ഇലമരച്ചില്ലയില്‍

June 25, 2015

ഓര്‍മ്മകളവസാനിക്കുന്നില്ല....ഈ യാത്രയും.


ഒരു കയറ്റത്തിനപ്പുറം മരണമെന്ന താഴ്വാരമാണെന്ന് കരുതി, തോളുകള്‍ താഴ്ത്തി, തല കുനിച്ച്, ഒരു പരാജിതന്റെ എല്ലാ അടയാളങ്ങളോടുംകൂടി...ചുറ്റിലുമുണ്ടായിരുന്ന വര്‍ണ്ണാഭമായ ലോകത്തെ ഒരപരിചിതനെപ്പോലെ നോക്കി മറന്ന്...ശൂന്യമായ മനസ്സുമായി നടക്കുമ്പോള്‍ .....അന്നായിരുന്നുവത് ...!
ഓര്‍ക്കുന്നുണ്ടോ നീ ??
ഓര്‍മ്മകള്‍ കെട്ടുപിണഞ്ഞുപോയിരിക്കുന്നു... ഈ ജീവിത സായന്തനത്തില്‍ ഒന്നും അനുക്രമത്തില്‍ പറയാന്‍പോലും ആവതില്ലെനിക്ക്.
അടുത്തെത്താറായ താഴ്വാരത്തിലേയ്ക്ക് നടത്തയവസാനിക്കുംമുന്‍പേ വഴിയിലെ തണലില്‍ അല്‍പനേരം ഇരിക്കാന്‍ തുടങ്ങിയതായിരുന്നു ഞാന്‍ ...അപ്പോളാണ് ആ പച്ചപ്പിന്‍റെ അങ്ങേ തലയ്ക്കല്‍നിന്നും നീ പ്രത്യക്ഷപ്പെട്ടത്. ചുകന്ന കസവുടുപ്പായിരുന്നു നിന്റേതെന്നാണെന്റെ ഓര്‍മ്മ... മഞ്ഞിന്റെ നേരിയ പാളികളാല്‍ അവ്യക്തമായിരുന്നു നിന്‍റെ മുഖമപ്പോള്‍ ! നിന്‍റെ വരവറിയിക്കാനായിരുന്നു എങ്ങുനിന്നോ മഞ്ഞമന്ദാരങ്ങള്‍ അന്ന് എന്നിലേയ്ക്കടര്‍ന്നുവീണതെന്ന് നമ്മളൊരുമിച്ചു നടക്കാന്‍ തുടങ്ങിയതുമുതലിങ്ങോട്ട് ഞാനറിയുന്നുവല്ലോ...നിന്നെ സ്നേഹിക്കുന്ന പ്രകൃതിയുടെ പലബിംബങ്ങളും എന്നിലാരാധന മാത്രമാണല്ലോ എന്നും നിറച്ചത്.
എന്നിട്ടും...എന്നിട്ടും എന്‍റെ മനസ്സെന്നോടു പറഞ്ഞു...ആ നടന്നുവരുന്നവള്‍ നിന്‍റെ സ്വപ്നത്തില്‍നിന്നും നിനക്ക് നഷ്ടപ്പെട്ടുപോയവളാണെന്ന് .... അടുത്തടുത്തെത്തുംതോറും എനിക്കുമതുറപ്പായി...ഞാന്‍ ആവേശത്തില്‍ , അതുവരെ ഇല്ലാത്ത അത്രയും ആവേശത്തില്‍ എന്‍റെ തോല്‍വികളെ മറന്ന്, എന്‍റെ മരച്ചുപോയ യൌവ്വനത്തെ മറന്ന്..... നിന്നെത്തന്നെ നോക്കി നിന്നു.... നീ എന്‍റെ നേര്‍ക്കുതന്നെയാവണമേ പാദങ്ങള്‍ അടുക്കി വച്ചണയുന്നതെന്ന് പ്രാര്‍ഥിച്ചുകൊണ്ട്... വല്ലാതെ അസ്വസ്ഥമായ മനസ്സിനെ ശരിക്കും തണുപ്പിച്ചുകൊണ്ട് നീ നടത്തമവസാനിപ്പിച്ചത് എന്‍റെ മുന്നില്‍ത്തന്നെ....!
അപ്പോള്‍ മാത്രം ഉദിച്ചുതുടങ്ങിയ സൂര്യന്‍റെ കിരണങ്ങള്‍ നിന്‍റെ ചുരുള്‍മുടിയില്‍ ചിത്രം വരയ്ക്കുന്നതു എന്‍റെ നരച്ച കണ്ണുകള്‍ തിരിച്ചറിയുന്നുവെന്നു കണ്ടപ്പോള്‍ ഞാന്‍ വല്ലാതെ ഞെട്ടി.... ചായക്കൂട്ടുകളും,കാന്‍വാസുകളും മറന്നുപോയ എന്‍റെ മനസ്സിലെ കലാകാരനിതെന്തുപറ്റിയെന്നോര്‍ത്ത്...!
നിന്നിലേയ്ക്ക് നോക്കിയ നോട്ടം ചെന്നവസാനിച്ചത്‌ പുല്‍ത്തലപ്പുകളില്‍ പറന്നിറങ്ങുന്ന ചിത്രശലഭത്തിലും, അതിനുമപ്പുറം ഒരു ചില്ലയില്‍ തന്‍റെ ഇണയെ കാത്തിരിക്കുന്ന പക്ഷിയിലുമായിരുന്നു. ഒരു ഫ്രെയിമില്‍ ഞാനന്നാദ്യമായ് മൂന്നു സുന്ദര ദൃശ്യങ്ങള്‍ കണ്ടു...! ജീവിതത്തിലേയ്ക്ക് ഞാന്‍ തിരിച്ചു വന്നേക്കാനുള്ള ഒരു സാദ്ധ്യതപോലെ തോന്നിയതുകൊണ്ടാവാം മനസ്സ് ഒരു കുഞ്ഞു മാന്‍പേടയെപ്പോലെ തുള്ളിച്ചാടാന്‍ തുടങ്ങിയത്....എന്‍റെ കണ്ണുകളെ പിന്തുടര്‍ന്ന നിന്‍റെ വാലിട്ടെഴുതിയ വലിയ കണ്ണുകള്‍ നിനക്കുമപ്പുറം എന്‍റെ ഫ്രെയിമില്‍ പതിഞ്ഞ മറ്റു രണ്ടു സുന്ദരദൃശ്യങ്ങളിലേയ്ക്ക് പതിഞ്ഞപ്പോള്‍ , ഞാന്‍ നിന്നെ നോക്കിക്കാണുകയായിരുന്നു...നിര്‍ന്നിമേഷനായി.
