ഇലമരച്ചില്ലയില്‍

Showing posts with label നര്‍മ്മം.. Show all posts
Showing posts with label നര്‍മ്മം.. Show all posts

October 6, 2013

താഴോട്ടേക്കൊരു പ്രമോഷന്‍ !


           കാര്യം എനിക്കിട്ടു കിട്ടിയ എട്ട്, എട്ടേമുക്കാലിന്റെ പണിയെക്കുറിച്ചാണ് പറയാന്‍ പോകുന്നതെങ്കിലും ആ പണി വന്ന വഴികൂടെ പറഞ്ഞാലല്ലേ അത് ശരിയാകൂ.അതുകൊണ്ട് ഞാന്‍ എന്‍റെ പ്രവാസത്തിന്‍റെ ആരംഭം മുതല്‍ പറഞ്ഞു തുടങ്ങാം.

           കുഞ്ഞാക്കയുടെ വിസയിലാണ് ഞാന്‍ ആദ്യമായി ഈ നാട്ടിലേക്ക് വന്നത്. ബനിയാസിലെ ഒരു ഷോപ്പിംഗ്‌ മാളിന്‍റെ ഒന്നാം നിലയിലുള്ള ലേഡീസ് ഷോപ്പിലേക്കായിരുന്നു ആദ്യ നിയമനം. നാട്ടില്‍ നിന്നും ഡിഗ്രി കഴിഞ്ഞു നില്‍ക്കുമ്പോള്‍ ഒത്തുകിട്ടിയ ചാന്‍സില്‍ ഇങ്ങോട്ട് ചാടി തുള്ളി പോരുമ്പോള്‍ ഞാന്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ല.... ഇതിപ്പോ വന്ന അന്ന് തന്നെ തിരിച്ചു പോകണം എന്ന് തോന്നിപ്പോയി, എന്തെന്നാല്‍ ഞാന്‍ ഡിഗ്രിക്ക് പഠിച്ച അറബിയും ഇവിടെ ആളുകള്‍ സംസാരിക്കുന്ന അറബിയും തമ്മില്‍ ഒരു ബന്ധവുമില്ല...അതെന്നെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്. കാരണം പഠിച്ച അറബി പ്രയോഗിക്കാന്‍ ഒരു ചാന്‍സ് ആയല്ലോ എന്നതായിരുന്നു ഇവിടെ വരുംവരെ എന്‍റെയൊരു കണക്കു കൂട്ടല്‍. അതുവഴി നിലവില്‍ ഇവിടെയുള്ള എന്‍റെ നാട്ടുകാരെ ഒക്കെ ഒന്ന് ഞെട്ടിക്കുക .പക്ഷേ എല്ലാ പ്രതീക്ഷകളും വന്ന അന്നുതന്നെ തകര്‍ന്നു.

കൂടെ സെയില്‍സില്‍ ഉണ്ടായിരുന്ന നാട്ടുകാരായ ബാവയും അഷ്റഫും ആശ്വസിപ്പിച്ചു

“ ഇതൊക്കെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ശരിയാകും, യ്യ് പേടിക്കേണ്ട ഷമീമേ ”

ആ...ശരിയായാല്‍ എനിക്ക് നല്ലത് എന്നും കരുതി ഞാന്‍ ദിനങ്ങള്‍ എണ്ണിക്കഴിക്കാന്‍ തുടങ്ങി.പലപ്പോഴും കസ്റ്റമേഴ്സിന്റെ മുന്‍പില്‍ പൊട്ടനെപ്പോലെ നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ചിലര്‍ ഉറക്കെ ചോദിക്കും

“യാ ഷെബാബ് ഇന്ത ഹിമാര്‍ “ എന്ന്.

               അര്‍ഥം അറിയാത്തതിനാല്‍ ഞാന്‍ വെറുതെ ചിരിക്കും , അപ്പോള്‍ അവര്‍ ബാവയെയോ അഷ്റഫിനെയൊ വിളിച്ചു എന്തൊക്കെയോ പറയുകയും അവരും എന്നെ നോക്കി ചിരിക്കുകയും ചെയ്യും.
           മുപ്പതു ദിവസം കൊണ്ട് അറബി പഠിക്കാം എന്ന പുസ്തകം ഇക്കയോട് പറഞ്ഞു അബുദാബിയില്‍ നിന്നും വരുത്തിച്ചെങ്കിലും അതുകൊണ്ടൊന്നും യാതൊരു കാര്യവുമുണ്ടായില്ല.പലപ്പോഴും ബാക്കിയുള്ള രണ്ടുപേരും ഒരുമിച്ച് ചായ കുടിക്കാനും, നിസ്കരിക്കാനും ഒക്കെ പോകുമ്പോഴായിരുന്നു എനിക്ക് നല്ല പണി കിട്ടുക. തെറ്റിപ്പോകുമോ എന്ന് ഭയന്ന് വില ചോദിക്കുമ്പോള്‍ മൊബൈല്‍ വില്‍ക്കുന്ന ചൈനാക്കാരി പെണ്ണുങ്ങള്‍ ചെയ്യുന്നത് പോലെ കാല്‍ക്കുലേറ്ററില്‍ അടിച്ചു കാണിക്കുകയാണ് ചെയ്യാറ്. പക്ഷെ ചില ഖദ്ദാമമാര്‍ക്ക് അതും മനസ്സിലാവില്ല. തൊട്ടടുത്തുള്ള ടോയ്സ് കടയിലെ സൈനുവാണ് പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷയ്ക്കെത്തുക. എന്‍റെ മിസ്‌കാള്‍ കണ്ടാല്‍ ഉടനെ അവന് മനസ്സിലാവും ഞാന്‍ ഏതോ എഴുത്തും വായനയും അറിഞ്ഞു കൂടാത്ത ഖദ്ദാമയുടെ കയ്യില്‍ പെട്ടെന്ന്.!

