ഇലമരച്ചില്ലയില്‍

February 18, 2014

മാഞ്ഞതും മായാത്തതുമായ ചില ഓര്‍മ്മകള്‍


'ഓര്‍മ്മകളേ... കൈവള ചാര്‍ത്തി വരൂ‍ വിമൂകമീ വേദിയില്‍...'

ഓര്‍മ്മകളെപ്പറ്റി എന്തുമാത്രം പാട്ടുകള്‍ നമ്മുടെ മലയാള ഗാനശാഖയിലുണ്ട് !പലതും നമ്മുടെ പോയകാലത്തിന്റെ നൊമ്പരങ്ങളുടെയോ ഇഷ്ടങ്ങളുടെയോ കൂടെമാത്രമേ മനസ്സിലേക്ക് കടന്നു വരാറുള്ളൂ. 

'ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്ന മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍ ....'

ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ വരികള്‍ നമ്മളെ പലപ്പോഴും ആ പഴയ വള്ളി നിക്കറുകാരനായോ / മുറിപ്പാവടക്കാരിയായോ പഴയ വീട്ടിന്‍റെ മുറ്റത്തോ തൊടിയിലോ കായ്ച്ചു നില്‍ക്കുന്ന മാവിന്‍ ചുവട്ടില്‍ എത്രയോ വട്ടം കൊണ്ടു നിര്‍ത്തിയിട്ടുണ്ട് !

പോയകാലം കൃത്യമായി ഓര്‍മ്മയുണ്ടാവുക എന്നത് ഒരു എഴുത്തുകാരന് അനുഗ്രഹമാണ്
,
 പക്ഷേ ഒരു ശരാശരി മനുഷ്യനായി ജീവിക്കാന്‍ ഓര്‍മ്മ പോലെത്തന്നെ മറവിയും അത്യന്താപേക്ഷിതമാണ്.ജീവിതത്തിലെ ഓരോ മുഹൂര്‍ത്തങ്ങളും അതെത്ര പഴയതായാലും ഓര്‍ത്തെടുത്ത് എഴുതുന്നവരെ കാണുമ്പോള്‍ അസൂയ തന്നെയാണ് തോന്നാറ്. മുന്‍പെങ്ങോ കണ്ട സിനിമയാണെങ്കിലും ഓര്‍ത്തെടുത്ത് കഥയും ആ സിനിമയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും പറഞ്ഞുതരുന്ന ചില കൂട്ടുകാര്‍ നിങ്ങള്‍ക്കുമുണ്ടാവും. അവരോടു തോന്നാറില്ലേ ചെറിയൊരു അസൂയ ? അതുതന്നെയാണ് ഞാനും പറഞ്ഞുവരുന്ന സംഗതി ! 

പലതും എഴുതണമെന്നുണ്ട്... പക്ഷേ മിക്കവാറും വിഷയങ്ങള്‍ മറവിയുടെ നേര്‍ത്ത ആവരണത്തില്‍ മറഞ്ഞു കിടപ്പാണ്.എങ്കിലും ഇപ്പോള്‍ പല സംഭവങ്ങളും ഓര്‍മ്മവരുമ്പോള്‍ തന്നെ മൊബൈലിലെ ഡയറിയില്‍ ഒരു സൂചനാ വാക്കായെങ്കിലും എഴുതിയിടും.പിന്നെ എന്നെങ്കിലും നേരത്തോടെ എഴുതി പൂര്‍ത്തിയാക്കാം എന്ന വിശ്വാസത്തോടെ.

ഈയടുത്ത് പഴയ എല്‍പി സ്കൂള്‍ കാലത്തെ ഒരു സംഭവം എഴുതുവാന്‍ അന്ന് കൂടെ ആ പോക്കിരി ടീമില്‍ ഉണ്ടായിരുന്ന കൂട്ടുകാരന്‍ തന്നെ സഹായിക്കേണ്ടി വന്നു.
 

