെടാതെ. 


ഇതിലൊന്നും ശ്രദ്ധിക്കാതെ രാഷ്ട്രീയം പറഞ്ഞ്
നേരില്‍ കാണാതെ തമ്മില്‍ തല്ലുന്ന ചിലര്‍,
ഇഷ്ട താരങ്ങളുടെ അപ്പ്‌ഡേഷനുകള്‍ നോക്കി
ആവേശ തിരയിളക്കുന്നവര്‍,
ആരാധിച്ചാരാധിച്ച് നേരം കളയുന്നു.

കവലയിലെ ചായക്കടച്ചുമരിലെ
സിനിമാ പോസ്റ്ററു നോക്കുന്നപോലെ
പ്രശസ്ത സ്റ്റാറ്റസ് പുണ്യാളരുടെ
വാളുകള്‍ തോറും ചിലര്‍
ലൈക്കുകളും കമെന്റുകളുമായി
മത്സരിച്ച്.

ചിലര്‍ സ്ത്രീകളെ നന്നാക്കാനും,
വസ്ത്രധാരണം പഠിപ്പിക്കാനുമായി,
സ്വന്തം നേരം മെനക്കെടുത്തുമ്പോള്‍
സ്ത്രീകള്‍ അവരെ നോക്കി അടക്കി ചിരിക്കുന്നു.
ഈ മൊണ്ണകള്‍ക്കൊന്നും ഇനിയും
നേരം വെളുത്തില്ലേ എന്നോര്‍ത്ത്.

കറികള്‍ വച്ചും അടുക്കള കഥപറഞ്ഞും
വാളുകളില്‍ നിന്നു വാളുകളില്‍ പോയി
സ്ത്രീകള്‍ കലപില കൂട്ടുമ്പോള്‍
കറിയാണോ കലക്ക വെള്ളമാണോ എന്ന് തിട്ടമില്ലാത്ത
എന്തോ ചേരുവകളില്‍ കുത്തി
കുബ്ബൂസ് തിന്നുന്ന പ്രവാസി,
തന്നുടെ നൊമ്പരം പറയുന്നത് കണ്ട്
കണ്ണീര്‍ തൂവുന്നത് പ്രവാസം അറിഞ്ഞവര്‍ മാത്രം,
അവരുടെ പ്രവാസത്തിന്‍റെ ഗുണഭോക്താക്കള്‍
ഇതെല്ലാം കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച്.

ചിലര്‍ കൈനീട്ടും മുന്നില്‍ വന്ന്,
അവര്‍ക്കുവേണ്ടിയല്ല;
 വേദനിക്കുന്ന
ഏതോ ഒരു കുടുംബത്തിനുവേണ്ടി.
അതുകണ്ടാല്‍ പലരും മുഖം തിരിക്കും
എന്നിട്ട് വരട്ടു തത്വ ശാസ്ത്രങ്ങള്‍ പ്രസംഗിക്കും,
സോമാലിയയിലെ പട്ടിണിയും
അറബി നാട്ടിലെ ഭക്ഷണ ധൂര്‍ത്തും പറഞ്ഞു വിലപിക്കും.

ഭൂഗോളത്തിന്റെ അങ്ങേ തലയ്ക്കല്‍ ഇരുട്ടും
ഇങ്ങേ തലയ്ക്കല്‍ പകലുമാകുമ്പോഴും
ഇവരെല്ലാം ആളൊഴിയാത്ത ഈ
കവലയില്‍ തന്നെ തിക്കിത്തിരക്കുന്നു !
 
ഇതിലൊന്നും പെടാതെ
ആരെന്നും എന്തെന്നും അറിയാതെ,
പറയാതെ ചിലര്‍ .
ആ കൂട്ടത്തിലാണോ അല്ലയോ
എന്നറിയില്ലെങ്കിലും ഞാനും നോക്കുന്നു
എനിക്ക് കിട്ടിയ ലൈക്‌ എത്ര
 ,
കമെന്റ്സ് എത്ര. !!



Photo Courtesy: drshahidzor.blogspot.com & FB. (edited by myself)


March 15, 2013

കുമാരനാണ് താരം !

