ഇലമരച്ചില്ലയില്‍

January 21, 2014

വിലയില്ലാത്തവര്‍


കുത്തെടുക്കാന്‍ നമുക്ക് 
നീലാകാശമേ ഉണ്ടായിരുന്നുള്ളൂ...
മണ്ണായ മണ്ണെല്ലാം പണമുള്ളവര്‍
വേലികെട്ടി തിരിച്ചിരുന്നു.

വക്കുകളടര്‍ന്ന ഓവുചാല്‍ സ്ലാബില്‍ 
മലര്‍ന്നുകിടന്നു മേലേക്ക് നോക്കി നാം
ആകാശത്തെ വീതം വച്ച് കളിച്ചു.
മേഘങ്ങള്‍ വേലികളില്ലാത്ത നമ്മുടെ
സാമ്രാജ്യത്തിലൂടെ പാറിനടന്നു.

ഇറ്റിറ്റു വീണ മഴത്തുള്ളികള്‍
രുചിച്ചപ്പോള്‍ നമ്മുടെ കണ്ണ് നിറഞ്ഞിരുന്നു.
തൊട്ടടുത്ത കടക്കാരന്റെ ചില്ലുകൂട്ടിലെ
വര്‍ണ്ണക്കുപ്പികള്‍ അന്നേരം
നമ്മെ നോക്കി എന്തോ പറഞ്ഞുവല്ലേ ?

അരികിലൂടെ കടന്നുപോയ കുഞ്ഞുങ്ങളുടെ
കയ്യിലെ പുസ്തകങ്ങള്‍ നമ്മെ നോക്കി മുഖം ചുളിച്ചു !
വിലകൂടിയ പുസ്തകങ്ങളല്ലേ,
വിലയില്ലാത്ത നമ്മളെ
അവര്‍ക്കും പിടിച്ചുകാണില്ല.

അല്ലെങ്കിലും
പൊടിപിടിച്ച തറയില്‍ വിരിക്കുന്ന
കടലാസുകളിലെ അക്ഷരങ്ങള്‍
ഒരിക്കലും നമ്മെ പ്രലോഭിപ്പിച്ചിരുന്നില്ല !
നമ്മളിതൊക്കെയാണെന്നു നമുക്കറിയാമെന്നതിനാല്‍
നമുക്കൊന്നിനും ഒരു ബേജാറുമില്ലല്ലോ !!!


Photo courtesy: urbantimes

14 comments:

 1. ദാരിദ്ര്യത്തിന്റെ ഏറ്റവും വേദനാജനകമായ മുഖം കുഞ്ഞുങ്ങളുടേതാണ് - സമൂഹം അവരോട് വലിയ നീതിനിഷേധമാണ് ചെയ്യുന്നത്. ഒരു രാഷ്ട്രം വാഗ്ദ്ധാനം ചെയ്യുന്ന പല സൗകര്യങ്ങളും അവർക്കുകൂടി അവകാശപ്പെട്ടതാണെന്ന് നാം മറന്നുപോവുന്നു. അവർക്കുകൂടി അവകാശപ്പെട്ടത് നാം കവർന്നെടുക്കുന്നു....

  - കവിത വായിച്ചപ്പോൾ ഇതു പറയാൻ തോന്നി അജേഷ്

  ReplyDelete
  Replies
  1. ചേരികളിലും മറ്റു തെരുവോരങ്ങളിലും ജനിച്ചു ജീവിക്കുന്ന കുഞ്ഞുങ്ങളെ നമ്മള്‍ അറിഞ്ഞോ അറിയാതെയോ നിഷേധിക്കുന്നു.... ഈ ഭൂമിയില്‍ അവര്‍ക്കും അവകാശമുണ്ടെന്നത് നാം സൌകര്യപൂര്‍വ്വം മറക്കുന്നു.
   വളരെ നന്ദി മാഷേ... വായനയ്ക്കും മറക്കാന്‍ പാടില്ലാത്ത ഒരു യാഥാര്‍ത്ഥ്യം ഈ കവിതയോട് കൂട്ടിച്ചേര്‍ത്തു വായിക്കാന്‍ പ്രേരിപ്പിച്ചതിനും :)

   Delete
 2. Kavitha vaayichappol evideyo oru vingal....

  ReplyDelete
  Replies
  1. :( ഹൃദയത്തില്‍ കരുണയും മറ്റുള്ളവരോടുള്ള സ്നേഹവും തുരുമ്പെടുക്കാത്തവര്‍ക്കെ അങ്ങനെയൊരു ഫീല്‍ ഉണ്ടാവൂ... വായനയ്ക്കും ഈ വാക്കുകള്‍ക്കും നന്ദി :)

   Delete
 3. വേലികളില്ലാത്ത സാമ്രാജ്യങ്ങൾക്കുടമകൾ..!! വരികളും,ചിത്രവും പലതും ഉറക്കെപ്പറയുന്നു;ലോകത്തോട്.

  വളരെ നല്ല കവിത.


  ശുഭാശംസകൾ.....

  ReplyDelete
  Replies
  1. സന്തോഷം.... വായനയ്ക്കും പിന്നെ ഈ കുറിപ്പിനും

   Delete
 4. വിലയുള്ളവരാക്കാന്‍ നമുക്ക് കഴിയും, ശ്രമിച്ചാല്‍

  ReplyDelete
  Replies
  1. അണ്ണാരക്കണ്ണനും തന്നാലായത് എന്നപോലെ ചില ചെറിയ പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്, അത് തുടരാനുള്ള അവസ്ഥ എന്നും ഉണ്ടാക്കി തരണം എന്നാണ് പ്രാര്‍ത്ഥന :)

   Delete
 5. "People walking with a price tag on their shoulders" That was the image I had gotten in my mind by the end of the poem. Good work

  ReplyDelete
  Replies
  1. Thanks a lot dear....
   thanks for such an invaluable comment :)

   Delete
 6. പൊടിപിടിച്ച തറയില്‍ വിരിക്കുന്ന
  കടലാസുകളിലെ അക്ഷരങ്ങള്‍
  ഒരിക്കലും നമ്മെ പ്രലോഭിപ്പിച്ചിരുന്നില്ല !
  അങ്ങിനെയാണോ.. ആ അക്ഷരങ്ങള്‍ പ്രലോഭിപ്പിച്ചത് കൊണ്ടല്ലേ പല മഹാന്മാരും ഉണ്ടായതു.

  ReplyDelete
  Replies
  1. ചിലരങ്ങിനെ..പലരിങ്ങനെ !!

   സന്തോഷം.... വ്യത്യസ്തമായ ഒരു പ്രതികരണത്തിന് :)

   നന്ദി... ഈ വരവിനും വായനയ്ക്കും :)

   Delete
 7. വിശക്കുന്ന അനാഥ ബാല്യം!
  ഒരു കുട്ടിക്കഥ ഓര്‍ത്തുപോയി.

  ReplyDelete