ഓര്‍ക്കാതിരിക്കാനുള്ളവയാണ് ശരിക്കും ബാല്യത്തിലും കൌമാരത്തിലും,
 പിന്നെ യൌവ്വനത്തിന്റെ ആദ്യഘട്ടങ്ങളിലുമൊക്കെ കൂടുതലുമുണ്ടായിരുന്നത് എന്നതാണ് സത്യം, ഒരുപക്ഷെ അതുകൊണ്ടു തന്നെയാവാം ആ കൂട്ടത്തില്‍ സന്തോഷം തന്ന വിഷയങ്ങള്‍പോലും മറന്നുപോയതെന്നു തോന്നുന്നു. 

കഴിഞ്ഞദിവസം ഒരു കൂട്ടുകാരനുമായി ഉണ്ടായ ചാറ്റ് ആണ് ഇതെഴുതാന്‍ കാരണം. ചാറ്റ് തുടങ്ങി കുറച്ചായപ്പോള്‍ പൊടുന്നനെ അവന്‍ ചോദിച്ചു
 

"
 നിങ്ങളുടെ ജനനതിയ്യതി ഏതാണ് ?" 

ഡിസംബര്‍ പതിനാല് .

"ഓഹ് നിങ്ങള്‍
 സാജിറ്റേറിയന്‍ ആണല്ലേ?" 

അതെ,
 അതിനെന്താണ്  കുഴപ്പം ?

"കുഴപ്പങ്ങളും ഗുണങ്ങളുമായി പലതുമുണ്ട്,
 പക്ഷേ ഞാന്‍ മനസ്സിലാക്കിയ ഒരു പൊതുകാര്യമുണ്ട്, മറ്റൊന്നുമല്ല.... പൊതുവേ സാജിറ്റെറിയന്‍സ് പ്രണയനഷ്ടമുള്ളവരാണെങ്കില്‍ ആ ഓര്‍മ്മ ഒരു നേരിപ്പോടുപോലെ ഉള്ളില്‍ നീറിക്കൊണ്ടിരിക്കും.നിങ്ങളുടെ 'ജീവിതപ്പെരുവഴിയില്‍ ' എന്ന കഥയിലെ റമീസിന്റെ അവസ്ഥപോലെ.

അപ്പോ നിന്‍റെ സ്റ്റാര്‍ എന്താണ്
 ?

"ഞാനും
 സാജിറ്റേറിയന്‍ തന്നെ" അവന്‍റെ മുഖത്തെ ജാള്യത ചാറ്റിങ്ങില്‍ ആയിട്ടുപോലും എനിക്കു കാണാന്‍ കഴിഞ്ഞു ! 

"അവളും
 സാജിറ്റേറിയന്‍ ആണ്. നിങ്ങളുടെ ജന്മദിനത്തിന് ആശംസ പറയുമ്പോള്‍ ഞാനവളെ ഓര്‍ത്തു, അന്നായിരുന്നു അവളുടെയും ജന്മദിനം  "

അവന്‍ പതിയെ ചില ഓര്‍മ്മകള്‍ എന്‍റെ മുന്നിലേക്ക്‌ കുടഞ്ഞിട്ടു.... എന്‍റെ കഥയിലെ ചില അവസ്ഥകളിലൂടെ കടന്നുപോയതു കൊണ്ടാണത്രേ അതു വായിച്ച ഉടനെ അവനെന്നോട് ചാറ്റ് ചെയ്യണമെന്നും ഇതൊക്കെ പറയണമെന്നും തോന്നിയത് !

അപ്പോള്‍ അവള്‍
 ???

"ആ.....അറിയില്ല,
 കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു."

ഞാനൊന്നും മിണ്ടിയില്ല,
 തുല്ല്യ ദുഖിതരാണു നാം സഖേ ...മനസ്സു പറഞ്ഞു.

"സന്തോഷ്‌ സുബ്രഹ്മണ്യം എന്ന സിനിമ കണ്ടിട്ടുണ്ടോ നിങ്ങള്‍
 ?"