                











          ഈ
 
പ്രാവശ്യം നാട്ടിലേക്ക് പോയപ്പോള്‍  എയര്‍പോര്‍ട്ടില്‍നിന്നും വീട്ടിലേക്കുള്ള യാത്രയില്‍ നാട്ടില്‍ ചെന്നാല്‍ കാണേണ്ട പ്രധാനികളുടെ വിവരങ്ങള്‍ അപ്ഡേറ്റ്‌ ചെയ്യുന്ന കൂട്ടത്തിലാണ് ഇ.എം.എസ് കുമാരേട്ടന്‍‍ നാട്ടിലെ താരമായ വാര്‍ത്ത അനിയന്‍ പറഞ്ഞത്.

       എന്‍റെ കൊച്ചുഗ്രാമത്തിലെ എല്ലാ അലുക്കുലുത്തുകളും,  ആരാന്‍റെ അതുമിതും പറയുന്നതൊഴികെ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത  സകലകുലാബി വിജ്ഞാനകോശങ്ങളും  അടിഞ്ഞു കൂടുന്ന പോക്കറുമാപ്പിളയുടെ പീടികത്തിണ്ണയിലെ കല്ലുപ്പപെട്ടിക്കു മുകളിലും,വായനശാലയ്ക്ക് മുന്‍പിലെ പാറമേലും പത്രവും നിവര്‍ത്തിപ്പിടിച്ചിരിക്കുന്ന കുമാരേട്ടനെ കണ്ടാണ് ഞാനും വളര്‍ന്നത്‌.


           എന്‍റെ കുട്ടിക്കാലത്ത് പീടികയില്‍ വരുന്ന എതിര്‍കക്ഷിക്കാരോട് ഉച്ചത്തില്‍ വാദിക്കുന്ന കുമാരേട്ടന്‍റെ വായില്‍ക്കൊള്ളാത്ത വര്‍ത്താനങ്ങള്‍ കേട്ട് വാങ്ങാന്‍ വന്ന സാധനങ്ങളുടെ പേരുപോലും മറന്ന് പലപ്പോഴും ഞാനും നിന്നുപോയിട്ടുണ്ട് ശ്രോതാവായി.മറുഭാഗത്ത്‌ ലീഗുകാരാണെങ്കില്‍ പെട്ടത് തന്നെ.അറാമ്പള്ളി അമ്പലത്തിലെ കോമരത്തെക്കാളും  വലിയ ഉറച്ചില് കാണാം.കേള്‍ക്കാന്‍ ആള് കൂടുന്നതുകണ്ടാല്‍ കച്ചവടം തടസ്സപ്പെടുന്നതുപോലും കുമാരേട്ടന് വിഷയമാല്ലാതായി മാറും.പലപ്പോഴും അതൊക്കെ പോക്കറുമാപ്പിളയും ആസ്വദിക്കാറുണ്ട് എന്നതായിരുന്നു സത്യം.


           പത്രങ്ങളും പാര്‍ട്ടി ക്ലാസുകളും അരച്ചുകലക്കി മനപ്പാഠമാക്കി ഭ്രാന്തമായ ആവേശത്തോടെ തന്‍റെ രാഷ്ട്രീയ എതിരാളികളെ വായടപ്പിക്കുന്ന കുമാരേട്ടന് ഒരിത്തിരി നൊസ്സുണ്ടെന്ന്‍ എനിക്കു മനസ്സിലായത്‌ പിന്നെയും ഇത്തിരി വലുതായ ശേഷമാണ്. എന്നിട്ടും ഞങ്ങളെല്ലാം കുമാരേട്ടന്റെ ഫാന്‍സ്‌ ആയിരുന്നു. പക്ഷെ പല ഘട്ടങ്ങളിലും അദ്ധേഹത്തിന്റെ വട്ടന്‍ ബുദ്ധി ഞങ്ങള്‍ക്കൊക്കെ പാരയുമായിട്ടുണ്ട്.