നിശബ്ദതയെ ഭേദിച്ചുകൊണ്ട് നീയെന്നോട്‌ ചോദിച്ചു ആ ചിത്രശലഭത്തിന്‍റെയും, പക്ഷിയുടെയും ജീവിതങ്ങളെ താരതമ്യം ചെയ്യാന്‍ .... ചിരപരിചിതരെപ്പോലെ നീ സംസാരിച്ചു തുടങ്ങിയപ്പോള്‍ ,അല്ലെങ്കില്‍ ഒരുപക്ഷേ ആ ചോദ്യവും അതിനുഞാന്‍ തന്ന ഉത്തരവുമാവാം ഈ സായന്തനത്തിലും ചുളിവുകള്‍ വീണ ഓര്‍മ്മകളില്‍നിന്നും പെറുക്കിയെടുത്തീ കഥ നിന്നോട് വീണ്ടും പറയുന്നത്....എത്ര കാലമായ് നീയിത് ആദ്യമായ് കേള്‍ക്കുംപോലെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് !
ചിത്രശലഭത്തിന്റെ ക്ഷണിക ജീവചക്രവും, പക്ഷിയ്ക്ക് ഇഷ്ടംപോലെ ഉയര്‍ന്നുപറക്കാവുന്ന അനന്തവിഹായസ്സും....നമ്മളെന്തോക്കെയോ പറഞ്ഞു തുടങ്ങിയന്ന്.ഒരു കരിയിലക്കിളിയെപ്പോലെ കലപില പറഞ്ഞു തുടങ്ങിയ നീ.....ഒരുവേള നിര്‍ത്തിയപ്പോള്‍ ....എന്‍റെ ചെറിയ കണ്ണുകളില്‍നിന്നും ആ വലിയ കണ്ണുകള്‍ എന്തോ രഹസ്യം ചോര്‍ത്തിയെടുക്കുംപോലെ എനിക്കു തോന്നിപ്പോയ്....
അപ്പോഴാണല്ലോ, തീര്‍ത്തും അപ്രതീക്ഷിതമായി അത് സംഭവിച്ചത്.ശൂന്യതയിലേയ്ക്കു അടര്‍ന്നുവീണുപോയ എന്‍റെ കാഴ്ച്ചയെ,അകാലവാര്‍ദ്ധക്യം ചുരന്നെടുത്ത എന്‍റെ ഹൃദയത്തെ,ഏതോകാലത്തില്‍തന്നെ എനിക്കായ് കരുതിവച്ചപോല്‍ പ്രണയത്തിന്‍റെ വെള്ളിനൂലുകളാല്‍ തീര്‍ത്ത നിന്‍റെ മേല്‍ക്കുപ്പായത്തിലേയ്ക്കടുക്കിപ്പിടിച്ചു നീ,ഒരു തേങ്ങലോടെ....അന്ന് കുനിഞ്ഞുപോയ തോളുകള്‍ക്ക് ഊന്നായി നീയെന്നെ തിരികെ നടത്തിച്ചു.... ഒരിക്കല്‍ തോറ്റു തലകുനിഞ്ഞുപോയ ജീവിതപന്ഥാവിലേയ്ക്ക് തിരികെ യാത്ര....
ഇന്ന് കാലമൊരുപാട് മാറി.... പ്രണയത്തിന്‍റെ അതിജീവന തന്ത്രത്തെ, അതിലടങ്ങിയ മൃതസഞ്ജീവന മന്ത്രത്തെ, സര്‍വ്വോപരി അതിന്‍റെ അകംപൊരുളിനെയറിയാന്‍ യുവ തലമുറ കാത്തുകെട്ടിക്കിടക്കുമ്പോള്‍ ഇനിയും നിന്‍റെ കൈപിടിച്ച് നടക്കേണ്ട ദൂരങ്ങളെയും,അവയിലെ കൊതിപ്പിക്കുന്ന കാഴ്ച്ചകളെപ്പറ്റിയുമാണ് ഞാന്‍ സ്വപ്നം കാണുന്നത്... 
ജീവിതത്തിന്‍റെ മധുരകരമാം പ്രണയകാലം വാര്‍ധക്യത്തിലായിരിക്കുമെന്ന് നീയന്നു പറഞ്ഞപ്പോള്‍ ,അതിനെ കളിയാക്കി ചിരിച്ച എന്‍റെ കവിളിലേറ്റ നുള്ളലിന്റെ നേര്‍ത്ത നോവു അറിയാതെ പരതിപ്പോയി ഞാന്‍ ......
അന്നാദ്യമായ് കവര്‍ന്ന നിന്‍റെ കൈകളുടെ, ഇന്നും നഷ്ടപ്പെടാത്ത അതേ മൃദുത്വത്തിലേയ്ക്ക് ചേര്‍ത്തുവയ്ക്കട്ടെ ഞാനീ കൈകള്‍ ....
ഓര്‍മ്മകളവസാനിക്കുന്നില്ല....ഈ യാത്രയും...


ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ 

June 21, 2015

ദൈവപുത്രന്‍

യാതനകളുടെ ചുടുപാത
കാല്‍വരിമൌണ്ടിലവസാനിച്ചപ്പോള്‍
തോളിലമര്‍ന്ന പാപഭാരത്തില്‍ നിന്നൊന്ന്
 
നിവര്‍ന്നാശ്വസിച്ചതാണ്...
ചുറ്റിലും ചകിതരായ, ഖിന്നരായ മുഖങ്ങള്‍
ചത്തുറഞ്ഞു മരവിച്ചുപോയപോല്‍
മഞ്ഞവെയില്‍ പരന്നൊഴുകിയ താഴ്വരയില്‍ നിന്നും
അപ്പോഴും അബലകളുടെ തേങ്ങലുകള്‍
 
ഉയര്‍ന്നു കേള്‍ക്കാമായിരുന്നു.
ആശ്രയം നഷ്ടപ്പെട്ടവരുടെ
 
തേങ്ങലുകള്‍ക്കെല്ലാം ഒരേ ശബ്ദമാണെന്നത്
ഈ കുരിശേറ്റംപോലെ സത്യമല്ലോ !
മുകളില്‍ വട്ടമിടുന്ന കഴുകന്മാരേക്കാള്‍ 
ഭയപ്പെടേണ്ടവര്‍ മുഴുവന്‍
 
ഇവിടെ ബാക്കിയാകുന്നു...
അവര്‍ നാളെയിലേയ്ക്ക് പടര്‍ന്ന്
എന്നെക്കാള്‍ അധികമായ്‌ വാഴ്ത്തപ്പെടും,
ഒരുയിര്‍ത്തെഴുന്നേല്‍പ്പ്
അന്നെനിക്ക് സാദ്ധ്യമാവില്ല;
 
