ഇലമരച്ചില്ലയില്‍

June 27, 2014

പ്രിയപ്പെട്ടവളോട്













കോണുകളൊക്കാത്ത 
തഴപ്പായയില്‍ 

നിറദീപം തലയ്ക്കലായ്,
ശാന്തമായെന്നാല്‍ ,
ചുണ്ടിലവസാന കള്ളച്ചിരി
നിനക്കായവശേഷിപ്പിച്ചു,
ഞാനമര്‍ന്നു കിടക്കുമ്പോള്‍ 

ആരുടെയശ്രുവീണു നനയുമെന്‍ 

നെറ്റിത്തടവും, പാദവും ?
ആരുടെ തേങ്ങലാകുമെന്നേ-
യസ്വസ്ഥമാക്കിടാന്‍ ?

നീയതു കാണുവാന്‍ 
ഉണ്ടാകുവില്ലയോ,
ഇല്ലെങ്കിലെന്‍ കൂടെ
 
യാത്രപോരുന്നുവോ ?
അത്രമേല്‍
 
തമ്മിലൊട്ടിയല്ലോ
 
നാളിതുവരേ നാം
ചരിച്ചതും
ചരിക്കേണ്ടതും !

മൂന്നുപേരവരെന്റെയോമനകള്‍
 
കരഞ്ഞലിഞ്ഞില്ലാതെയാകുമ്പോള്‍
 
നാലാമനാം അവനുണ്ടാകുമോ
 
ചാരെയവരുടെ തോളായി,
ആശ്വാസമേകിടാനായ് ;
പിന്നെയഗ്നിയാലെനി-
ക്കുദകക്രിയ ചെയ്‌തിടുവാന്‍..

അമ്മയുണ്ടാവണേ
 
അപ്പോഴുമെന്നുടെ കാതില്‍
ശകാരമാം സ്നേഹവുമായ്‌,
അമ്മയുണ്ടാവണേ
 
അരുമയായ് നിന്നുടെ
 
മുടികളില്‍ തഴുകലായ് ;
താങ്ങുപോലായ്.

വഴിമറഞ്ഞേകനായ്
 
പിരിയുമെന്‍ ദേഹിയ്ക്കു
മിഴിനീറഞ്ഞുഴറി നീ
വിടപറഞ്ഞീടുമ്പോള്‍
അമ്മയുണ്ടാകണേ
അപ്പോഴും നിന്നുടെ
 
കരതലം തന്നിലമര്‍ത്തിയ
ധൈര്യമായ് !
അമ്മയുണ്ടാകണേ
എപ്പോഴുമെപ്പോഴുമീ-
യുലകം മറയുന്ന
 
നാളുവരെ !


Photo courtesy : kanadaihirlap.com

June 10, 2014

ഉണരാനൊരു പകലില്ലാതത്തവന്‍



നീയാകുന്ന പകലിലേക്കായിരുന്നു 
ഞാനെന്നും 

കണ്ണുതുറന്നിരുന്നത് 

പെണ്ണേ....

നിന്‍റെ ഉടലലകളില്‍ 
വേഗം കിട്ടി
കരയണഞ്ഞിരുന്നൊരു
കുഞ്ഞു വള്ളമായിരുന്നു
എന്‍റെ ജീവിതമിതുവരെ !

ഇനിയെനിക്കീ രാവുകളില്‍
 
തളര്‍ന്നു വീണു
മയങ്ങാനേ
നിവര്‍ത്തിയുള്ളൂ.

ഇനിയെനിക്കീ
 കുഞ്ഞുവള്ളം 
കരയടുക്കാനാവാതെ
അലകളില്ലാത്ത
 മൃതസാഗരത്തില്‍
നുരഞ്ഞു പൊന്താനേ 
ആവതുള്ളൂ.

ഉണരാനൊരു പകലില്ലാത്തവന്റെ
 
രോദനം
 
ഒരു പിന്‍വിളിയായ്പ്പോലും
നീ കേള്‍ക്കുന്നില്ലയോ?

അലകളിലൊട്ടി, 
ജീവിതക്കരപിടിക്കാന്‍ 
ആയുന്നൊരു മനസ്സിന്‍റെ
 
പതറിയ വിളി നീ
കേള്‍ക്കുന്നില്ലയോ ?

June 6, 2014

ഓന്‍ നല്ലൊരു ബാല്യേക്കാരനേനും !










