ഇലമരച്ചില്ലയില്‍

September 30, 2013

കുട്ടിപ്രക്ഷോഭകാരികള്‍


         ന്നിലൊരു പ്രക്ഷോഭകാരിയുടെ മനസ്സുണ്ടായത് എന്നുമുതലാണെന്ന് ചോദിച്ചാല്‍ കൃത്യമായി ഉത്തരം പറയാന്‍ എന്‍റെ ബാല്യകാല സുഹൃത്തുക്കള്‍ക്ക് കഴിയും.

            അല്ലെങ്കില്‍ വേണ്ട, ആ കഥ ഞാന്‍ തന്നെ പറയാം. കുറച്ചുദിവസംമുന്‍പ്‌ ഒന്നാം ക്ലാസ്സുമുതല്‍ എന്‍റെ കൂടെ പഠിച്ചിരുന്ന മൂസ്സ എന്ന സുഹൃത്ത്‌ ഈ സംഭവം ഓര്‍മ്മിപ്പിച്ചപ്പോള്‍ നൂറുശതമാനം കാര്യങ്ങള്‍ മനസ്സിലേക്ക് വന്നില്ലെങ്കിലും ഞാനത് ഓര്‍ത്തെടുത്ത് എഴുതുകയാണ്.

        അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് സംഭവം. ഞങ്ങള്‍ തെറ്റിനെതിരെയുള്ള പ്രതികരണം അല്ലെങ്കില്‍ 'അവകാശസമരം' എന്ന നിലയില്‍ ആദ്യത്തെ സമരം സംഘടിപ്പിക്കുന്നത് അന്നാണ്.കാര്യം കേള്‍ക്കുമ്പോള്‍ നിസ്സാരമായി തോന്നിയേക്കാമെങ്കിലും അന്നത് ഞങ്ങള്‍ക്ക് അഭിമാനത്തിന്‍റെ പ്രശ്നമായിരുന്നു. കാര്യം നിസ്സാരം ...പ്രശ്നം ഗുരുതരം എന്നതായിരുന്നു അവസ്ഥ !

            ഞാന്‍ പഠിച്ച എല്‍പീ സ്കൂളില്‍ അഞ്ചാം തരം വരെ ഉണ്ടായിരുന്നു ക്ലാസ്സുകള്‍ . ഉച്ചക്കഞ്ഞി വിതരണം അന്ന് എല്‍ . പി തലം വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ ഉച്ചക്കഞ്ഞിക്കായി കാത്തിരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു.ആയതിനാല്‍ ഞങ്ങള്‍ അഞ്ചാം ക്ലാസുകാര്‍ മുഴുവന്‍ വീടുകളില്‍പോയി ഭക്ഷണം കഴിച്ചു വരികയായിരുന്നു പതിവ്. 

            അന്നൊരു ദിവസം സ്കൂള്‍ പെട്ടെന്ന് ഉച്ചയ്ക്ക് വിടാന്‍ തീരുമാനിച്ചപ്പോള്‍ വച്ച ഭക്ഷണം ബാക്കിയാവാന്‍ സാദ്ധ്യതയുണ്ടെന്നു മനസ്സിലാക്കിയ , ഹെഡ് മാസ്റ്റര്‍ക്ക് പകരം ചാര്‍ജുണ്ടായിരുന്ന ഇംഗ്ലീഷ് ക്ലാസ്സെടുക്കുന്ന അമ്മദ് മാഷ്‌ ഞങ്ങളോട് പറഞ്ഞു ഇന്ന് നിങ്ങള്‍ എല്ലാവര്‍ക്കും സ്കൂളില്‍ നിന്നാണ് ഭക്ഷണമെന്ന്.ചെറുപയറും കഞ്ഞിയും ആണെങ്കിലും വെറുതെ കിട്ടുന്നതല്ലേ ഒഴിവാക്കേണ്ട എന്ന് ഞങ്ങളും കരുതി. തന്നെയുമല്ല വീട്ടില്‍പോയി ഭക്ഷണം കഴിച്ച ശേഷം പെട്ടെന്ന് കളിക്കാനായി ചാടിപ്പോരാന്‍ ഒക്കില്ല എന്ന ഒരു കാരണവും ഉണ്ടായിരുന്നു.