      "എടാ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍ കല്യാണം കയിച്ചാപ്പിന്നെ ഓന് പാര്‍ട്ടിയോടും നാട്ടിനോടും ഉള്ള താല്പര്യം പോവും.ഇഞ്ഞി* കേട്ടിട്ടില്ലേ ഇമ്മളെ നേതാവ് ബടഗര* ഉള്ള എം.കെ കേളുവേട്ടനെപ്പറ്റി... ഓരൊന്നും കല്യാണം കയിച്ചിട്ടില്ല...ഹതാണ്..!! 

             
ഹതാണ്‌ കുമാരേട്ടന്‍ ....! തന്റെ സ്ക്രൂ കുറച്ച് ലൂസ് ആയതുകൊണ്ടും, പിന്നെ പ്രത്യേകിച്ച് വേലയും കൂലിയും ഒന്നും ഇല്ലാത്തതുകൊണ്ടുമാണ് പെണ്ണ് കിട്ടാത്തത് എന്ന് മൂപ്പര്‍ സമ്മതിക്കില്ല.എന്നാലും രാഷ്ട്രീയ ചര്‍ച്ചകളില്‍ (വധങ്ങളില്) സംസാരിക്കുന്നത് കണ്ടാല്‍ അത്ഭുതപ്പെടും,എവിടുന്നാണീ സ്ക്രൂ ഇളകിയ തലയില്‍ ഇത്രേം കാര്യങ്ങള്‍ നിറച്ചു വച്ചതെന്ന്..!


          
ഒരിക്കല്‍ അച്ഛമ്മ പറഞ്ഞതോര്‍മയുണ്ട്  "പുറമേരിയെ കുഞ്ഞാലിയെപ്പോലെ ഓനും പഠിച്ചു പഠിച്ചു ചൂടായിപ്പോയതാ"എന്ന്. ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്താണ് ആരാണീ കുഞ്ഞാലി എന്നു മനസ്സിലായത്‌..ബസ്‌ കാത്തു നില്‍ക്കുന്ന കുട്ടികളോട് ഇന്ഗ്ലീഷിലും ഹിന്ദിയിലും ഒക്കെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്ന നീണ്ടു മെലിഞ്ഞു ചടച്ച രൂപം.ഒരിക്കല്‍ ആരോ പറഞ്ഞു അതാണ്‌ കുഞ്ഞാലി എന്ന്. പെണ്‍കുട്ടികളുടെയിടയില്‍ വച്ച് വല്ല ചോദ്യവും ചോദിച്ചാല്‍ നാറിപ്പോകാതിരിക്കാന്‍ കുഞ്ഞാലിയുടെ തലവെട്ടം കണ്ടാല്‍ മുങ്ങുന്ന കൂട്ടത്തില്‍ തന്നെയായിരുന്നു എന്റെയും സ്ഥാനം.പക്ഷേ കുഞ്ഞാലിക്കു പഠനസംബന്ധിയായ കാര്യങ്ങള്‍ ചോദിക്കുന്നതിലായിരുന്നു  ഭ്രാന്തെങ്കില്‍, കുമാരേട്ടന് രാഷ്ട്രീയ സംവാദമെന്ന പ്രാന്തും എന്നതാണ് വ്യത്യാസം.

            
ഇ.എം.എസ് ആണ് കുമാരേട്ടന്റെ പ്രിയപ്പെട്ട നേതാവ്.ആ ആരാധനയാണ് വട്ടന്‍ കുമാരന്‍ എന്ന ഇരട്ടപ്പേരു മാറി  ഇ.എം.എസ് കുമാരന്‍ എന്നാവാന്‍ കാരണം.അത് അരക്കിട്ടുറപ്പിക്കുന്ന പല സംഭവങ്ങളും ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ക്ക് കാണാനും പറ്റാറുണ്ട്.

           ഹാജ്യാരെ ഇങ്ങള് വേറെ എന്തും പറഞ്ഞോ, പക്ഷെ ഇങ്ങള് ഓറപ്പറ്റി തമാശ പറഞ്ഞാല്‍ അത് ഞാന്‍ സമ്മതിക്കൂല്ല....ഒന്നൂല്ലേല് ഇങ്ങളെ പാര്‍ട്ടിക്ക് വളരാനായി ഒരു ജില്ല തന്നെ അനുവദിച്ചു തന്നതല്ലേ ഞമ്മളെ സഖാവ്? ഇങ്ങളങ്ങ് നിര്‍ത്തിക്കളയിന്‍ ആ പറച്ചില്‍...