ഉവ്വ്.
"അതിലെ ജെനീലിയ ചെയ്ത കഥാപാത്രമില്ലേ
 , അത് അവളെപ്പോലെ തന്നെയായിരുന്നു, അതേപോലെ നിലത്തു നില്‍ക്കാതെ സ്പ്രിങ്ങുപോലെ ഓടിച്ചാടി നടന്നിരുന്ന പെണ്‍കുട്ടി....ആ ഉടലളവുകള്‍പോലും അതുപോലെ....
കൂടെയുള്ളവരില്‍പ്പോലും തന്‍റെ പ്രസരിപ്പ് പകര്‍ന്നു നല്‍കുന്ന വിശേഷവ്യക്തിത്വം"

"ചെന്നൈയിലെ ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു ഞാന്‍
 , അവള്‍ അടുത്തുള്ള ഒരു ഐടി സ്ഥാപനത്തിലും.മാസം അവസാനിക്കുമ്പോഴേക്കും കിട്ടുന്ന എന്‍റെ ശമ്പളം കുറച്ചു ദിവസങ്ങള്‍ കൊണ്ട് തീരും, പിന്നെയങ്ങോട്ടു ആ മാസം തീരുന്നതുവരെ അവളുടെ എ.ടി.എം കാര്‍ഡായിരുന്നു ആശ്രയം.അങ്ങിനെ വലിയൊരു തുക ഞാനവള്‍ക്ക് കൊടുത്തു തീര്‍ക്കാനുണ്ട്, ഇന്നും അതെന്നെ അസ്വസ്ഥമാക്കുന്നുണ്ട്.അവള്‍ തന്ന പ്രണയവും അവള്‍ തന്ന പണവും ഇന്നും തിരിച്ചുകൊടുക്കാനാവാതെ എന്നിലൊരു വിങ്ങലായ് .... " അവന്‍റെ വാക്കുകള്‍ നെഞ്ചില്‍ പൊടിഞ്ഞു കുതിരുന്നത് എനിക്കു മനസ്സിലാകുമായിരുന്നു.... 

കുറച്ചൊരു ഇടവേളയ്ക്കു ശേഷം അവന്‍ വീണ്ടും തുടങ്ങി "സാജിറ്റേറിയന്‍മാര്‍ക്ക് ഇങ്ങനെയുള്ള കാര്യങ്ങള്‍ മറക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണെന്ന് ഞാന്‍ തുടക്കത്തിലേ പറഞ്ഞതാണ്.... പലരും നിങ്ങളുടെ പ്രണയവും വിഷാദവുമൊക്കെ വിഷയമാകുന്ന രചനകളെ തമാശയാക്കുമ്പോള്‍ പക്ഷേ അതൊക്കെ എന്തുകൊണ്ട് സംഭവിക്കുന്നു എന്നെനിക്കിപ്പോള്‍ മനസ്സിലാകുന്നു."

സാജിറ്റേറിയന്‍ എന്ന സൂര്യരാശിയിലെ എന്‍റെ ജന്മനക്ഷത്രമാണോ എന്നെക്കൊണ്ട് വിരഹവും,
 പ്രണയവും എഴുതിക്കുന്നത് ? അതെ നക്ഷത്ര ജാതനായതുകൊണ്ടാണോ എന്‍റെ ജീവിതം ഇങ്ങനെയൊക്കെയായി മാറിയത് ?
അങ്ങനെയുള്ള ചില ചോദ്യങ്ങളും എന്നിലവശേഷിപ്പിച്ച് "പുറത്തുപോകാന്‍ കൂട്ടുകാര്‍ കാത്തിരിക്കുന്നു,
 പിന്നെ കാണാം" എന്നും പറഞ്ഞ് അവന്‍ പോയി....

ഓര്‍മ്മകള്‍ അടര്‍ന്നുപോകാതെ ഇന്നലെകളില്‍നിന്നു പടര്‍ന്നുകയറി ഇന്നിനെ വരിഞ്ഞു മുറുക്കി നാളെയിലേക്കു തന്‍റെ നാമ്പുകള്‍ നീട്ടി സിരകളിലും ഹൃദയത്തിലും വേരുകളാഴ്ത്തുമ്പോഴുള്ള നീറ്റല്‍ .... അത് ഒരിക്കലെങ്കിലും അനുഭവിച്ചവരുടെ മുന്നിലേ നമ്മളുടെ ഓര്‍മ്മകളുടെ കെട്ടഴിക്കാവൂ.... അല്ലെങ്കില്‍ അതൊരു മുഷിഞ്ഞ ഭാണ്ഡത്തിന്‍റെ ഗന്ധമായി മാത്രമേ അനുഭവപ്പെടൂ....!

"ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം,
 
ഓര്‍മിക്കണം എന്ന വാക്ക് മാത്രം"
 

മുരുകന്‍ കാട്ടാക്കടയുടെ 'രേണുക'യിലെ ഈ വരികള്‍ ചേര്‍ത്ത് ഞാനടയ്ക്കട്ടെ ഈ ഓര്‍മ്മക്കുറിപ്പ്‌.




Photo courtesy : Abhijeet Vardhan

February 14, 2014

സത്യം വദ ധര്‍മം ചര.

          കേജ്രിവാള്‍ ..... നിങ്ങളുടെ തീരുമാനം ഡെമോക്ലസ്സിന്റെ വാളുപോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ തലയ്ക്കുമീതെ തൂങ്ങിക്കിടക്കും !

നാട് നന്നായില്ലെങ്കിലും വേണ്ട തങ്ങള്‍ക്ക് ചെല്ലും ചെലവും തന്നു നിലനിര്‍ത്തുന്ന റിലയന്‍സിനെപ്പോ
ലെയുള്ള തംബുരാക്കന്മാരോടുള്ള വിധേയത്വം കാണിക്കാന്‍ വേണ്ടി രണ്ടു പ്രമുഖ കക്ഷികള്‍ കളിച്ച നാടകം അസ്സലായിട്ടുണ്ട് !! വെല്‍ഡണ്‍ കോണ്‍ഗ്രസ്സ്, വെല്‍ഡണ്‍ ബീ ജെ പി ! നിങ്ങളാണ്, നിങ്ങള്‍ മാത്രമാണ് ഇന്ത്യ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ ! 

സാധാരണക്കാരായ ശതകോടികള്‍ സ്വപ്നം കണ്ടു തുടങ്ങുകയായിരുന്നു; ഞങ്ങളുടെ നാടും നന്നാവും, അഴിമതിയും സ്വജനപക്ഷപാതവും വെടിഞ്ഞു ഞങ്ങള്‍ വോട്ടു ചെയ്തു ഭരണത്തിലെത്തിച്ച എല്ലാവരും തെറ്റുകള്‍ തിരിച്ചറിഞ്ഞു നാടിന്‍റെ നന്മ മാത്രം ലക്ഷ്യമാക്കി നാട് ഭരിക്കുമെന്നും, അങ്ങിനെ ഇന്ത്യ ലോകത്തിന്റെതന്നെ നെറുകയില്‍ എത്തുമെന്നും...എവിടെ ?

ഒന്നും നടക്കില്ല, ഒന്നും.... ഇന്ത്യ നേരെയാവുമെന്നും മഹാത്മാവു കണ്ട സ്വപ്‌നങ്ങള്‍ പ്രാവര്‍ത്തികമാകുമെന്നും ആശിച്ച കോടിക്കണക്കിനു ജനങ്ങള്‍ ശശിമാരായി !

അല്ലെങ്കിലും സ്വന്തം നട്ടെല്ലുകള്‍ വലിച്ചൂരി റിലയന്‍സിനും മറ്റു കുത്തകകള്‍ക്കും ഉയരത്തിലേക്ക് കുതിക്കുവാന്‍ പാലം പണിതുകൊടുത്ത ഈ കൂപമണ്ടൂകങ്ങള്‍ക്കൊന്നും നേരം വെളുത്തിട്ടില്ല എന്നത് ഉള്‍ക്കൊള്ളാത്ത നമ്മളല്ലേ തെറ്റുകാര്‍ ?