           പക്ഷേ എല്‍ . പീ സ്കൂള്‍ കുട്ടികള്‍ളും അഞ്ചാംക്ലാസ്സിലെ മറ്റു കുറച്ചു കുട്ടികളും കഞ്ഞി കുടിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കുറച്ചുപേര്‍ക്ക്‌ തരാന്‍ കഞ്ഞി ബാക്കിയില്ലാതായി. അങ്ങനെ ഞാനും,എം.കെ മൂസ്സ, ജാഫര്‍ കെ, അനീഷ്‌ വീ.കെ, അനീഷ്‌ പീക്കെ, ഹരീന്ദ്രന്‍ സീ.കെ എന്നിവരുമടങ്ങിയ ചെറുസംഘം ഇതിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചു.

              ഉറങ്ങുന്നവനെ വിളിച്ചുണര്‍ത്തിയിട്ട് ചോറില്ല എന്നു പറഞ്ഞപോലെയുള്ള ആ നടപടിയെ ഞങ്ങള്‍ക്ക് അംഗീകരിച്ചുകൊടുക്കാന്‍ ആവുമായിരുന്നില്ല.അങ്ങനെ കൂലങ്കുഷമായ ചര്‍ച്ചയ്ക്കൊടുവില്‍ ഞങ്ങളൊരു തീരുമാനത്തിലെത്തി. നാട്ടില്‍ എല്ലാവരും ശ്രദ്ധിക്കുന്ന പോക്കര്‍ മാപ്പിളയുടെ കടയിലെ കല്ലുപ്പ് ഇട്ടുവെക്കുന്ന മരപ്പെട്ടിയുടെ പുറത്ത് പോസ്റ്റര്‍ ഒട്ടിക്കുക. !!
സ്കൂളിന്‍റെ തൊട്ടടുത്തുള്ള കടയില്‍നിന്നും ആരോ 'പരീക്ഷപേപ്പര്‍ ' വാങ്ങി വന്നു. പിന്നെ എഴുത്ത് എന്‍റെ ദൌത്യമായിരുന്നു. ബോള്‍ പെന്നുകൊണ്ട് സാഹസികമായി വെണ്ടയ്ക്കാ വലിപ്പത്തില്‍ ഞാനെഴുതി.

" കഞ്ഞി തരാമെന്നു വാഗ്ദാനം ചെയ്തിട്ട് കഞ്ഞി തരാതെ പറ്റിച്ച അമ്മദ് മാഷ്‌ നീതി പാലിക്കുക " 

                പോക്കര്‍ മാപ്പിളയുടെ കടയുടെ തൊട്ടടുത്താണ് മൂസ്സയുടെ വീട്. അവന്‍ വീട്ടില്‍പോയി ഒരുപിടി ചോറുമായി വന്നു. അത് 'പോസ്റ്ററില്‍ ' തേച്ചു പിടിപ്പിച്ച് ഒട്ടിച്ചത് കൂട്ടത്തില്‍ ഏറ്റവും വലിയ വില്ലനായിരുന്ന സീ.കെ ഹരീന്ദ്രനയിരുന്നു. 

               അങ്ങനെ ആ പോസ്റ്റര്‍ ഒട്ടിക്കലിനുശേഷം എല്ലാവരും സമാധാനപരമായി പിരിഞ്ഞു പോകാന്‍ തീരുമാനിച്ചെങ്കിലും ജാഫറിന്‍റെ വീട്ടിലെ നാട്ടുമാവിലെ മാങ്ങ ഓര്‍മ്മവന്നപ്പോള്‍ അങ്ങോട്ടേക്ക് വച്ചുപിടിച്ചു. അവിടെ ജാഫറിന്‍റെയും മൂസ്സയുടെയും വല്ല്യുമ്മ പെറുക്കിവച്ച മാങ്ങകള്‍ രുചിച്ചു വീടുകളിലേക്കു പോയ ഞങ്ങള്‍ പിറ്റേന്ന് ഉണര്‍ന്നത് ഒരു സാധാരണ ദിവസത്തിലേക്കയിരുന്നില്ല എന്ന് മനസ്സിലായത്‌ സ്കൂളില്‍ എത്തിയപ്പോഴായിരുന്നു.