           എത്യോപ്പ്യന്‍, ഇന്തോനേഷ്യന്‍ , ഫിലിപ്പിന്‍സ്, ശ്രീലങ്കന്‍ ഖദ്ദാമമാരാണ് കൂടുതലായും ബനിയാസില്‍ ഉള്ളത്. ഇവരെക്കൂടാതെ ഞങ്ങളുടെ കടയിലെ പ്രധാന കസ്റ്റമേഴ്സ് ഹൈദരാബാദി തള്ളമാര്‍ ആണ്.മുന്‍പൊക്കെ ഇവിടെയുള്ള അറബികള്‍ കെട്ടിക്കൊണ്ടുവന്ന സ്ത്രീകള്‍. പക്ഷെ അവരില്‍ പലരും നല്ല സ്ഥിതിയില്‍ ഉള്ളവരും ആണ്.മക്കളെയൊക്കെ കണ്ടാല്‍ ഞെട്ടിക്കുന്ന അറേബ്യന്‍ സൌന്ദര്യധാമങ്ങള്‍ തന്നെ. അങ്ങനെ നല്ല റങ്കുള്ള കാഴ്ചകള്‍ ദിനം പ്രതി കാണാം എന്നതിനാല്‍ എന്തസുഖം വന്നാല്‍പ്പോലും ലീവ് എടുക്കുന്ന പരിപാടി എനിക്കില്ലായിരുന്നു.മറ്റുള്ളവര്‍ക്കാണെങ്കില്‍ ഇതൊന്നും അത്ര പുതുമ അല്ലാത്തതിനാല്‍ തരം കിട്ടിയാല്‍ ലീവ് എടുത്തു മുങ്ങും. 

           പതിയെ പതിയെ അറബി ഭാഷയും ഞാനും തമ്മില്‍ ഏതാണ്ടൊരു മമതയില്‍ ആയി. ജോലി ആസ്വദിച്ചു ചെയ്തു തുടങ്ങിയപ്പോള്‍ പിന്നെ ഭാഷയും കൂടുതല്‍ ഉഷാറായി. അങ്ങിനെ കടയിലേക്ക് വരുന്ന എല്ലാ കസ്റ്റമേഴ്സിനോടും കമ്പനി ആയതോടുകൂടി കുഞ്ഞാക്ക എന്നെ കാഷ് കൌണ്ടറിലേക്ക് മാറ്റി , എന്നിട്ട് മറ്റുള്ളവരോട് പറഞ്ഞു

“ഒരു ഡിഗ്രി ഒക്കെ ഉള്ളവനല്ലേ , കാലാകാലം അവനെ എങ്ങനെയാ ഈ പെണ്ണുങ്ങള്‍ക്ക്‌ അടിവസ്ത്രോം മറ്റും എടുത്തു കൊടുക്കാന്‍ നിര്‍ത്തുക” എന്ന്.
            സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ശമ്പളത്തില്‍ കാര്യമായ പുരോഗതിയൊന്നും കാണാതായപ്പോഴാണ് കളമൊന്നു മാറ്റിപ്പിടിക്കണം എന്ന് എനിക്കു തോന്നിയത്. എല്ലാക്കാലവും മൊന്ജ്ജുള്ള ഹൂറികളെയും കണ്ടോണ്ടിരുന്നാല്‍ കെട്ടുപ്രായമെത്തിയ പെങ്ങളുടെ കാര്യത്തില്‍ ഒരു സഹായം പോലും വാപ്പായ്ക്ക് ചെയ്തുകൊടുക്കാന്‍ പറ്റില്ല എന്ന തിരിച്ചറിവ്. 

       അങ്ങനെ ഞാന്‍ മുസ്സഫയിലെ ഒരു കെമിക്കല്‍ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി തരപ്പെടുത്തി.രക്ഷപ്പെടുകയാണെങ്കില്‍ നല്ലതല്ലേ , എന്നെക്കൊണ്ട് ഇതിലധികം ശമ്പളമൊന്നും ഈ ജോലിക്ക് തരാന്‍ ആവില്ല എന്നും പറഞ്ഞുകൊണ്ട് കുഞ്ഞാക്ക അത്രയും കാലത്തെ സേവനത്തിന്‍റെ കണക്കുകള്‍ കൂട്ടി (?) കുറച്ചു സംഖ്യ കയ്യില്‍ വച്ച് തന്നു.

