ഇലമരച്ചില്ലയില്‍

August 18, 2012

കാത്തിടൂ ലോകനാഥാ....
















ദിക്കുകളറിയാത്തെന്‍ ജീവിതത്തേ തന്‍റെ
ദിവ്യപ്രഭാവത്താല്‍ മാറ്റിയോനേ...
അഗതികളാകും ഞങ്ങള്‍ക്കകതാരില്‍ തെളിയുന്നോ-
രോജസ്സും നീ തന്നെ ലോകനാഥാ...
അഞ്ചു നിസ്കാരങ്ങള്‍ നെറ്റിയില്‍ പതിയുമ്പോള്‍
അന്ത്യ പ്രവാചകനെ ഓര്‍ക്കുന്നു ഞാന്‍...

നിന്നുടെ ദര്‍ശനമായ് ഭൂമിയിലവതരിച്ച 
പുണ്യപുസ്തകമെന്നുമോതിടുന്നു ...
ഉള്ളുരുകീയെന്നും തേടുന്നു നിന്നോട്
ഉള്ളറിയാതെ ചെയ്ത പാപങ്ങള്‍ അലിയാനായ് .

പാപികളേറെയുള്ള പാരിതിലെന്നെന്നും
കാലിടറാതെയെന്നെ കാത്തിടേണം പ്രഭോ...
അന്നത്തിന്‍ വിലയറിയാന്‍ അങ്ങു കല്‍പ്പിച്ചുതന്ന
റമദാന്‍ ഷെഹറിന്റെ പുണ്യത്തില്‍ ഞാന്‍ ;
മക്കാ മദീനത്തും , റൌളാ ശരീഫുമെല്ലാം 
മനതാരില്‍ കാണുന്നൂ ഉടയവനേ...

ലൈലത്തുല്‍ ഖദര്‍ വന്നു പുണ്യം വിളമ്പുമ്പോള്‍ 
അറിയുന്നു ഞാന്‍ നിന്‍റെ മഹത്വമിന്ന്‍...
ശംസും ഖമറുമെല്ലാം നിന്നെ വണങ്ങുമ്പോള്‍
സത്യ പ്രവാഹിയായ് നീ മുന്നിലെന്നും...
കാത്തിടൂ എന്നെന്നും കാത്തിടൂ നീയെന്നേ-
യിഹത്തിലും പരത്തിലുമനുഗ്രഹിക്കൂ..
കേട്ടിടൂ എന്‍ വിളി കേട്ടിടൂ നീയെന്റെ 
ആത്മപ്രണാമങ്ങള്‍ കാല്‍ക്കലെന്നും..




Picture courtesy : magesticmuslimah.blogspot.com

August 9, 2012

ചന്ദ്രശേഖരന്‍























ജീവിതവഴിയില്‍ ,
ആശയത്തിന്‍റെ വഴിയില്‍ 
അവന്‍ മുന്നേ നടന്നു. 
ഞങ്ങളുണ്ടായിരുന്നു
നിഴലുപോലന്ന്.
എന്നിട്ടും
മരണത്തിലേക്ക് മാത്രം
അവന്‍ ഒറ്റയ്ക്ക് നടന്നു.

ഇരുളിന്റെ മറവില്‍ ഭീരുത്വത്തിന്റെ
അമ്പത്തൊന്നു വെട്ടുകള്‍ കൊണ്ട്
കൊത്തി നുറുക്കുമ്പോളും
അവനമ്മേയെന്നു വിളിച്ചില്ല.
ജീവനറ്റു പോകുമ്പോഴും ചുണ്ടുകളില്‍
ബാക്കിയാക്കിയത്
ഇന്ക്വിലാബിന്റെ ധീരമാം മര്‍മ്മരം.

അത് മരണത്തിനിപ്പുറവും
അവന്‍റെ ചുണ്ടുകളില്‍
പറ്റിപ്പിടിച്ചു നില്‍പ്പുണ്ടായിരുന്നു.
പ്രിയ തോഴരുടെ ചുണ്ടുകളിലേക്ക്‌
പകര്‍ന്നു നല്‍കീടുവാന്‍...
ഇന്നു ഞങ്ങളതേറ്റു വാങ്ങിപ്പടര്‍ത്തുന്നു,
വിറതീര്‍ന്ന ചുണ്ടുകളില്‍ നിന്നും-
കറതീര്‍ന്ന കമ്യൂണിസ്റ്റിന്റെ
ഗര്‍ജ്ജനമായത് പ്രതിധ്വനിക്കുന്നു....

ജീവിക്കുന്നൂ ഞങ്ങള്‍തന്‍ -
നിശ്വാസമായ് ‍;
വലതു ചെരിയാത്തൊരിടതിന്‍റെ-
യിടിമിന്നലുറവയായ്,
രക്തസാക്ഷിത്വത്തിന്‍റെ
പുത്തനര്‍ത്ഥമായ്‌,
ഞങ്ങളുടെയൂര്‍ജ്ജമായ്
അവന്‍
പ്രിയ ചന്ദ്രശേഖരന്‍.....


ഈ കവിത പ്രിയ ടീപ്പിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നു ......


Picture Courtesy :www.thesundayindian.com [edited]