എല്ലാ കാലവും നിങ്ങള്‍ക്ക് ജനങ്ങളെ പറ്റിക്കാന്‍ കഴിയില്ല എന്നതിന്‍റെ ഒരു സൂചനയായിരുന്നു കെജ്രിവാളിന്‍റെ വിജയവും, ഭരണവും.
അത് തീര്‍ന്നു എന്നാശ്വസിക്കുന്ന എല്ലാ ശുംഭന്മാരോടും ഒന്നു പറയട്ടെ... നിങ്ങളുടെയൊക്കെ ആസനത്തില്‍ വാലു കിളിര്‍ത്തോ,
മുഖം കൂര്‍ത്തു വരുന്നുണ്ടോ എന്ന് നോക്കുക, ആദ്യമാദ്യം വാലു കിളിര്‍ത്തവര്‍ അംബാനിമാരുടെ ബംഗ്ലാവുകളുടെ ഓരോരോ നിലകളിലായി സ്ഥാനം പിടിക്കുക.ശിഷ്ടകാലം അവരുടെ കാല്‍ നക്കി, വാലാട്ടി കഴിയുകയാവും ബുദ്ധി, അല്ലെങ്കില്‍ നിങ്ങളെ തെരുവുനായ്ക്കളായി കണ്ടു ജനം കല്ലെറിഞ്ഞു കൊല്ലും....ഉറപ്പ്.

ഇതൊരു പരാജയമല്ല, മറിച്ച് ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കുന്ന ഒരു സുധീരമായ തീരുമാനമാണ് കെജ്രിവാള്‍ എടുത്തത്‌ ! പക്ഷേ ആ തീരുമാനം ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ കുത്തകകള്‍ക്ക് കൂട്ടിക്കൊടുത്ത രാഷ്ട്രീയ പിമ്പുകളെ ചവറ്റുകുട്ടയിലേക്ക് തള്ളുന്നതായിരിക്കും എന്നതില്‍ സംശയമില്ല. !

സാധാരണക്കാരുടെ സാധാരണക്കാരനായ നേതാവേ...... നിങ്ങള്‍ക്കഭിവാദ്യങ്ങള്‍ !!!
 

ഞങ്ങളുണ്ട് കൂടെ..... ജനങ്ങള്‍ , രാഷ്ട്രീയാന്ധത തൊട്ടു തീണ്ടാത്ത, രാഷ്ട്രീയത്തിനുമപ്പുറം രാഷ്ട്രമാണ് വലുതെന്ന്‌ കരുതുന്ന ; നല്ലൊരു ഭാരതം കെട്ടിപ്പടുക്കണം എന്നാഗ്രഹിക്കുന്ന ആം ആദ്മികള്‍ ഉണ്ട് കൂടെ !

(Facebook Status)


പ്രണയദിനത്തില്‍ പറയാനുള്ളത്

       ചിലരൊക്കെ മെസ്സേജ് അയച്ചിരിക്കുന്നു, എന്താണ് പ്രണയമെഴുതുന്ന ആള്‍ പ്രണയദിനമായിട്ട് ഒരു പോസ്റ്റ്‌ ഇടാത്തതെന്ന്ന്. പ്രണയത്തെ കേവലം ഒരു ദിനത്തില്‍ ഒതുക്കാതെ കൊണ്ടു നടക്കുന്ന എനിക്കീ ദിനത്തോട് പ്രത്യേക മമതയൊന്നുമില്ല.എങ്കിലും ഈ ദിവസത്തില്‍ ആര്‍ക്കെങ്കിലും ഇങ്ങനെ ഒരു ആഘോഷം കൊണ്ട് സന്തോഷം / മറ്റു വല്ലതും കിട്ടുമെങ്കില്‍ അത് നല്ലതല്ലേ എന്നതുകൊണ്ട്‌ വിമര്‍ശനമില്ല. എല്ലാവരും സന്തോഷിക്കുക എന്നതാണ് എന്‍റെ നയം. ജീവിതം ഒരു നീര്‍ക്കുമിള പോലെയാണെന് ആരോ പറഞ്ഞിട്ടില്ലേ ? അതുതന്നെ ! അപ്പോ കിട്ടുന്ന സമയം സന്തോഷകരമായി ജീവിക്കുക.