                   “ഏതെങ്കിലും പുതിയ പയ്യന്മാര്‍ ഉണ്ടെങ്കില്‍ ഇങ്ങട്ട് കൊണ്ടന്നാ ട്ടോ കുട്ട്യേ” എന്നും പറഞ്ഞു മൂപ്പര് താഴെയുള്ള വാച്ച്കടയിലേക്ക് പോയി.രാത്രിയുള്ള വിമാനത്തിനു നാട്ടിലേക്ക് കയറാനുള്ള തയ്യാറെടുപ്പിനു ഞാനും.
                ഒരു പകരക്കാരനെ എത്തിച്ചു കൊടുക്കുക എന്ന ദൌത്യം ഞാന്‍ ഏറ്റെടുത്തത് മറ്റൊന്നും കൊണ്ടല്ല, നാട്ടില്‍ ആര്‍ക്കെങ്കിലും വിസ ശരിയാക്കി കൊടുത്താല്‍ ഉണ്ടാകുന്ന ഒരു വില ഓര്‍ത്തിട്ട് കൂടിയായിരുന്നു.അപ്പോഴാണ്‌ മൊട്ടമ്മലെ സാജിദാത്താന്റെ മോന്‍ മനാഫിനെക്കുറിച്ച് എനിക്കോര്‍മ്മ വന്നത്.അടിവസ്ത്രം കാണിച്ചുള്ള സ്റ്റൈലില്‍ കുപ്പി പാന്‍റുമുടുത്ത് കറന്റടിച്ച പോലെ മുടിയുമാക്കി ഉമ്മാനെ ഭീഷണിപ്പെടുത്തി പെട്രോള്‍ അടിക്കാനുള്ള കാശും തരപ്പെടുത്തി നാട്ടില്‍ അങ്ങിങ്ങ് പാഞ്ഞു നടന്നു തഞ്ചത്തില്‍ കാണുന്ന പെണ്‍പിള്ളേരുടെയെല്ലാം വായിലിരിക്കുന്നത് കേള്‍ക്കുക എന്നതൊഴികെ വേറൊരു കുറ്റവുമില്ലാത്ത പയ്യന്‍ എന്ന നിലയ്ക്കാണ് മനാഫിന് ആ വിസ കൊടുക്കാം എന്ന് ഞാന്‍ ആലോചിച്ചത്. 


                 അല്ലാതെ അവന്‍റെ അസാന്നിദ്ധ്യത്തില്‍ സഹോദരി റസിയയോടുള്ള എന്‍റെ ‘മേനെ പ്യാര്‍ കിയാ’ ഒന്നുഷാറാക്കാം എന്നു കരുതിയാണ് എന്നാരെങ്കിലും അടക്കം പറയുന്നുണ്ടെങ്കില്‍ അത് കേവലം മാദ്ധ്യമങ്ങളുടെ വിഷയങ്ങള്‍ വളച്ചൊടിക്കുന്ന രീതി കണ്ടു പഠിച്ച ആളുകളുടെ കേവലം കൊനിഷ്ടു വാര്‍ത്തകളായി അവഗണിക്കണമെന്നെ എനിക്കു പറയാനുള്ളൂ. അങ്ങിനെ മനാഫിനെ കുഞ്ഞാക്കയുടെ അടുത്തെത്തിച്ചപ്പോള്‍ എനിക്കെന്തെന്നില്ലാത്ത ചാരിതാര്‍ത്ഥ്യം !! ഒരു വെടിക്ക് കൈനിറയെ പക്ഷികള്‍ !

........................................................................................................
                  കുഞ്ഞാക്കയുടെ പതിവില്ലാത്ത വിളിയുടെ പൊരുള്‍ അറിയാന്‍ ഇന്നലെ ഞാന്‍ ബനിയാസിലേക്ക് പോയി. പുതിയ കമ്പനിയിലെ ജോലിത്തിരക്ക് കാരണം അങ്ങോട്ടൊന്നും കാണാത്തതിലുള്ള സുഹൃത്തുക്കളുടെ പരാതിയും തീര്‍ക്കാം എന്ന് കരുതി ചെന്നപ്പോള്‍ ബാവയാണ് ആദ്യം എന്നെ കണ്ടത്. കുഞ്ഞാക്ക കടയില്‍എത്തിയിട്ടുണ്ടായിരുന്നില്ല.വിഷയം ചോദിച്ചപ്പോള്‍ ബാവയും അഷറഫും മരണച്ചിരിയായിരുന്നു. ഉള്ളില്‍ ഏതോ കസ്റ്റമറെ ഡീല്‍ ചെയ്യുന്ന ഭാവി അളിയന്‍ എന്നെ കണ്ടില്ലെന്നു തോന്നുന്നു. 

“വാ നമ്മക്ക് പുറത്തോട്ട് നില്‍ക്കാം” എന്നും പറഞ്ഞു ബാവ എന്നെയും കൂട്ടി തൊട്ടടുത്തുള്ള ഷഫീക്കിന്റെ ഫാന്‍സിയിലേക്ക് കയറി.