ന്‍ 
നല്ലൊരു ബാല്യേക്കാരനേനും,
പറഞ്ഞിറ്റെന്താ കാര്യം !
നെടുവീര്‍പ്പിട്ടുകൊണ്ട് 

ചീര്വേടത്തി പറഞ്ഞു നിര്‍ത്തിയപ്പോള്‍ 

മാത്വേടത്തി പുരികമുയര്‍ത്തി
ആകാശത്തോട്ടു നോക്കി, 

പിന്നെ 

പതിയെ പറഞ്ഞു

ഇക്കണ്ടകാലം ഇത്തിരേം ആയിറ്റും 
ഓന്റോരു ബിവരോം കിട്ടീല്ലാലോ !
നല്ലോരെ പടച്ചോന്‍ ബേഗം ബിളിക്കും,
അയിനും മാണം ഒരു ബാഗ്യം !
ചീര്വേടത്തിക്കത് ഇഷ്ടായില്ല,
താന്‍ കാലാവധി കഴിഞ്ഞും ഇങ്ങനെയിരിക്കുന്നതെന്താ
എന്നൊരു ദുസ്സൂചന അതിലില്ലേ
 
എന്നൊരു സംശയം!

എങ്കിലും ഓര്‍മ്മകളില്‍ ചിക്കി പരതി
 
ചീര്വേടത്തി തുടങ്ങി.
അന്ന്
 
തുലാത്തിലെ മയയാ മനെ...
ചായിന്റൊരു മയ.
പീട്യത്തലക്കല് ദാമു
 
ആച്ചേനേം പൂച്ചേനേം കാണാണ്ട്
ഒറ്റ ഇരിപ്പേനും !
നേരം മൊരം മോന്ത്യായപ്പോ
ഓനും തോന്നീക്കിണ്ടാവും
 
കാത്തിറ്റൊന്നും കാര്യേല്ല,
 
ബെളക്കിലെ എണ്ണ
തീരലെ ഇണ്ടാവൂന്ന്‍..

അങ്ങനെ നീണ്ട എവറഡീന്‍റെ
 
ഞെക്ക്ബെളക്കും കത്തിച്ച്
ഓനെന്നെ നീട്ട്യോരു വിളിയാ
ചീര്വേടത്തീ ഞാ പോയിനേന്ന്‍ ....
ആ പോക്ക് പോയതാ ഓന്‍
 
പിന്ന വന്ന്‍ക്കില്ല....ഒരുകാലത്തും.
വാക്കുകള്‍ മുറിഞ്ഞു
 
ചീര്വേടത്തിയുടെ തൊണ്ടയില്‍നിന്നും
 
കുറുകല്‍ മാത്രമുയര്‍ന്നു.

നല്ല നെടുപ്പായിറ്റ്, ചോന്ന നെറോം
കട്ടിമീശേം,
 
വെള്ളേം വെള്ളേം മുണ്ടും കുപ്പായോം,
ഓന്
 
ഒതേനന്റെ എടുപ്പേനും.
കൈയ്യും വീശി,
 
നെഞ്ഞുംവിരിച്ച്,
തച്ചോളിതായ വയിലിക്കൂടി
 
ബെരുന്നത് കാണ്വേന്‍ തെന്നെ
 
ഒരു ഇതേനും.

ദാ
ഇന്നലെ കണ്ടപോലെ മാത്വേടത്തി
 
വര്‍ണ്ണിച്ചപ്പോള്‍ ഞാനും
ദാമുവിനെ,
 
അല്ല ദാമുവേട്ടനെ
മുന്നില്‍ കണ്ടപോലെ !

കോടമയേത്ത് കല്ലേരി കെനാല്‍ല്
 
ബെള്ളം കേരി
 
ഓന്‍ മരിച്ചുപോയാന്ന്‍
ഞാളാരും
 
ബിശ്വസിച്ചില്ല
ഓന്‍ കാണാത്ത വെള്ളോ പൊയയോ
ഇക്കണ്ട നാട്ടിലേട്യാ ഇള്ളേ ?
ഓന്‍ അങ്ങന്യോന്നും ചാവൂല്ല
ഞാക്കൊറപ്പാ...
രണ്ടുപേരുടെയും ശബ്ദമപ്പോള്‍
 
ദൃഡമായിരുന്നു.

ഓനൊരു കമ്മൂണിസ്റ്റേനും,
ആരോ ബെറുപ്പുള്ളോര് കൊന്ന്
കൊള്ളോട് കൂട്ടി കെളച്ചതാന്നും
അതെല്ല,
ഓന്റെ ഓക്കൊരു രഹസ്യക്കാരന്‍
 
ഇള്ളത് ദാമു അറിഞ്ഞപ്പോ
ഓലെ രണ്ടാളേം ഒത്താശേല്‍
 
ആരോ ഓന തീര്‍ത്തതാന്നും കേള്‍വീണ്ടായി.