             "മൂരിയെറച്ചി തിന്ന ബുദ്ധീം കൊണ്ട് ഇനി എന്തെങ്കിലും എന്‍റെ സഖാവിനെപ്പറ്റി മിണ്ട്യാ ഇന്റെ പല്ല് ഞാ കയിക്കും ചെറ്റേ...” എന്നൊരു ഡയലോഗും വിട്ടു ഒറ്റ നടത്തമാണ് മൂപ്പര്‍.

തിളയ്ക്കുന്ന ചായ വീണു പൊള്ളിയ മുഖവുമായി അന്ത്രുഹാജിയും കൂടെ കടയിലുണ്ടായിരുന്ന ബാക്കി കഥാപാത്രങ്ങളും പുറത്തേക്കിറങ്ങി.
അന്ന്
  ടീവി ചാനലുകളുടെ ബാഹുല്യം നാട്ടിന്‍പുറത്തില്ലാതതുകൊണ്ട് ഈ വിഷയം ഒരു ബ്രേക്കിംഗ് സ്റ്റോറി ആയി ആരുമിട്ടലക്കിയില്ല...അതുകൊണ്ട് ലോകം ഇടിഞ്ഞുപൊളിഞ്ഞു വീണുമില്ല...

            ഈ പല്ലവി കേട്ടുകേട്ടു മടുത്തപ്പോഴാണല്ലോ (അല്ലാതെ സാമൂഹിക സേവനത്തിനിടയില്‍ വിഘ്നം വന്നിട്ടല്ല) ബൂര്‍ഷ്വകളും , പെറ്റി ബൂര്‍ഷ്വകളും തിങ്ങിപ്പാര്‍ക്കുന്ന അറബി നാട്ടിലേക്ക് വണ്ടി പിടിച്ചത്.അങ്ങനെ പലതും മറക്കുന്ന കൂട്ടത്തില്‍ കുമാരേട്ടനെയും മറന്നു...ഇതാ ഇപ്പോള്‍ കുമാരേട്ടന്‍ താരമായി പോലും...എങ്ങനെ ?

          പ്രായമൊരുപാടായിട്ടും എന്താണ് കല്യാണം കഴിക്കാത്തത് എന്നു ഒരിക്കല്‍  ചോദിച്ചപ്പോള്‍ ആരെയും വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ഉത്തരമാണ് എനിക്കു കിട്ടിയത്.


  "എടാ ചെക്കാ ഇനിക്കിതൊന്നും* തിരിഞ്ഞിറ്റില്ലേ* ഇതുവരെ?"

എന്തെയ്നും?


             ഒരിക്കല്‍ കടയില്‍ പതിവ് രാഷ്ട്രീയം പറയുന്നതിനിടയില്‍ കോമത്തെ അന്ത്രുഹാജി കുമാരേട്ടനെ ചൂടാക്കാന്‍ വേണ്ടി ഇ.എം.എസ്സിനെ കളിയാക്കി.കുമാരേട്ടന്‍ പതിവ് ശൈലിയില്‍ മറുപടികള്‍ പറഞ്ഞു കത്തിക്കയറുന്നതിനിടയിലായിരുന്നു ആ പരിഹാസം.



           വീണ്ടും കളിയാക്കിക്കൊണ്ടിരുന്ന അന്ത്രു ഹാജിയുടെ മുഖത്തേക്ക് കയ്യിലിരുന്ന ചൂടുചായ ഒരൊറ്റ വീശലായിരുന്നു കുമാരേട്ടന്‍ .


ഓന്‍റെ പിരാന്ത് ഇങ്ങക്കറിഞ്ഞൂടെ... പറ്റ്യേത് പറ്റി....കൊറച്ചൊരു കഥ മാണ്ടേ ഓനോട്‌ കളിക്കുമ്മം....” 
ഒസ്സാന്‍ അമ്മദ് അന്ത്രു ഹാജിയെ ആശ്വസിപ്പിച്ചു.