ഒറ്റുകാരുടെ എണ്ണം എന്നേയ്ക്കാളും
 
കൂടുതലുണ്ടാവുമന്ന്‍.... .
വിശുദ്ധിനഷ്ടപ്പെട്ട ചരിത്രത്തില്‍ നിന്നും
ഒന്നും മറിച്ചുനോക്കി പഠിക്കാന്‍പോലും
ഉണ്ടാവില്ലന്ന്.
സത്യങ്ങള്‍ ഇത്തിരിയെങ്കിലും
 
നിവര്‍ന്നു നിന്നൊരു ലോകമുണ്ടായിരുന്നെന്നുപോലും
ചിന്തിക്കാന്‍ ആവാത്ത ആ കാലത്തില്‍
 
ഒരു ദൈവപുത്രനും അവതരിക്കാനാകില്ല തന്നെ !


June 18, 2015

ലങ്ക














ങ്ക.....
ശ്രീലങ്ക;
ഭൂപടത്തിലൊരു മിഴിനീര്‍തുള്ളിപോല്‍ ,
അങ്ങുതെക്ക്
ഒരമ്മയെ തൊട്ടുകിടക്കും പൈതലെപോല്‍
ഇന്ത്യയോടൊട്ടാതെ ഒട്ടിക്കിടക്കുന്നു.

ഉണ്ട്, മുറിയാതെ പൊക്കിള്‍കൊടിയതു
പണ്ടു വാനരപ്പടതന്‍ ‍വഴിത്താര.
മുന്നിലന്നാഞ്ജ്ജനേയന്‍ തന്‍ പ്രാണാനാം
വൈഷ്ണവരാമന്റെ
 
പ്രേയസിയെത്തേടി പോയ വീഥി.

ത്രേതായുഗമതു കറങ്ങിത്തിരിഞ്ഞൊരുപാട്;
കാലംകടന്നീ കലിയുഗത്തില്‍
അന്നം തിരഞ്ഞു മദ്രാസികള്‍ പലര്‍
കൂടെ കന്നം തിരിഞ്ഞ മലബാറികള്‍
ഒക്കെരും ചൊല്ലി കൊളംബിലേക്കെന്ന്‍.
.
പ്രവാസമാദ്യം തുടങ്ങിയവര്‍ പക്ഷെ-
പ്രകാശമില്ലാതെ മടങ്ങിയേറെയും.
കാലങ്ങള്‍ മാറീ മറിഞ്ഞപ്പോള്‍
വേലയ്ക്ക് ചെന്നവര്‍ തര്‍ക്കിച്ചു
 
പാതിയിടം അളന്നു വാങ്ങിടാനായ്.

തര്‍ക്കങ്ങള്‍ തീര്‍ന്നില്ല വാക്കുകളില്‍
വിതര്‍ക്കങ്ങള്‍ തോക്കുകള്‍ ഏറ്റെടുത്തു.
വെടികളുതിര്‍ന്നൂ അഹോരാത്രം,
വര്‍ഷങ്ങള്‍ മാഞ്ഞു മറഞ്ഞെത്രയോ.

വൃഥാശ്രമ പരിസമാപ്തിയില്‍
 
തമിഴനും,ബുദ്ധനും,സിംഹളനും
പിന്നെയൊരുപാടുപേര്‍ ചത്തുമണ്ണടിഞ്ഞു.
വാക്കുകള്‍ക്ക് ആയുധങ്ങളേക്കാള്‍മൂര്‍ച്ച-
തോറ്റൂ / തോല്‍പ്പിച്ചു ഒരു ദിനം തമിഴന്‍റെ
ഉയിര്‍സ്വപ്നത്തെ.

ഇന്ന് ലങ്ക
ചോരയുടെ മടുക്കും പശിമയില്‍ നിന്നും,
വെടിക്കോപ്പുകള്‍ തന്‍ അമ്ലഗന്ധത്തില്‍ നിന്നും
വിട്ടുമാറി മുട്ടുകാല്‍ നിവര്‍ത്തി,
 
കറുത്ത കണ്ണുകളില്‍ വെളുത്ത ലോകത്തിന്‍
നനുത്ത സ്വപ്‌നങ്ങള്‍ നിറച്ച മനുഷ്യരുള്ള നാട്;
കറുത്ത മണ്ണും കറുത്ത മനുഷ്യരും
കറുത്ത ഭൂതകാലത്തില്‍നിന്നുയിര്‍ത്തെഴുന്നേല്‍ക്കും നാട്.