കുഞ്ഞാക്ക വിളിപ്പിച്ചത് എന്തിനാണ് എന്നറിയാന്‍ എനിക്ക് തിടുക്കമായി. ഞാന്‍ ബാവയോട് ചോദിച്ചു. അവന്‍ ചിരി അടക്കിക്കൊണ്ടു പറഞ്ഞു

“ പഹയാ നിനക്കെവിടുന്നാ ഇജ്ജാതി സാധനത്തിനെ കിട്ടിയത് ?” 
               മനാഫിനെയാണ് ഉദ്ദേശിച്ചത് എന്നറിഞ്ഞപ്പോള്‍ എന്‍റെ നെഞ്ചിനൊരു കനം കൂടിയപോലെ ! പടച്ചോനെ ഇനി ഇവനെങ്ങാനും വല്ല ഖദ്ദാമമാരുടേയും കയ്യില്‍ നിന്നും തല്ലു മേടിച്ചോ .... ഹേയ് അങ്ങനെ വരാന്‍ വഴിയില്ല ! പിന്നെ എന്താണ് ! 

ഒരെത്തും പിടിയുമില്ലാതായി.മനുഷ്യനെ തീ തീറ്റിക്കാതെ നീ കാര്യം പറ ബാവേ.
              “ ഡാ അവന്‍റെ ഉഷാറ് കണ്ടിട്ട് കുഞ്ഞാക്ക അവനെ കഴിഞ്ഞാഴ്ച്ച മുതല്‍ കേഷ് കൌണ്ടറിലാക്കി, രണ്ടു ദിവസം ഇരുന്നു കഴിഞ്ഞപ്പോള്‍ ചെക്കന്‍ പറയാ അവനു താഴോട്ടെക്ക് പ്രമോഷന്‍ വേണന്ന്...താഴെയുള്ള വാച്ച് കടയിലേക്കാണ് അവന്‍ ചോദിക്കുന്നതെന്നു കരുതി കുഞ്ഞാക്ക പറഞ്ഞു അവിടെ ഇപ്പൊ തന്നെ ആവശ്യത്തിന് പണിക്കാരുണ്ട്‌ നീ ഇവിടെ തന്നെ നിന്നോ, വല്ലോരും കാന്‍സല്‍ ആകുമ്പോ നിന്നെ അവിടേക്ക് മാറ്റാം എന്ന്... “

ഒഹ്... ഇതിനാണോ ഞാന്‍ ഇത്രേം ടെന്‍ഷന്‍ അടിച്ചത് എന്ന് കരുതി ഒരു ദീര്‍ഘ ശ്വാസം എടുക്കുമ്പോഴാണ് ഉള്ള ശ്വാസവും പോകുന്ന തരത്തില്‍ ബാവ കാര്യം വ്യക്തമാക്കി പറഞ്ഞത്....
              “നിന്‍റെ ഭാവി അളിയന് താഴെ വാച്ച് കടയിലെക്കല്ലത്രേ പ്രമോഷന്‍ വേണ്ടത് , ഇവിടെ കാഷ് കൌണ്ടറില്‍ നിന്നൊഴിവാക്കി സെയില്സിലേക്ക് താഴ്ത്തികൊടുക്കണമത്രേ...!! എന്നാലെ അവന്‍റെ തൊട്ടു തലോടലൊക്കെ നടക്കുകയുള്ളൂ... !”

പടച്ചോനേ ഇതാണോ ഈ താഴോട്ടേയ്ക്കുള്ള പ്രമോഷന്‍ !!! 
                 എടാ ഭാവി അളിയാ.... പുന്നാര മോനേ... നിനക്ക് ഖദ്ദാമമാരെ തൊട്ടു തലോടാന്‍ വേണ്ടി കേവലം സെയില്‍സ്മാന്‍ ആയി ജീവിതം തീര്‍ക്കണമല്ലേ?

                  എന്നാലും ഈ ചെക്കന്‍ എന്നെക്കൂടി ഇങ്ങനെ നാറ്റിച്ചു കളയുമെന്നത് സ്വപ്നേപി ഓര്‍ത്തില്ല. ഭാവിയിലെ അളിയന്‍ എന്ന് സ്വകാര്യമായി കൂടെയുള്ളവരോട് പറയേണ്ടായിരുന്നു എന്ന് തോന്നിപ്പോയി എനിക്ക്. എന്നാലും നിന്നെയിവിടെ കൊണ്ടുവന്നു എന്ന ഒരു തെറ്റല്ലേ ഞാന്‍ ചെയ്തുള്ളൂ ? അതിനു നീ എന്‍റെ മാനം കൂടി കപ്പലു കേറ്റണ്ടായിരുന്നു.. ഇനി നില്‍ക്കുന്നത് പന്തിയല്ല , കുഞ്ഞാക്ക വരുംമുന്‍പ് സ്ഥലം വിടുന്നതാണ് ഉള്ള മാനം കളയാതിരിക്കാന്‍ നല്ലത് എന്നും കരുതി ഞാനന്നവിടുന്ന്‍ ഓടി രക്ഷപ്പെട്ടു.

March 15, 2013

കുമാരനാണ് താരം !

                











          ഈ
 
പ്രാവശ്യം നാട്ടിലേക്ക് പോയപ്പോള്‍  എയര്‍പോര്‍ട്ടില്‍നിന്നും വീട്ടിലേക്കുള്ള യാത്രയില്‍ നാട്ടില്‍ ചെന്നാല്‍ കാണേണ്ട പ്രധാനികളുടെ വിവരങ്ങള്‍ അപ്ഡേറ്റ്‌ ചെയ്യുന്ന കൂട്ടത്തിലാണ് ഇ.എം.എസ് കുമാരേട്ടന്‍‍ നാട്ടിലെ താരമായ വാര്‍ത്ത അനിയന്‍ പറഞ്ഞത്.