   ന്റെ പടച്ചോനെ......ബൈന്നേരം വാല്യക്കാര് അറിഞ്ഞുവന്നാല്‍   ഇബ്ടെ എന്തെങ്കിലും നടക്കും. അയിലും മുന്നേ തടി തപ്പാം ” എന്നും പറഞ്ഞ് പോക്കറ് മാപ്പിള വേഗം നിരപ്പലകള്‍ ഇട്ടു കട പൂട്ടി സ്ഥലം കാലിയാക്കി.



     ലീഗുകാരും, മാര്‍കിസ്റ്റുകാരും പഴയപടി ചായകുടിക്കുമ്പോള്‍ രാഷ്ട്രീയം പറഞ്ഞും, തെരഞ്ഞെടുപ്പുകളില്‍ പരസ്പരം തെറിവിളിച്ചും,കൈക്കരുത്തും പണക്കരുത്തും കാണിച്ചും നിലകൊണ്ടുപോന്നു.



            പലപ്പോഴും ശുദ്ധന്‍ ക്രൂരന്റെ ഫലം ചെയ്യും എന്നു പറയുംപോലെയാണ് ഞങ്ങളുടെയൊക്കെ കാര്യത്തില്‍ കുമാരേട്ടന്‍ വന്നു ചാടുക.ഒരിക്കല്‍ പടിക്കല്‍ സന്തോഷിന്‍റെ വീട്ടില്‍ ചെന്ന കുമാരേട്ടന്‍ അവന്‍റെ പെങ്ങളോടു ഒരു ചോദ്യമായിരുന്നു.


എല്ലെടോ സീനേ ഇന്നല ഓര്‍ക്കാട്ടേരി ചന്തേന്ന്*   ഇന്‍റെ ഏട്ടന്‍ വാങ്ങ്യ   വളയൊന്നും ഇന്‍റെ കയ്യിമ്മല്‍ കാണുന്നില്ലല്ലോ ?


          ആ ഒരൊറ്റ ചോദ്യമായിരുന്നു സന്തോഷിന്‍റെ നാടുകടത്തലിനു കാരണമായതെന്ന്‍ ഇന്നോര്‍ക്കുമ്പോള്‍ ചിരിക്കു വക നല്കുന്നതാണ്. അതിനുശേഷമാണല്ലോ കമ്മ്യൂണിസ്റ്റുകാരനായ കുമാരേട്ടന്‍ പാരയാവാത്ത ഏക സ്ഥലമായ അമ്പലത്തിലേക്ക് ഞങ്ങളില്‍ പലരും കൂടിക്കാഴ്ചകള്‍  മാറ്റിയത്.


       എന്നിട്ടും ഞങ്ങളുടെ പല പരിപാടികളും എല്ലാവരുടെയും വീടുകളില്‍ കൃത്യമായി അറിയുന്നതിന്റെ ഉറവിടം കുമാരേട്ടനാണെന്ന് പാര്‍ട്ടിരഹസ്യം പോലെ വീട്ടുകാര്‍ സൂക്ഷിച്ചതുകൊണ്ട് ഞങ്ങള്‍ കൂട്ടുകാര്‍ തമ്മില്‍ തമ്മില്‍ സംശയത്തിന്‍റെ പേരില്‍ വഴക്കുണ്ടാക്കിയിട്ടുണ്ട് പലപ്പോഴും.അതുപോലെ ഓരോ ജോലിക്കും കയറി കുറച്ചുകാലംകൊണ്ട് തന്നെ ബോറടിച്ചു അത് നിര്‍ത്തി കൂട്ടുകാരുമൊത്ത് ‘സാമൂഹികസേവനത്തിനിറങ്ങുമ്പോള്‍ ‘ അമ്മ പറയും


      "ഇഞ്ഞി പിന്നേം കുമാരന് പഠിച്ചോ...അതാ നല്ലത്.ഓന്‍ ചാവുമ്പോ ഒരാള് മാണ്ടേ* പകരക്കാരനായിറ്റ്‌"




          റിട്ടയര്‍ ആയ ശേഷം അയല്‍പക്കത്തെ പ്രേമന്‍ മാഷ്‌ അല്ലറ ചില്ലറ കോണ്‍ട്രാക്റ്റ്‌ പണികളൊക്കെ ഏറ്റെടുത്ത് നടത്തുന്നത് മുന്‍പ് വിളിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞിരുന്നു.കുമാരേട്ടന്‍ താരമായതും ആ കോണ്‍ട്രാക്റ്റ്‌ കമ്പനിയിലൂടെയായിരുന്നു.