കാന്‍ഡിയില്‍, ന്യൂറേലിയയില്‍പിന്നെ
പേരറിയാത്ത പലഗ്രാമസിരകളില്‍,
ചായംതേക്കാത്ത ചായത്തോപ്പുകളില്‍
നോവുന്നോരോര്‍മകള്‍ കുഴിവെട്ടി മൂടി,
വേരും വെറുപ്പും മറന്നവര്‍ ചികയുന്നു,
നേരിന്റെയന്നം നിറമനസ്സാലെ.

എട്ടുദിക്കും പടര്‍ന്നവര്‍ നാട്ടിന്റെ
മട്ടുമാറ്റാന്‍ പണിയെടുത്തീടുന്നു.
പ്രാര്‍ത്ഥന പ്രിയ ലങ്കാതനയരെ,
പ്രാര്‍ത്ഥന നിങ്ങള്‍തന്‍ ഭാസുരഭാവിക്കായ്.

(സമര്‍പ്പണം : ശ്രീലങ്കന്‍ സഹപ്രവര്‍ത്തകര്‍ക്ക് )

June 15, 2015

നീയാം മഴ

പ്രണയത്തിന്‍റെ ഒരു ചെറു നാമ്പുപോലും മുളയ്ക്കാത്ത
ഊഷരഭൂമിയിലേയ്ക്കാണ് ഇന്നു നീയൊരു
 
ചെറുമഴയായ് പെയ്തിറങ്ങുന്നത് !
ഇവിടം പണ്ട് നീര്‍ചോലകളുണ്ടായിരുന്നു,
മനം തുടുപ്പിച്ച ഹരിതാഭയുണ്ടായിരുന്നു,
സ്നേഹവും പ്രണയവും ഇടചേര്‍ന്ന വരികള്‍ പാടിയ
 
കിളികളുണ്ടായിരുന്നു !
പക്ഷേ ഇന്നതെല്ലാം മണല്‍ക്കാറ്റില്‍ 
അടിപ്പെട്ടുപോയ ഓര്‍മ്മകള്‍ മാത്രമാണ്,
വെറും ഓര്‍മ്മകള്‍ മാത്രം !
പെയ്യരുത് നീ വീണ്ടും പെയ്തു നനച്ചെന്നിലെ 
മാഞ്ഞുപോയ വസന്തത്തെ തളിര്‍പ്പിക്കരുത്
അരുത്.......
ഇനിയുമൊരിക്കല്‍ക്കൂടി പൂത്തുലയാനീ
 
ഭൂവിനു കെല്‍പ്പില്ലയറിയൂ മമ സഖീ !


June 1, 2015

ചില സുഹൃത്തുക്കള്‍

ചിലരെ കാണുമ്പോള്‍ തോന്നാറുണ്ട്
ഒന്നു തോളില്‍ കയ്യിടണമെന്ന്,
കൂടെ നടക്കണമെന്ന്.
പക്ഷേ അപ്പോഴാവും 

മനസ്സോര്‍മ്മപ്പെടുത്തുന്നത്
പോയകാലത്തിലെ വാക്കുരുതികളെക്കുറിച്ച്.
അന്നേരം ഒരു കുടച്ചിലാവും പുറത്തുവരിക.
സ്വസ്ഥമാകാന്‍ നേരമെടുക്കും,
 
വേണ്ടായെന്നു പറഞ്ഞുറപ്പിച്ചു
തോളു കുടഞ്ഞു മുന്നോട്ടാഞ്ഞു നടക്കും.
ഒരു ചതിയില്‍നിന്നുകൂടി
 
നിന്നെ രക്ഷിച്ചെന്നു
 
മനസ്സപ്പോള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കും.
അന്തര്‍മുഖത്വത്തിന്റെ കനത്ത മേലാപ്പ്
വീണ്ടും വലിച്ചിട്ടു തലവഴി മറച്ച്
ആര്‍ക്കും മുഖം കൊടുക്കാതെ
 
യാത്ര തുടരും.