       എന്‍റെ കൊച്ചുഗ്രാമത്തിലെ എല്ലാ അലുക്കുലുത്തുകളും,  ആരാന്‍റെ അതുമിതും പറയുന്നതൊഴികെ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത  സകലകുലാബി വിജ്ഞാനകോശങ്ങളും  അടിഞ്ഞു കൂടുന്ന പോക്കറുമാപ്പിളയുടെ പീടികത്തിണ്ണയിലെ കല്ലുപ്പപെട്ടിക്കു മുകളിലും,വായനശാലയ്ക്ക് മുന്‍പിലെ പാറമേലും പത്രവും നിവര്‍ത്തിപ്പിടിച്ചിരിക്കുന്ന കുമാരേട്ടനെ കണ്ടാണ് ഞാനും വളര്‍ന്നത്‌.


           എന്‍റെ കുട്ടിക്കാലത്ത് പീടികയില്‍ വരുന്ന എതിര്‍കക്ഷിക്കാരോട് ഉച്ചത്തില്‍ വാദിക്കുന്ന കുമാരേട്ടന്‍റെ വായില്‍ക്കൊള്ളാത്ത വര്‍ത്താനങ്ങള്‍ കേട്ട് വാങ്ങാന്‍ വന്ന സാധനങ്ങളുടെ പേരുപോലും മറന്ന് പലപ്പോഴും ഞാനും നിന്നുപോയിട്ടുണ്ട് ശ്രോതാവായി.മറുഭാഗത്ത്‌ ലീഗുകാരാണെങ്കില്‍ പെട്ടത് തന്നെ.അറാമ്പള്ളി അമ്പലത്തിലെ കോമരത്തെക്കാളും  വലിയ ഉറച്ചില് കാണാം.കേള്‍ക്കാന്‍ ആള് കൂടുന്നതുകണ്ടാല്‍ കച്ചവടം തടസ്സപ്പെടുന്നതുപോലും കുമാരേട്ടന് വിഷയമാല്ലാതായി മാറും.പലപ്പോഴും അതൊക്കെ പോക്കറുമാപ്പിളയും ആസ്വദിക്കാറുണ്ട് എന്നതായിരുന്നു സത്യം.


           പത്രങ്ങളും പാര്‍ട്ടി ക്ലാസുകളും അരച്ചുകലക്കി മനപ്പാഠമാക്കി ഭ്രാന്തമായ ആവേശത്തോടെ തന്‍റെ രാഷ്ട്രീയ എതിരാളികളെ വായടപ്പിക്കുന്ന കുമാരേട്ടന് ഒരിത്തിരി നൊസ്സുണ്ടെന്ന്‍ എനിക്കു മനസ്സിലായത്‌ പിന്നെയും ഇത്തിരി വലുതായ ശേഷമാണ്. എന്നിട്ടും ഞങ്ങളെല്ലാം കുമാരേട്ടന്റെ ഫാന്‍സ്‌ ആയിരുന്നു. പക്ഷെ പല ഘട്ടങ്ങളിലും അദ്ധേഹത്തിന്റെ വട്ടന്‍ ബുദ്ധി ഞങ്ങള്‍ക്കൊക്കെ പാരയുമായിട്ടുണ്ട്.

      "എടാ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍ കല്യാണം കയിച്ചാപ്പിന്നെ ഓന് പാര്‍ട്ടിയോടും നാട്ടിനോടും ഉള്ള താല്പര്യം പോവും.ഇഞ്ഞി* കേട്ടിട്ടില്ലേ ഇമ്മളെ നേതാവ് ബടഗര* ഉള്ള എം.കെ കേളുവേട്ടനെപ്പറ്റി... ഓരൊന്നും കല്യാണം കയിച്ചിട്ടില്ല...ഹതാണ്..!! “

             
ഹതാണ്‌ കുമാരേട്ടന്‍ ....! തന്റെ സ്ക്രൂ കുറച്ച് ലൂസ് ആയതുകൊണ്ടും, പിന്നെ പ്രത്യേകിച്ച് വേലയും കൂലിയും ഒന്നും ഇല്ലാത്തതുകൊണ്ടുമാണ് പെണ്ണ് കിട്ടാത്തത് എന്ന് മൂപ്പര്‍ സമ്മതിക്കില്ല.എന്നാലും രാഷ്ട്രീയ ചര്‍ച്ചകളില്‍ (വധങ്ങളില്) സംസാരിക്കുന്നത് കണ്ടാല്‍ അത്ഭുതപ്പെടും,എവിടുന്നാണീ സ്ക്രൂ ഇളകിയ തലയില്‍ ഇത്രേം കാര്യങ്ങള്‍ നിറച്ചു വച്ചതെന്ന്..!