              സ്കൂളിലേക്ക് കയറിയതും ഞാന്‍ കണ്ടത് തലേദിവസം കൂടെയുണ്ടായിരുന്ന കൂട്ടുകാരില്‍ ചിലര്‍ ഹെഡ്മാസ്റ്ററുടെ റൂമിന്‍റെ മുന്‍പില്‍ തലയും കുമ്പിട്ടു നില്‍ക്കുന്നതാണ്. എന്നെ കണ്ടമാത്രയില്‍ മുറ്റത്ത്‌ കളിക്കുകയായിരുന്ന കുറേ കുട്ടികള്‍ ആര്‍ത്തു വിളിച്ചു.... 

അജേഷേ മോനേ.... നിന്‍റെ കാര്യവും പോക്കാ..... 

ഞാന്‍ ഞെട്ടി തീരുംമുന്‍പ് അമ്മദ് മാഷുടെ വിളി വന്നു.

"ഡാ .... ഇവിടെ വാ.... " 

               കാലത്ത് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒഴിച്ചതാണെങ്കിലും ആ 'ഡാ'യുടെ ശക്തിയില്‍ ഒരു മൂത്രശങ്ക വീണ്ടും വന്നോ എന്ന സംശയം ഇന്നുമുണ്ട്. 

             അങ്ങനെ എല്ലാവരും എത്തിയെന്നുറപ്പായപ്പോള്‍ മാഷ്‌ ഞങ്ങളെ ഉള്ളിലേക്ക് വിളിപ്പിച്ചു. അകത്ത് എല്ലാ കുട്ടികളുടെയും പേടി സ്വപ്നമായ ആ വലിയ മരപ്പെട്ടി വായും പൊളിച്ചു നില്‍ക്കുന്നു !!!

                പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും ഇട്ടുവെക്കുന്ന ആ പെട്ടിക്ക് ഞങ്ങളെക്കാള്‍ പൊക്കമുണ്ടായിരുന്നു.എല്ലാവരുടെയും നല്ല ജീവന്‍ പോയിരുന്നു.രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല.... ഒരാവേശത്തില്‍ പ്രതികരിച്ചതിന് ഇത്രവലിയ ശിക്ഷ കിട്ടുമെന്ന് ആരും കരുതിയില്ല. എന്തായാലും പെട്ടിയിലേക്ക് ഇറക്കല്‍ എന്ന ശിക്ഷ ഉറപ്പായി !!!

"ആരെടാ ഇതെഴുതിയത് ?" അമ്മദ് മാഷിന്‍റെ ഞെട്ടിക്കല്‍ 

എല്ലാരും എന്നെയൊന്നു നോക്കി.... ഈശ്വരാ തീര്‍ന്നു...! 


എന്‍റെ നാഡീഞരമ്പുകള്‍ സര്‍വ്വം തളര്‍ന്നു.... പെട്ടതു തന്നെ...! പക്ഷെ ആരെയെങ്കിലും ഒറ്റിക്കൊടുത്ത് രക്ഷപ്പെടാന്‍ അന്ന് ആര്‍ക്കും മനസ്സുവന്നില്ല.

"ഹും... പഠിച്ച കള്ളന്മാരാ എല്ലാവനും......മുട്ടേന്നു വിരിയും മുന്‍പേ അവന്റെയൊക്കെ ഒരു സമരം...ഇങ്ങോട്ട് നീങ്ങി നില്‍ക്കിനെടാ..."