         ഒരിക്കല്‍ പഞ്ചായത്ത് റോഡിന്‍റെ പണിക്ക് ആളു തികയാഞ്ഞപ്പോള്‍ മാഷ്‌ കുമാരേട്ടനെയും കൊണ്ടുപോയത്രെ. ഒരിത്തിരി പിരി കുറവുള്ളത് മാഷിന് അറിയാവുന്നതിനാല്‍ എളുപ്പമുള്ള പണിയാണ് കൊടുത്തത്.റോഡിന്റെ ഒരു വശത്തുനിന്നും വാഹനങ്ങളെ നിയന്ത്രിക്കുക.രണ്ടു കൊടികളും കൊടുത്തു മാഷ്‌ കുമാരേട്ടനെ അപ്പുറത്തെ വളവിലേക്ക് പറഞ്ഞു വിട്ടു.പോകുമ്പോള്‍ ആ ഭാഗത്ത്‌ നിന്നും വരുന്ന വണ്ടികളെ നിര്‍ത്താനും പറഞ്ഞു.

            മറുഭാഗം ക്ലിയര്‍ ആയി ഏറെ നേരം കഴിഞ്ഞിട്ടും കുമാരേട്ടന്റെ ഭാഗത്തുനിന്നും വണ്ടികളൊന്നും വരാഞ്ഞ് മാഷ്‌ ചെന്ന് നോക്കിയപ്പോള്‍ കണ്ടത് അഞ്ചു പത്തു വണ്ടികളും, ചുകന്ന കൊടി ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന കുമാരേട്ടനെയുമാണ്.

കുമാരാ......... ഒരൊറ്റ അലര്‍ച്ചയായിരുന്നു മാഷ്‌.


"ഇനിക്കെന്താടാ പെരാന്ത് മൂത്തോ... ഇഞ്ഞി ആ പച്ചക്കൊടി കാണിച്ച് വണ്ടിയെല്ലം ഒഴിവാക്കെടോ"

മാഷിനെ ഒന്നു തറപ്പിച്ചു നോക്കിയ ശേഷം രണ്ടു കൊടികളും കയ്യില്‍ വച്ചുകൊടുത്ത് കുമാരേട്ടന്‍ ഒരൊറ്റ കാച്ചായിരുന്നു.


           "ഞ്ഞാ* കയ്യൊണ്ട് ആങ്ങ്യം* കാണിച്ചേരം പോണോരിക്കു പൂവാരുന്നില്ലേ*? 
മാഷേ ഇങ്ങക്കറിയാല്ലോ ഓര്‍മ്മവെച്ച കാലം മൊതല് ഞാള് പിടിച്ചത് ചെങ്കൊടിയാ...ഇനീപ്പം എന്തിന്‍റെ പേരിലായാലും മാണ്ടൂല്ല* അത് താത്തീറ്റ്* മൂരിയെറച്ചി തിന്നുന്ന പഹയന്മാരെ പച്ചക്കൊടി ഞാന്‍ പൊന്തിക്കൂല്ല....ഇപ്പണി എന്നെക്കൊണ്ടാവൂല്ല.


           കിട്ടിയ ജോലിയും കളഞ്ഞു  തന്റെ കൊടിയോടുള്ള കൂറും പ്രഖ്യാപിച്ച് കയ്യും വീശി നടക്കുന്ന കുമാരേട്ടനെ നോക്കി തലയില്‍ കയ്യും വച്ച് മാഷ്‌  നിന്നുപോയി. അങ്ങനെ കുമാരേട്ടന് അന്നുമുതല്‍ ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലെ താരമായി മാറി.
