          
ഒരിക്കല്‍ അച്ഛമ്മ പറഞ്ഞതോര്‍മയുണ്ട്  "പുറമേരിയെ കുഞ്ഞാലിയെപ്പോലെ ഓനും പഠിച്ചു പഠിച്ചു ചൂടായിപ്പോയതാ"എന്ന്. ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്താണ് ആരാണീ കുഞ്ഞാലി എന്നു മനസ്സിലായത്‌..ബസ്‌ കാത്തു നില്‍ക്കുന്ന കുട്ടികളോട് ഇന്ഗ്ലീഷിലും ഹിന്ദിയിലും ഒക്കെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്ന നീണ്ടു മെലിഞ്ഞു ചടച്ച രൂപം.ഒരിക്കല്‍ ആരോ പറഞ്ഞു അതാണ്‌ കുഞ്ഞാലി എന്ന്. പെണ്‍കുട്ടികളുടെയിടയില്‍ വച്ച് വല്ല ചോദ്യവും ചോദിച്ചാല്‍ നാറിപ്പോകാതിരിക്കാന്‍ കുഞ്ഞാലിയുടെ തലവെട്ടം കണ്ടാല്‍ മുങ്ങുന്ന കൂട്ടത്തില്‍ തന്നെയായിരുന്നു എന്റെയും സ്ഥാനം.പക്ഷേ കുഞ്ഞാലിക്കു പഠനസംബന്ധിയായ കാര്യങ്ങള്‍ ചോദിക്കുന്നതിലായിരുന്നു  ഭ്രാന്തെങ്കില്‍, കുമാരേട്ടന് രാഷ്ട്രീയ സംവാദമെന്ന പ്രാന്തും എന്നതാണ് വ്യത്യാസം.

            
ഇ.എം.എസ് ആണ് കുമാരേട്ടന്റെ പ്രിയപ്പെട്ട നേതാവ്.ആ ആരാധനയാണ് വട്ടന്‍ കുമാരന്‍ എന്ന ഇരട്ടപ്പേരു മാറി  ഇ.എം.എസ് കുമാരന്‍ എന്നാവാന്‍ കാരണം.അത് അരക്കിട്ടുറപ്പിക്കുന്ന പല സംഭവങ്ങളും ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ക്ക് കാണാനും പറ്റാറുണ്ട്.

           “ഹാജ്യാരെ ഇങ്ങള് വേറെ എന്തും പറഞ്ഞോ, പക്ഷെ ഇങ്ങള് ഓറപ്പറ്റി തമാശ പറഞ്ഞാല്‍ അത് ഞാന്‍ സമ്മതിക്കൂല്ല....ഒന്നൂല്ലേല് ഇങ്ങളെ പാര്‍ട്ടിക്ക് വളരാനായി ഒരു ജില്ല തന്നെ അനുവദിച്ചു തന്നതല്ലേ ഞമ്മളെ സഖാവ്? ഇങ്ങളങ്ങ് നിര്‍ത്തിക്കളയിന്‍ ആ പറച്ചില്‍...”

             "മൂരിയെറച്ചി തിന്ന ബുദ്ധീം കൊണ്ട് ഇനി എന്തെങ്കിലും എന്‍റെ സഖാവിനെപ്പറ്റി മിണ്ട്യാ ഇന്റെ പല്ല് ഞാ കയിക്കും ചെറ്റേ...” എന്നൊരു ഡയലോഗും വിട്ടു ഒറ്റ നടത്തമാണ് മൂപ്പര്‍.

തിളയ്ക്കുന്ന ചായ വീണു പൊള്ളിയ മുഖവുമായി അന്ത്രുഹാജിയും കൂടെ കടയിലുണ്ടായിരുന്ന ബാക്കി കഥാപാത്രങ്ങളും പുറത്തേക്കിറങ്ങി.
അന്ന്
  ടീവി ചാനലുകളുടെ ബാഹുല്യം നാട്ടിന്‍പുറത്തില്ലാതതുകൊണ്ട് ഈ വിഷയം ഒരു ബ്രേക്കിംഗ് സ്റ്റോറി ആയി ആരുമിട്ടലക്കിയില്ല...അതുകൊണ്ട് ലോകം ഇടിഞ്ഞുപൊളിഞ്ഞു വീണുമില്ല...

            ഈ പല്ലവി കേട്ടുകേട്ടു മടുത്തപ്പോഴാണല്ലോ (അല്ലാതെ സാമൂഹിക സേവനത്തിനിടയില്‍ വിഘ്നം വന്നിട്ടല്ല) ബൂര്‍ഷ്വകളും , പെറ്റി ബൂര്‍ഷ്വകളും തിങ്ങിപ്പാര്‍ക്കുന്ന അറബി നാട്ടിലേക്ക് വണ്ടി പിടിച്ചത്.അങ്ങനെ പലതും മറക്കുന്ന കൂട്ടത്തില്‍ കുമാരേട്ടനെയും മറന്നു...ഇതാ ഇപ്പോള്‍ കുമാരേട്ടന്‍ താരമായി പോലും...എങ്ങനെ ?

          പ്രായമൊരുപാടായിട്ടും എന്താണ് കല്യാണം കഴിക്കാത്തത് എന്നു ഒരിക്കല്‍  ചോദിച്ചപ്പോള്‍ ആരെയും വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ഉത്തരമാണ് എനിക്കു കിട്ടിയത്.


  "എടാ ചെക്കാ ഇനിക്കിതൊന്നും* തിരിഞ്ഞിറ്റില്ലേ* ഇതുവരെ?"

എന്തെയ്നും?


