ഇലമരച്ചില്ലയില്‍

July 28, 2013

എനിക്കൊരു പുഴ വേണം.
















നിക്കൊരു പുഴവേണം...
നാളയുടെ തണുപ്പിനായൊരു പുഴ.
പഴമയുടെ വിയര്‍പ്പിന്റെ 
തണുതണുപ്പുള്ള അതേ പുഴ.
വിഷ ബീജങ്ങള്‍ പേറുന്ന ഫാക്ടറിക്കുഴലുകള്‍ 
വന്നിറങ്ങാത്ത സുന്ദരിയായ പുഴ.

പാതി ചീയാത്ത മീനുകള്‍ പിട പിടിച്ചു
തുടിതുടിച്ചു നീന്തുന്ന തെളിനീര്‍ പുഴ.
ഓര്‍മകളിലെ ബാല്യം മുങ്ങാം കുഴിയിട്ട
എന്‍റെ കളിക്കൂട്ടുകാരിയാം പുഴ...
ഉള്ളിലെ ചുഴികളെയടക്കിപ്പിടിച്ചു
കിന്നാരം ചൊല്ലി കിക്കിളിപ്പെടുത്തുന്ന പുഴ.

എനിക്കൊരു പുഴവേണം..
രാവഴിയില്‍ മാര്‍ജ്ജാര പദനമായെത്തും
മണലൂറ്റുകാരുടെ കൈകള്‍ ഞെരിച്ചുടയ്ക്കാത്ത
വിരിഞ്ഞ മാറുള്ള ;
ആധുനികതയുടെ മാനഭംഗശ്രമങ്ങളാല്‍
ക്ഷതമേല്‍ക്കാത്ത കപോലങ്ങളുള്ള പുഴ.

വര്‍ഷകാലത്തില്‍ മാമലകളെ കഴുകി വെടിപ്പാക്കി
അങ്ങ് ദൂരെ കടലിലൊഴുക്കുന്ന അതേ പുഴ.
അമ്മയുടെ നെഞ്ചിലെ കണ്ണീര്‍ ചാലുപോലെ
വേനലില്‍ വരണ്ടുണങ്ങിക്കിടന്ന പുഴ.
ദൈന്യതയുടെ ഓലമറയ്ക്കുള്ളില്‍
പഴന്തുണിപോലെ നിറം മങ്ങിയെന്ന-
ച്ഛന്നഭയമായ അതേ പുഴ.

പ്രണയ വിരഹത്തിന്‍ മൌനത്തെ
കണ്ണീരായ് തന്നിലലിയിച്ച പുഴ,
നീയെന്ന സ്വപ്നം നാലായ്‌ പകുത്തു ഞാന്‍
വീശിയെറിഞ്ഞോരാ പുഴ.
എല്ലാം നഷ്ടപ്പെടുമ്പോള്‍ എന്നെയാവാഹിച്ചു
വെള്ളിയാം കല്ലിന്‍റെ പ്രണയതീരത്തലേക്ക്
പിടിവിടാതെ കൊണ്ടെത്തിക്കാനൊരു പുഴ.

എനിക്കൊരു പുഴവേണം....
നാമിവിടെ എങ്ങിനെ ജീവിച്ചിരുന്നൂവെന്നു
പറയാനൊരടയാളമായ്‌,
എന്‍റെയീ നാടിന്‍റെ വീരസമരങ്ങള്‍ പാടിപ്പറഞ്ഞു
തലമുറകളെ കോള്‍മയിര്‍കൊള്ളിക്കാനായൊരു പുഴ,
മരണമില്ലാത്തൊരു വിശ്വാസമാമൊരു പുഴ.


Photo Courtesy: Google.