ഭഗവാന്‍ ശ്രീ കൃഷ്ണന്‍ പണ്ട് പറഞ്ഞിട്ടുണ്ട് 
"നിങ്ങള്‍ക്ക് സന്തോഷം തരുന്നതെന്താണോ അത് ചെയ്യുക" എന്ന്, 

ആയതിനാല്‍ നിങ്ങള്‍ക്ക് ഈ ദിനം സന്തോഷം തരുന്നുവെങ്കില്‍ നിങ്ങള്‍ ആഘോഷിക്കുക ! സന്തോഷം, സ്നേഹം , പ്രണയം... എല്ലാം നിറയട്ടെ ജീവിതത്തില്‍
 


പ്രണയമേ നിന്നെക്കുറിച്ചോര്‍ത്തിടാന്‍
 
വെറുമൊരു ദിനം പോരെനിക്കറിയില്ലേ ?
അനുദിനം നിന്നെ ഞാനറിയുന്നു പിന്നെയീ
രണ്ടില്‍ പതിന്നാലിനെന്തു പ്രസക്തി ?
നീയില്ലാതെന്തുണ്ടോമനേയീയുലകില്‍
 
രാവില്ല, പകലില്ല,
 
വര്‍ണ്ണങ്ങള്‍ പോലുമില്ലറിയില്ലേ
നിനക്കെന്‍ പ്രണയമേ 
പറയു നീ.




ഫോടോ കടപ്പാട് : ഗൂഗിള്‍

February 10, 2014

ചാറ്റലായ് ഞാന്‍










പ്രിയേ...
കരുത്തോടെ പെയ്യണമെന്നുണ്ടെനിക്ക്,
ആവേശത്തോടെ 
കുത്തിയൊലിച്ചിറങ്ങണമെന്നും.
പക്ഷേ നിന്നെ വേദനിപ്പിച്ചേക്കാം
ആ മഴത്തുള്ളികളെന്നോര്‍ത്ത് 
ഞാനൊരു ചാറ്റലായ് പെയ്യുന്നു,
നിന്നെ മൃദുവായ് തഴുകി പുണര്‍ന്ന് !








February 9, 2014

നീയും നിലാവും

   

         ല്ല തണുപ്പുണ്ടായിരുന്നു ഇന്നലെ രാത്രി,എന്നിട്ടും ഞാന്‍ മുറിവിട്ടു പുറത്തിറങ്ങി.നിലാവില്‍ കുളിച്ചു കിടക്കുന്ന പരിസരം. പാര്‍ക്കിങ്ങിന്‍റെ വശങ്ങളിലായി വച്ചു പിടിപ്പിച്ച ചെടികള്‍ക്കുമേല്‍ ഇരുട്ടും വെളിച്ചവും ഇടകലര്‍ന്ന് കിടക്കുന്നത് പ്രത്യേക ഭംഗി തോന്നിപ്പിച്ചു.ചില ഇലകളില്‍ വീണ മഞ്ഞിനെ നിലാവ് ഉമ്മവെച്ചു തുടുപ്പിച്ചിരുന്നു.

          ആകാശത്ത് പൊട്ടുകള്‍പോലെ കാണായ നക്ഷത്രങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണതയിലെത്താന്‍ പോകുന്ന ചന്ദ്രന്‍ .മൂന്നുനാലു ദിവസം കഴിഞ്ഞാല്‍ പൌര്‍ണ്ണമിയാണ്....!

          ചന്ദ്രനെക്കാണുമ്പോള്‍ മുന്‍പെനിക്ക് ഓര്‍മ്മ വരാറുണ്ടായിരുന്നത് കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്ന കഥയിലെ മുയല്‍ക്കുഞ്ഞിനെയാണ്.എത്രയോവട്ടം ചന്ദ്രനിലെ മുയല്‍ക്കുഞ്ഞിന്റെ രൂപം കാണാന്‍ ഞാനിരുന്നിട്ടുണ്ട്.

         പക്ഷേ ചന്ദ്രനില്‍ ഇന്നു ഞാന്‍ തേടുന്നത് നിന്‍റെ മുഖം മാത്രമാണ്. പരിഭവങ്ങളും, പ്രണയവുമൊളിപ്പിച്ചുവച്ച നിന്‍റെ മുഖം മാത്രം !!

         കാതങ്ങള്‍ അകലെനിന്നു നീ കാണുന്ന അതെ ചന്ദ്രനെ കണ്ടിരിക്കുമ്പോള്‍ പ്രിയപ്പെട്ടവളെ....... എന്നില്‍ നിറയുന്ന നിന്നെയെനിക്കറിയാന്‍ കഴിയുന്നു...!


Photo Courtesy : Google