             ഒരിക്കല്‍ കടയില്‍ പതിവ് രാഷ്ട്രീയം പറയുന്നതിനിടയില്‍ കോമത്തെ അന്ത്രുഹാജി കുമാരേട്ടനെ ചൂടാക്കാന്‍ വേണ്ടി ഇ.എം.എസ്സിനെ കളിയാക്കി.കുമാരേട്ടന്‍ പതിവ് ശൈലിയില്‍ മറുപടികള്‍ പറഞ്ഞു കത്തിക്കയറുന്നതിനിടയിലായിരുന്നു ആ പരിഹാസം.



           വീണ്ടും കളിയാക്കിക്കൊണ്ടിരുന്ന അന്ത്രു ഹാജിയുടെ മുഖത്തേക്ക് കയ്യിലിരുന്ന ചൂടുചായ ഒരൊറ്റ വീശലായിരുന്നു കുമാരേട്ടന്‍ .


“ഓന്‍റെ പിരാന്ത് ഇങ്ങക്കറിഞ്ഞൂടെ... പറ്റ്യേത് പറ്റി....കൊറച്ചൊരു കഥ മാണ്ടേ ഓനോട്‌ കളിക്കുമ്മം....” 
ഒസ്സാന്‍ അമ്മദ് അന്ത്രു ഹാജിയെ ആശ്വസിപ്പിച്ചു.


   “ന്റെ പടച്ചോനെ......ബൈന്നേരം വാല്യക്കാര് അറിഞ്ഞുവന്നാല്‍   ഇബ്ടെ എന്തെങ്കിലും നടക്കും. അയിലും മുന്നേ തടി തപ്പാം ” എന്നും പറഞ്ഞ് പോക്കറ് മാപ്പിള വേഗം നിരപ്പലകള്‍ ഇട്ടു കട പൂട്ടി സ്ഥലം കാലിയാക്കി.



     ലീഗുകാരും, മാര്‍കിസ്റ്റുകാരും പഴയപടി ചായകുടിക്കുമ്പോള്‍ രാഷ്ട്രീയം പറഞ്ഞും, തെരഞ്ഞെടുപ്പുകളില്‍ പരസ്പരം തെറിവിളിച്ചും,കൈക്കരുത്തും പണക്കരുത്തും കാണിച്ചും നിലകൊണ്ടുപോന്നു.



            പലപ്പോഴും ശുദ്ധന്‍ ക്രൂരന്റെ ഫലം ചെയ്യും എന്നു പറയുംപോലെയാണ് ഞങ്ങളുടെയൊക്കെ കാര്യത്തില്‍ കുമാരേട്ടന്‍ വന്നു ചാടുക.ഒരിക്കല്‍ പടിക്കല്‍ സന്തോഷിന്‍റെ വീട്ടില്‍ ചെന്ന കുമാരേട്ടന്‍ അവന്‍റെ പെങ്ങളോടു ഒരു ചോദ്യമായിരുന്നു.


“എല്ലെടോ സീനേ ഇന്നല ഓര്‍ക്കാട്ടേരി ചന്തേന്ന്*   ഇന്‍റെ ഏട്ടന്‍ വാങ്ങ്യ   വളയൊന്നും ഇന്‍റെ കയ്യിമ്മല്‍ കാണുന്നില്ലല്ലോ ?”


          ആ ഒരൊറ്റ ചോദ്യമായിരുന്നു സന്തോഷിന്‍റെ നാടുകടത്തലിനു കാരണമായതെന്ന്‍ ഇന്നോര്‍ക്കുമ്പോള്‍ ചിരിക്കു വക നല്കുന്നതാണ്. അതിനുശേഷമാണല്ലോ കമ്മ്യൂണിസ്റ്റുകാരനായ കുമാരേട്ടന്‍ പാരയാവാത്ത ഏക സ്ഥലമായ അമ്പലത്തിലേക്ക് ഞങ്ങളില്‍ പലരും കൂടിക്കാഴ്ചകള്‍  മാറ്റിയത്.


       എന്നിട്ടും ഞങ്ങളുടെ പല പരിപാടികളും എല്ലാവരുടെയും വീടുകളില്‍ കൃത്യമായി അറിയുന്നതിന്റെ ഉറവിടം കുമാരേട്ടനാണെന്ന് പാര്‍ട്ടിരഹസ്യം പോലെ വീട്ടുകാര്‍ സൂക്ഷിച്ചതുകൊണ്ട് ഞങ്ങള്‍ കൂട്ടുകാര്‍ തമ്മില്‍ തമ്മില്‍ സംശയത്തിന്‍റെ പേരില്‍ വഴക്കുണ്ടാക്കിയിട്ടുണ്ട് പലപ്പോഴും.അതുപോലെ ഓരോ ജോലിക്കും കയറി കുറച്ചുകാലംകൊണ്ട് തന്നെ ബോറടിച്ചു അത് നിര്‍ത്തി കൂട്ടുകാരുമൊത്ത് ‘സാമൂഹികസേവനത്തിനിറങ്ങുമ്പോള്‍ ‘ അമ്മ പറയും


      "ഇഞ്ഞി പിന്നേം കുമാരന് പഠിച്ചോ...അതാ നല്ലത്.ഓന്‍ ചാവുമ്പോ ഒരാള് മാണ്ടേ* പകരക്കാരനായിറ്റ്‌"




          റിട്ടയര്‍ ആയ ശേഷം അയല്‍പക്കത്തെ പ്രേമന്‍ മാഷ്‌ അല്ലറ ചില്ലറ കോണ്‍ട്രാക്റ്റ്‌ പണികളൊക്കെ ഏറ്റെടുത്ത് നടത്തുന്നത് മുന്‍പ് വിളിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞിരുന്നു.കുമാരേട്ടന്‍ താരമായതും ആ കോണ്‍ട്രാക്റ്റ്‌ കമ്പനിയിലൂടെയായിരുന്നു.