            അങ്ങനെ ഞങ്ങളോട് പെട്ടിയുടെ അടുത്തേക്ക് നീങ്ങിനില്‍ക്കാന്‍ കല്‍പ്പന വന്നു.വിറച്ചുകൊണ്ട് എല്ലാവരും പെട്ടിയുടെ അടുത്തേക്ക് നീങ്ങി നിന്നു. രാജ്യത്തിനുവേണ്ടി തൂക്കിലേറാന്‍ പോകുന്ന വിപ്ലവകാരികളുടെ മുഖഭാവമൊന്നും ആയിരുന്നില്ലെങ്കിലും ഏതാണ്ട് മരവിച്ചുകഴിഞ്ഞിരുന്നു എല്ലാരുടെയും മുഖങ്ങള്‍ !ആരുടെ തലയിലായിരുന്നു ഇങ്ങനെ ഒരു ആശയം വന്നതെന്ന് ഒരുവേള ഞാന്‍ ഓര്‍ത്തുപോയി.

            ഒടുക്കം ആവശ്യത്തിന് പേടിച്ചു എന്നു മനസ്സിലായപ്പോള്‍ കൈവെള്ളയില്‍ ചൂരലുകൊണ്ട് ഒരു ഒന്നൊന്നര പ്രയോഗം നടത്തി മാഷ്‌ ഞങ്ങളെ വിട്ടയച്ചു.പെട്ടിയില്‍ അടച്ചിടല്‍ എന്ന മൂന്നാം മുറയില്‍നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട ഞങ്ങള്‍ വെളിയിലെത്തിയതും അതാ നില്‍ക്കുന്നു ഹെഡ്മാഷായ ചാത്തുമാഷ്.സന്തത സഹചാരിയായ ചൂരല്‍കൊണ്ട് ആന്ഗ്യം കാണിച്ചു ഞങ്ങളെ കഞ്ഞിവെക്കുന്ന ഓലപ്പുരയിലേക്ക് വിളിച്ചു. പിടിച്ചതിലും വലിയതാണല്ലോ പടച്ചോനെ മാളത്തില്‍ എന്നും കരുതി ഏതാണ്ട് കരയാരാറായ മുഖത്തോടെ ഞങ്ങള്‍ അടുത്ത് ചെന്നപ്പോള്‍ മാഷ്‌ കഞ്ഞി വെക്കുന്ന ഗോപാലേട്ടനോട് പറഞ്ഞു.

"ഗോപാലാ ഇതാ നമ്മളെ കഞ്ഞി സമരക്കാര്...... ഇവരെ ഒന്ന് നന്നായി സല്‍ക്കരിച്ചു കളയ്" 

"ഓ...ആയ്ക്കോട്ടെ മാഷേ....ഞാനിതാ അവര്‍ക്കുള്ള സ്പെഷല്‍ എടുത്തു വച്ചിട്ടുണ്ട്." 

             അതും പറഞ്ഞു ഒരു വലിയ പാത്രം കഞ്ഞിയും ഒരു വട്ടയില്‍ പുഴുങ്ങിയ ചെറുപയറും മൂടിതുറന്നു കാണിച്ചു തന്നു..... ഞങ്ങളുടെ കണ്ണു തള്ളിപ്പോയി..... ഇത്രേം കഞ്ഞീം പയറും എപ്പോ തീര്‍ക്കാനാ ഞങ്ങള്‍ !!!

              അന്നു കഴിച്ചത്ര കഞ്ഞിയും പയറും പിന്നെ ഇന്നുവരെ ഞങ്ങളാരും കഴിച്ചിട്ടില്ല !! ഒടുവില്‍ കഴിച്ചു തളര്‍ന്നു ക്ലാസ്സിലെത്തിയ ഞങ്ങളെ മറ്റു കുട്ടികള്‍ എന്തൊക്കെയോ ഭാവത്തോടെ നോക്കുന്നുണ്ടായിരുന്നു....ആരും ഒന്നും ചോദിച്ചില്ല. ചില പെണ്‍കുട്ടികളുടെയൊക്കെ നോട്ടത്തില്‍ ഒരു ആരാധന മിന്നി മറഞ്ഞിരുന്നോ.... അറിയില്ല. എന്തായാലും ഇന്നത്തെപ്പോലെ എല്‍ പി സ്കൂള്‍ കുട്ടികള്‍ക്ക് പ്രണയമെന്തെന്നറിയാഞ്ഞതുകൊണ്ട് കഥയ്ക്ക്‌ അത്തരത്തിലൊരു ക്ലൈമാക്സ് ഉണ്ടായില്ല.