May 22, 2015

ചില യാത്രകള്‍

തുഴയില്ലാതെ തന്നെ
തോണിയുമായ് കടക്കാവുന്ന
ചില കടത്തുകളുണ്ട്.
ജീവിതത്തില്‍ നിന്നും
മരണത്തിലേയ്ക്കുള്ളപോലെ,
പ്രണയത്തില്‍നിന്നും
 
വിരഹത്തിലേയ്ക്കുള്ളപോലെ
ചുരുക്കം ചില കടത്തുകള്‍ !
അടിയൊഴുക്കുകളും
ചുഴികളും
 
മലരികളും
ആ കടത്തുകളെ
ബാധിക്കുകയേയില്ല.
അത്രമേല്‍ തീവ്രമായാതെന്തോ
ആ യാത്രകളുടെ തുഴകളായി
 
വര്‍ത്തിക്കുന്നുണ്ടാവാം
 
അല്ലേ ?


April 15, 2015

കളിപ്പാട്ടങ്ങള്‍

രോ അവധിയിലും
അവള്‍ക്കിഷ്ടമുള്ള
കളിപ്പാട്ടങ്ങളുമായ്
അയാളെത്തുന്നതും കാത്തു
മകളുറങ്ങാതിരിക്കും,
കൂട്ടായി ചില്ലുകണ്ണടയിട്ട
 
മുത്തശ്ശിയും.
ഇത്തവണയെങ്ങനെ ചെല്ലുമേന്നോര്‍ത്തയാള്‍ 
ആകുലചിത്തനായെന്‍
 
മുന്നില്‍ കൂനിയിരിക്കുന്നു !
പോംവഴി പറയാനാവാതെ ഞാനും.
കാരണം
അവളാവശ്യപ്പെട്ടത്‌
ഒരമ്മയെ കൊണ്ടുകൊടുക്കാനാണ്. !


February 2, 2015

ഉന്മാദി

ആകാശം ...
വര്‍ണ്ണങ്ങള്‍ വാരിയെറിഞ്ഞെന്നെ അമ്പരപ്പിക്കും,
ഞൊടിയിടയില്‍ നീലനിറത്തിലേയ്ക്ക് 

എല്ലാം ഒളിപ്പിച്ചു വയ്ക്കും,
വീണ്ടും പതുക്കെ പതുക്കെ കടും നീലയും 
ഇളം നീലയുമായി മൃദുവായ പകര്‍ന്നാട്ടങ്ങള്‍
 
സുഖാലസ്യത്തിലെന്നപോലെ.
പിന്നെയും ചടുല ഭാവങ്ങള്‍ ,
 
കടും നിറങ്ങള്‍ വാരിയണിയല്‍ ...
ഞാനൊരു ഇടവേള പോലും കാത്തിരിക്കാതെ അതൊക്കെ രസിക്കും...
ഒടുവില്‍ ഒരു മായാജാലക്കാരനെപ്പോലെ അവനെന്നെ
ഭൂമിയിലടര്‍ന്നുവീണ വര്‍ണ്ണപ്പൊട്ടിനെയെന്നോണം
 
തൊട്ടെടുക്കുന്നതും കാത്ത് കണ്ണുകളടച്ചു....
അപ്പോഴും നിന്നെയോര്‍ത്തുപോവാറുണ്ട്,
ആശിച്ചുപോകാറുണ്ട്...
അവനെന്നെ വിരലാല്‍ തൊട്ടെടുക്കും മുന്‍പേ
 
നീയെന്നെ സിന്ദൂരമായ് അണിഞ്ഞിരുന്നെങ്കിലെന്ന്‍ ...!

January 7, 2015

എനിക്കീ മണ്ണില്‍ ഉറച്ചു നില്‍ക്കണം

ജീവിച്ചിരിക്കുമ്പോള്‍ ഉറച്ചു നില്‍ക്കാനായില്ലെന്‍ 
പിറന്ന മണ്ണില്‍
 
മരിച്ചാലെങ്കിലും എനിക്കതിനാകണം !
നടക്കാതെ പോയോരെന്‍ ‍സ്വപ്നമാണത് കൂട്ടുകാരാ.....
നീയെനിക്കായത് നിവര്‍ത്തിച്ചിടേണം.
ആറടിയുടെ ജന്മിയാകേണ്ടെനിക്ക് ;
പകരം ആഴത്തിലൊരു കുഴിയൊരുക്കുക,
കുത്തനെ വെറും രണ്ടടി വൃത്തത്തില്‍ .
അതിലെനിക്കു നിവര്‍ന്നു നില്‍ക്കണം,
 
എന്‍റെ മണ്ണില്‍ ........
മരണത്തിലെങ്കിലും ഉറച്ചു നില്‍ക്കണം കൂട്ടുകാരാ !