*ഇനിക്കിതൊന്നും = നിനക്കിതൊന്നും.
*തിരിഞ്ഞിറ്റില്ലേ = മനസ്സിലായിട്ടില്ലേ.
*ഇഞ്ഞി = നീ.
*ബടഗര = വടകര.
*ഓര്‍ക്കാട്ടേരി ചന്ത = വടക്കേ മലബാറിലെ പ്രശസ്തമായ കന്നുകാലി ചന്ത. 
*മാണ്ടേ = വേണ്ടേ.
*ഞ്ഞാ = ഞാന്‍.
*ആങ്ങ്യം = ആഗ്യം.
*പൂവാരുന്നില്ലേ = പോകാമായിരുന്നില്ലേ. 
*താത്തീറ്റ് = താഴ്ത്തിയിട്ട്‌.
*മാണ്ടൂല്ല = വേണ്ടില്ല.


     
ഈ കഥ 'മ' ബ്ലോഗേഴ്സ് ഗ്രൂപ്പിന്‍റെ പ്രസിദ്ധീകരണമായ മഴവില്ല് മാഗസിന്‍ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചതാണ്.


 Picture  courtesy: boolokam.com 




March 12, 2013

ഉടഞ്ഞുപോയവര്‍















റയാറില്ലേ ഞാനെപ്പോഴും
തെരുവുവിളക്കുകള്‍ എറിഞ്ഞുടയ്ക്കരുതെന്ന്‍ ?

കേള്‍ക്കാന്‍ താല്പര്യമില്ലാത്തതിനാല്‍

ഉന്നമില്ലാത്തവനെന്ന പരിഹാസത്താല്‍

നിങ്ങളെന്നെ എന്നും നിശബ്ദനാക്കി.


യുവത്വത്തിന്‍റെ തിളപ്പില്‍

ചെയ്തുകൂട്ടുന്നതെല്ലാം നിങ്ങള്‍തന്‍ ദൃഷ്ടിയില്‍

നിസ്സാരമാം തമാശകളായിരുന്നു.

പക്ഷെ അതങ്ങനെയല്ലെന്ന്

നാമെത്രവട്ടം കാണേണ്ടി വന്നു. !


ഒരിക്കല്‍

അറക്കലുത്സവം* കഴിഞ്ഞു മടങ്ങുമ്പോള്‍

ആല്‍ത്തറയ്ക്കു വെട്ടമേകിയ തെരുവ് വിളക്ക്

നിങ്ങളുടെ ഉന്നത്തില്‍ മൃതിയടഞ്ഞതിന്‍ പിറ്റേന്ന്

കാവിലെ സര്‍പ്പമെടുത്ത പാണന്‍ കേളന്റെ

നീലിച്ച ദേഹം കണ്ട് നിങ്ങള്‍ മാറിയോ ?


ഇല്ല ; മാറിയില്ല.

ഞൊടിയിടയില്‍ എന്തും മറക്കും പ്രായം... 

നിങ്ങളതും മറന്നു.


പ്രിയനായകന്‍റെ സിനിമ

പ്രതീക്ഷ തകര്‍ത്തപ്പോള്‍

നിങ്ങള്‍ വീണ്ടും പ്രതിഷേധിച്ചു;

കവലയില്‍ ഇരുള്‍മൂടിയ അന്നാണല്ലോ

നമ്മുടെ പ്രിയപ്പെട്ടവനെയവര്‍

വടിവാളിനാല്‍ തീര്‍ത്തുകളഞ്ഞത്.


പിന്നെയും പലപ്പോഴായ്‌

തെരുവ് വിളക്കുകള്‍ ഉടഞ്ഞു വീണുകൊണ്ടേയിരുന്നു.

അങ്ങു ദൂരെ ഉത്തരേന്ത്യന്‍ വീഥികളില്‍ പോലും

മനുഷ്യത്വത്തിന്റെ വിളക്കുകളണഞ്ഞപ്പോള്‍

എന്‍റെ മനസ്സു പിടഞ്ഞുപോയി.


