ഇലമരച്ചില്ലയില്‍

January 8, 2013

മഞ്ഞുപെയ്ത്തില്‍ മരവിച്ച വാക്കുകള്‍












വാക്കുകള്‍ ...
പ്രണയമെഴുതാനായ് ഞാനൂറ്റി വച്ചവ ;
നിന്‍റെ നിശബ്തതയുടെ
മഞ്ഞുപെയ്ത്തില്‍ മരവിച്ചു പോയ്‌..

മുറിഞ്ഞു ചിതറിയ എഴുത്തോലയില്‍
ഒന്നുരിയാടാന്‍ കഴിയാതെ,
കറുത്തൊട്ടിയ പ്രണയത്തിന്‍റെ
അവ്യക്തമായ കോറലുകള്‍
അങ്ങിങ്ങായി.

പ്രണയ സങ്കല്‍പ്പം നിനക്കെന്നും
പഴഞ്ചനാണെന്ന്
എനിക്കറിയാമായിരുന്നു ;
നീ പറയും മുന്‍പേ.

എന്നിട്ടും ഞാനെഴുതി...
ബോധമുറച്ചുപോവും മുന്‍പ് ;
വരികളെന്നില്‍നിന്നും വിജനതയിലേക്ക്
അലിഞ്ഞില്ലാതായി നഷ്ടപ്പെടും  മുന്‍പ്.

പഴഞ്ചനായത് പ്രണയമല്ലെന്‍ കൈകളാണതില്‍
പിഴുതുമാറ്റാനാവാതെ ഒട്ടിയൊരെഴുത്താണി,
അതിന്നറ്റം കൂര്‍ത്തുചെന്നെന്‍
ഹൃദയത്തില്‍ മുട്ടുന്നു...

തുമ്പുകീറി മെടഞ്ഞ കുരുത്തോലകള്‍ തൂക്കിയാരോ-
ഹൃദയ ധമനികളെയലങ്കരിച്ചിരിക്കുന്നു.
മരണം എന്നിലേക്ക് ആര്‍പ്പുവിളികളോടെ
വരുന്നതിന്‍റെ വിളംബരമാവാം അത്.

ഒരുപക്ഷേ ഒന്നുമേ പറയാതെ -
ഞാന്‍ പോയാല്‍
ഒരു മെഴുകുതിരി വെട്ടം കൊണ്ടെങ്കിലും നീയെന്‍
വാക്കുകളിലെ മഞ്ഞിനെയുരുക്കുക ,
ചിതറിയ എഴുത്തോലചീന്തുകള്‍
വൃഥാശ്രമമെങ്കിലും മുറികൂട്ടി നോക്കുക.

അവിടങ്ങളില്‍ ...
നിന്നോടു പറയാതെപോയോരെന്‍
അലയാഴിയാം പ്രണയമുണ്ടാം
മമ സഖീ...




Picture courtesy :www.wallpapervortex.com

January 4, 2013

മകനും അച്ഛനും.



 ച്ഛന്‍ കിടപ്പിലാണെന്നറിഞ്ഞ്
 തിരക്കിനിടയിലും മകനെത്തി,
 മുഖത്ത് ഗൂഡസ്മിതം...
 പെട്ടെന്നങ്ങു പോകുമല്ലോ എന്നോര്‍ത്ത്.
 കണ്ടു മടങ്ങും വഴിയപകടം 
 മകനെ തിരിച്ചു വിളിച്ചതറിഞ്ഞ -
 അച്ഛന്റെ മുഖത്ത് ദുഃഖം...
 പെട്ടെന്നങ്ങു പോയല്ലോ എന്നോര്‍ത്ത്.




Picture Courtesy : theseframesarehidingplaces.com