                അന്നത്തെ സമരം പരാജയപ്പെട്ടെങ്കിലും ഇന്നുമത് മനസ്സില്‍ മായാതെ കിടപ്പുണ്ട്, തെറ്റിനെതിരെ പ്രതികരിക്കുക എന്ന മൌലികാവകാശം ഉപയോഗിക്കണമെന്ന ചിന്തയുദിച്ച മനസ്സുകള് ;തോളോട് തോള്‍ ചേര്‍ന്നുനിന്ന എന്‍റെ പ്രിയപ്പെട്ട ചങ്ങാതിമാര്‍ ......
കുട്ടിപ്രക്ഷോഭകാരികള്‍ !!

September 24, 2013

അതുകൊണ്ടായിരുന്നില്ല!!

തനിക്കുചുറ്റുമുള്ള വയലുകള്‍ തരിശ്ശായി 
വെള്ളംകയറി മരിക്കുന്നതുകണ്ട് സങ്കടമായപ്പോള്‍ 
കുന്ന്‍ സ്വയം ഇടിഞ്ഞിറങ്ങി അവയെ-
യാശ്ലേഷിച്ചുയര്‍ത്തിയെടുത്തു..
അങ്ങനെ വയലുകള്‍ വാസയോഗ്യമായ് മാറി;
അല്ലാതെ ആരും ലാഭാക്കൊതികൊണ്ട് 
കുന്നുകള്‍ ഇടിച്ചു നിരത്തിയതായിരുന്നില്ല!!

വൃത്തിരഹിതമായ റോഡുകള്‍ കണ്ട് മഴ
നിര്‍ത്താതെ പെയ്ത് കുതിര്‍ത്ത് നിര്‍ത്തി
നാലഞ്ചു ദിനങ്ങള്‍ക്കപ്പുറം കഴുകി വെടിപ്പാക്കി;
അല്ലാതെ ഓടകളും റോഡുകളും അശാസ്ത്രീയമായതിനാല്‍
വെള്ളം കെട്ടി നിന്നതായിരുന്നില്ല !!

ഭക്ഷ്യവസ്തുക്കള്‍ ജനങ്ങള്‍ ധൂര്‍ത്തടിക്കുന്നതുകണ്ട്
കൃഷിയിടങ്ങള്‍ ആത്മാഹുതി ചെയ്തതു കൊണ്ടാണ്
വിലക്കയറ്റമുണ്ടായത് ;
അല്ലാതെ ഭരണക്കാരുടെ പിടിപ്പുകേടുകൊണ്ടോ,
കുത്തകകള്‍ കൃത്രിമക്ഷാമം സൃഷ്ടിച്ചതുകൊണ്ടോ ആയിരുന്നില്ല !!

എണ്ണപ്പാടങ്ങള്‍ വറ്റിപ്പോകുന്നതു ഭയന്ന്
കുറച്ചുമാത്രം എണ്ണ വിതരണം ചെയ്യാനാണ്
എണ്ണവില കുത്തനെ കൂട്ടിയത് ;
അല്ലാതെ പാവം മുതലാളിമാരെ സഹായിക്കാനായിരുന്നില്ല !!

നാട്ടില്‍ സമാധാനം കൂടിയതുകൊണ്ടാണ്
ആളുകള്‍ വിലകുറഞ്ഞ കയറുകള്‍ വാങ്ങി മരങ്ങളില്‍ കെട്ടിത്തൂങ്ങുന്നത്.
മരങ്ങള്‍ തീരുമ്പോള്‍ അവനവന്‍റെ നിഴലുകളില്‍
അവര്‍ നാളെ കെട്ടിത്തൂങ്ങാന്‍ പോകുന്നതും;
അതൊന്നും നാടു ഭരിക്കുന്നവരുടെ കുഴപ്പം കൊണ്ടല്ല;
ആയിരിക്കുകയുമില്ല !!.