പുകയിലയ്ക്കായ്
കോന്തലയിലെ കെട്ടുപരതിക്കൊണ്ട്,
 
നരച്ച കണ്ണുകള്‍ അടച്ചും തുറന്നും
 
അവര്‍ പറഞ്ഞു
 
ചീര്വേടത്തീന്നൊരു വിളി
 
ഇപ്പളും എന്‍റെ ചെവീല്ണ്ട് മനേ....

മാത്വേടത്തിയും, ചീര്വേടത്തിയും
പത്തു നാല്‍പ്പത്തഞ്ചു വര്‍ഷങ്ങള്‍
 
പുറകിലെയോര്‍മ്മകളില്‍
 
തറഞ്ഞു നില്‍പ്പാണ്,
 
ഞാന്‍
 
കാലന്‍കുട കുടഞ്ഞു നിവര്‍ത്തി;
മഴയ്ക്ക്‌ ശക്തി കൂടുംമുന്‍പേ
വീടെത്തണം !



കുറിപ്പ്‌ : പഴയ കടത്തനാട്, ഇന്നത്തെ വടകരയുടെ ഗ്രാമപ്രദേശങ്ങളില്‍ ഉപയോഗിച്ചു വന്നിരുന്ന പഴയ തലമുറയുടെ ഭാഷയാണിത്. ഇതിലെ പല വാക്കുകളും ഇന്നത്തെ തലമുറയ്ക്ക് മനസ്സിലായെന്നു വരില്ല., കാരണം കാലം മാറിയപ്പോള്‍ മലയാളത്തിന്‍റെ പൊതു സ്ലാങ്ങിലേക്ക് മാറിക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.


Photo courtesy: www.ntprints.com


June 1, 2014

അതിനാല്‍ ......














നിക്കുമ്പോള്‍ തന്നെ 
ആശങ്കയുണ്ടായിരുന്നു 

എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് !
വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും 

വിട്ടുപോകുമെന്നു ഭയപ്പെടുത്തിയിട്ടുണ്ട്,
വെന്റിലേറ്ററിന്‍റെ സഹായത്താല്‍ 

തിരിച്ചു വന്നിട്ടുമുണ്ട് !
ആദ്യത്തേതു പക്ഷേ ....
ഒരു നീണ്ട കാലത്തെ
 
ശവാവസ്ഥയായിരുന്നു.
വര്‍ഷങ്ങളോളം
 
എവിടെയാണെന്നുപോലുമറിയാതെ...
പിന്നീട് ..
തിരിച്ചുവന്നപ്പോള്‍
 
ജീവിക്കാനുള്ള കൊതിയായിരുന്നു
 
ഉള്ളു നിറയെ.
ഒരു
 
ചുഴലിക്കാറ്റുപോലെ...
പേമാരിപോലെ...
പക്ഷേ ,
പിന്നീടും ഒരുപാടുവട്ടം
 
തീര്‍ന്നെന്നു കരുതിയതാണ് ,
നനഞ്ഞ തറ്റുടുത്ത് കലമെടുക്കാന്‍
 
മനസ്സോങ്ങിയതുമാണ്.
എന്നിട്ടും തിരിച്ചു വന്നു,
 
അതിശക്തമായ് .
ഇന്നിപ്പോള്‍ നമ്മള്‍ രണ്ടും നഷ്ടപ്പെട്ട്
അനാഥയാകും എന്നറിയുമ്പോള്‍
ഞാന്‍ തന്നെ ചെയ്യാം ആ പാതകം...
അല്ലെങ്കിലും ..
നിന്റെമേല്‍ കുറ്റമാരോപിക്കാന്‍
 
തെല്ലുമാവില്ലല്ലോ എനിക്കന്നുമിന്നും !
കഴുത്തു ഞെരിച്ചു പിടയാന്‍ പോലും വിടാതെ
ഞാന്‍ കൊന്നൊടുക്കാം....
നമ്മുടെ പ്രണയത്തെ.
വരികള്‍ നനഞ്ഞൂര്‍ന്നുപോയ
 
പുസ്തകത്തിലെ വരകള്‍ മാത്രം
 
ബാക്കിയായപോല്‍ ....
ഓര്‍മ്മകള്‍തന്‍ മായാരേഖകള്‍
 
മാത്രമവശേഷിപ്പായ് !



Photo courtesy : mushthaque you safe