         ഒരിക്കല്‍ പഞ്ചായത്ത് റോഡിന്‍റെ പണിക്ക് ആളു തികയാഞ്ഞപ്പോള്‍ മാഷ്‌ കുമാരേട്ടനെയും കൊണ്ടുപോയത്രെ. ഒരിത്തിരി പിരി കുറവുള്ളത് മാഷിന് അറിയാവുന്നതിനാല്‍ എളുപ്പമുള്ള പണിയാണ് കൊടുത്തത്.റോഡിന്റെ ഒരു വശത്തുനിന്നും വാഹനങ്ങളെ നിയന്ത്രിക്കുക.രണ്ടു കൊടികളും കൊടുത്തു മാഷ്‌ കുമാരേട്ടനെ അപ്പുറത്തെ വളവിലേക്ക് പറഞ്ഞു വിട്ടു.പോകുമ്പോള്‍ ആ ഭാഗത്ത്‌ നിന്നും വരുന്ന വണ്ടികളെ നിര്‍ത്താനും പറഞ്ഞു.

            മറുഭാഗം ക്ലിയര്‍ ആയി ഏറെ നേരം കഴിഞ്ഞിട്ടും കുമാരേട്ടന്റെ ഭാഗത്തുനിന്നും വണ്ടികളൊന്നും വരാഞ്ഞ് മാഷ്‌ ചെന്ന് നോക്കിയപ്പോള്‍ കണ്ടത് അഞ്ചു പത്തു വണ്ടികളും, ചുകന്ന കൊടി ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന കുമാരേട്ടനെയുമാണ്.

“കുമാരാ.........” ഒരൊറ്റ അലര്‍ച്ചയായിരുന്നു മാഷ്‌.


"ഇനിക്കെന്താടാ പെരാന്ത് മൂത്തോ... ഇഞ്ഞി ആ പച്ചക്കൊടി കാണിച്ച് വണ്ടിയെല്ലം ഒഴിവാക്കെടോ"

മാഷിനെ ഒന്നു തറപ്പിച്ചു നോക്കിയ ശേഷം രണ്ടു കൊടികളും കയ്യില്‍ വച്ചുകൊടുത്ത് കുമാരേട്ടന്‍ ഒരൊറ്റ കാച്ചായിരുന്നു.


           "ഞ്ഞാ* കയ്യൊണ്ട് ആങ്ങ്യം* കാണിച്ചേരം പോണോരിക്കു പൂവാരുന്നില്ലേ*? 
മാഷേ ഇങ്ങക്കറിയാല്ലോ ഓര്‍മ്മവെച്ച കാലം മൊതല് ഞാള് പിടിച്ചത് ചെങ്കൊടിയാ...ഇനീപ്പം എന്തിന്‍റെ പേരിലായാലും മാണ്ടൂല്ല* അത് താത്തീറ്റ്* മൂരിയെറച്ചി തിന്നുന്ന പഹയന്മാരെ പച്ചക്കൊടി ഞാന്‍ പൊന്തിക്കൂല്ല....ഇപ്പണി എന്നെക്കൊണ്ടാവൂല്ല.”


           കിട്ടിയ ജോലിയും കളഞ്ഞു  തന്റെ കൊടിയോടുള്ള കൂറും പ്രഖ്യാപിച്ച് കയ്യും വീശി നടക്കുന്ന കുമാരേട്ടനെ നോക്കി തലയില്‍ കയ്യും വച്ച് മാഷ്‌  നിന്നുപോയി. അങ്ങനെ കുമാരേട്ടന്‍ അന്നുമുതല്‍ ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലെ താരമായി മാറി.
















*ഇനിക്കിതൊന്നും = നിനക്കിതൊന്നും.
*തിരിഞ്ഞിറ്റില്ലേ = മനസ്സിലായിട്ടില്ലേ.
*ഇഞ്ഞി = നീ.
*ബടഗര = വടകര.
*ഓര്‍ക്കാട്ടേരി ചന്ത = വടക്കേ മലബാറിലെ പ്രശസ്തമായ കന്നുകാലി ചന്ത. 
*മാണ്ടേ = വേണ്ടേ.
*ഞ്ഞാ = ഞാന്‍.
*ആങ്ങ്യം = ആഗ്യം.
*പൂവാരുന്നില്ലേ = പോകാമായിരുന്നില്ലേ. 
*താത്തീറ്റ് = താഴ്ത്തിയിട്ട്‌.
*മാണ്ടൂല്ല = വേണ്ടില്ല.


     
ഈ കഥ 'മ' ബ്ലോഗേഴ്സ് ഗ്രൂപ്പിന്‍റെ പ്രസിദ്ധീകരണമായ മഴവില്ല് മാഗസിന്‍ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചതാണ്.


 Picture  courtesy: boolokam.com