നിലവിളികള്‍ ഇരുള്‍ പിളര്‍ന്നു വന്നലച്ചെന്റെ

നിദ്രകള്‍ അപഹരിച്ചനസ്യൂതം.

ഒടുക്കം എന്നില്‍ അസ്വസ്ഥതകളുടെ

തീ കോരിയിട്ട് ഒരു വാര്‍ത്തകൂടി..


നമ്മുടെ പതിവു കാഴ്ച്ചയായിരുന്നു 

പകലിന്‍റെ തീച്ചൂടേറ്റു തളര്‍ന്ന

നിരത്തുറങ്ങുമ്പോളതിന്നരികുപറ്റി

കൂനിപ്പിടിച്ചിരുന്ന കടത്തിണ്ണയിലെ

കീറത്തുണ്ടില്‍ അഭയം തേടുന്ന ; 

കൌമാരമാറും മുന്‍പേ അമ്മവേഷമേറ്റിയൊരാ

പാവം നാടോടി പെണ്ണ്.


തൊട്ടരികിലായ് വിരല്‍ നുണഞ്ഞമ്മ-

യോടൊട്ടിയൊരിളം പൈതല്‍ ,

മാവും മാമ്പൂവും പിന്നെ, പൂവും പൂമ്പാറ്റയു-

മെന്തെന്നറിയാത്തൊരാമ്പല്‍ മൊട്ട് ;

എന്‍ കുഞ്ഞാവതന്‍ പ്രായക്കാരി.


അന്നൊരുനാള്‍

ഒരിരുകാലിമൃഗമാ മൊട്ടിനെ

കടിച്ചു കുടഞ്ഞപ്പോളാരുമറിഞ്ഞില്ല...

എന്തെന്നാല്‍...

എന്നുമവള്‍ക്ക് വെളിച്ചത്തിന്‍

കരുതല്‍ നല്‍കിയ തെരുവുവിളക്ക്

അവളുടയും മുന്‍പേ

നിങ്ങളിലാരോ എറിഞ്ഞുടച്ചിരുന്നു.




 *അറക്കലുത്സവം = വടകരയിലും പരിസര പ്രദേശങ്ങളിലും അറിയപ്പെടുന്ന അറക്കല്‍ ക്ഷേത്രത്തിലെ പൂര മഹോത്സവം.ഇവിടുത്തെ വെടിക്കെട്ട് പ്രസിദ്ധമാണ്.


Picture courtesy:beingisgood.blogspot.com 

March 9, 2013

വിളക്കുകള്‍ പറയാഞ്ഞത്


പാതിചാരിയെന്‍ യൌവനത്തിന്‍
വാതില്‍ താണ്ടി നീ വരുന്നതും
കാത്തു ഞാനൊട്ടു നാളുകള്‍ പ്രിയേ
ആര്‍ത്തമാമെന്‍ ദേഹിയോടൊത്ത്.

കാറ്റിലാടിക്കെടും വിളക്കുകള്‍
കൂരിരുട്ടിന്‍ നെഞ്ചിലേക്കമരുമ്പോള്‍
കാല്‍ത്തളക്കിലുക്കം ശ്രവിക്കുവാന്‍
ബധിര കര്‍ണത്തിന്‍ വിഫലമാം ശ്രമം.

നീ വരില്ലെന്നറിയാം വിളക്കുകള-
വരതോതാതെ മാഞ്ഞതെന്താവാം ?
നെഞ്ചകം പൊടിയുമെന്‍ നോവു
കാണ്മുവാന്‍ കെല്‍പ്പതില്ലാഞ്ഞതിന്നാലോ ? 




Picture courtesy : Jozef Israëls - Overpeinzing
 

March 1, 2013

വീരന്‍














 



നെറുകയില്‍ ചാട്ടുളിയേറ്റു പിടയുമ്പോഴും 
ഞാനഭിമാനിക്കുന്നു, 
കേവലമൊരു മീനല്ല ഞാന്‍ ;
സ്രാവാണീ കടലിലെ വീരനാണ്.




Picture courtesy : sharktooth-jewelry.com