ഇലമരച്ചില്ലയില്‍

October 6, 2013

താഴോട്ടേക്കൊരു പ്രമോഷന്‍ !


           കാര്യം എനിക്കിട്ടു കിട്ടിയ എട്ട്, എട്ടേമുക്കാലിന്റെ പണിയെക്കുറിച്ചാണ് പറയാന്‍ പോകുന്നതെങ്കിലും ആ പണി വന്ന വഴികൂടെ പറഞ്ഞാലല്ലേ അത് ശരിയാകൂ.അതുകൊണ്ട് ഞാന്‍ എന്‍റെ പ്രവാസത്തിന്‍റെ ആരംഭം മുതല്‍ പറഞ്ഞു തുടങ്ങാം.

           കുഞ്ഞാക്കയുടെ വിസയിലാണ് ഞാന്‍ ആദ്യമായി ഈ നാട്ടിലേക്ക് വന്നത്. ബനിയാസിലെ ഒരു ഷോപ്പിംഗ്‌ മാളിന്‍റെ ഒന്നാം നിലയിലുള്ള ലേഡീസ് ഷോപ്പിലേക്കായിരുന്നു ആദ്യ നിയമനം. നാട്ടില്‍ നിന്നും ഡിഗ്രി കഴിഞ്ഞു നില്‍ക്കുമ്പോള്‍ ഒത്തുകിട്ടിയ ചാന്‍സില്‍ ഇങ്ങോട്ട് ചാടി തുള്ളി പോരുമ്പോള്‍ ഞാന്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ല.... ഇതിപ്പോ വന്ന അന്ന് തന്നെ തിരിച്ചു പോകണം എന്ന് തോന്നിപ്പോയി, എന്തെന്നാല്‍ ഞാന്‍ ഡിഗ്രിക്ക് പഠിച്ച അറബിയും ഇവിടെ ആളുകള്‍ സംസാരിക്കുന്ന അറബിയും തമ്മില്‍ ഒരു ബന്ധവുമില്ല...അതെന്നെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്. കാരണം പഠിച്ച അറബി പ്രയോഗിക്കാന്‍ ഒരു ചാന്‍സ് ആയല്ലോ എന്നതായിരുന്നു ഇവിടെ വരുംവരെ എന്‍റെയൊരു കണക്കു കൂട്ടല്‍. അതുവഴി നിലവില്‍ ഇവിടെയുള്ള എന്‍റെ നാട്ടുകാരെ ഒക്കെ ഒന്ന് ഞെട്ടിക്കുക .പക്ഷേ എല്ലാ പ്രതീക്ഷകളും വന്ന അന്നുതന്നെ തകര്‍ന്നു.

കൂടെ സെയില്‍സില്‍ ഉണ്ടായിരുന്ന നാട്ടുകാരായ ബാവയും അഷ്റഫും ആശ്വസിപ്പിച്ചു

ഇതൊക്കെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ശരിയാകും, യ്യ് പേടിക്കേണ്ട ഷമീമേ

ആ...ശരിയായാല്‍ എനിക്ക് നല്ലത് എന്നും കരുതി ഞാന്‍ ദിനങ്ങള്‍ എണ്ണിക്കഴിക്കാന്‍ തുടങ്ങി.പലപ്പോഴും കസ്റ്റമേഴ്സിന്റെ മുന്‍പില്‍ പൊട്ടനെപ്പോലെ നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ചിലര്‍ ഉറക്കെ ചോദിക്കും

യാ ഷെബാബ് ഇന്ത ഹിമാര്‍ എന്ന്.

               അര്‍ഥം അറിയാത്തതിനാല്‍ ഞാന്‍ വെറുതെ ചിരിക്കും , അപ്പോള്‍ അവര്‍ ബാവയെയോ അഷ്റഫിനെയൊ വിളിച്ചു എന്തൊക്കെയോ പറയുകയും അവരും എന്നെ നോക്കി ചിരിക്കുകയും ചെയ്യും.
           മുപ്പതു ദിവസം കൊണ്ട് അറബി പഠിക്കാം എന്ന പുസ്തകം ഇക്കയോട് പറഞ്ഞു അബുദാബിയില്‍ നിന്നും വരുത്തിച്ചെങ്കിലും അതുകൊണ്ടൊന്നും യാതൊരു കാര്യവുമുണ്ടായില്ല.പലപ്പോഴും ബാക്കിയുള്ള രണ്ടുപേരും ഒരുമിച്ച് ചായ കുടിക്കാനും, നിസ്കരിക്കാനും ഒക്കെ പോകുമ്പോഴായിരുന്നു എനിക്ക് നല്ല പണി കിട്ടുക. തെറ്റിപ്പോകുമോ എന്ന് ഭയന്ന് വില ചോദിക്കുമ്പോള്‍ മൊബൈല്‍ വില്‍ക്കുന്ന ചൈനാക്കാരി പെണ്ണുങ്ങള്‍ ചെയ്യുന്നത് പോലെ കാല്‍ക്കുലേറ്ററില്‍ അടിച്ചു കാണിക്കുകയാണ് ചെയ്യാറ്. പക്ഷെ ചില ഖദ്ദാമമാര്‍ക്ക് അതും മനസ്സിലാവില്ല. തൊട്ടടുത്തുള്ള ടോയ്സ് കടയിലെ സൈനുവാണ് പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷയ്ക്കെത്തുക. എന്‍റെ മിസ്‌കാള്‍ കണ്ടാല്‍ ഉടനെ അവന് മനസ്സിലാവും ഞാന്‍ ഏതോ എഴുത്തും വായനയും അറിഞ്ഞു കൂടാത്ത ഖദ്ദാമയുടെ കയ്യില്‍ പെട്ടെന്ന്.!

           എത്യോപ്പ്യന്‍, ഇന്തോനേഷ്യന്‍ , ഫിലിപ്പിന്‍സ്, ശ്രീലങ്കന്‍ ഖദ്ദാമമാരാണ് കൂടുതലായും ബനിയാസില്‍ ഉള്ളത്. ഇവരെക്കൂടാതെ ഞങ്ങളുടെ കടയിലെ പ്രധാന കസ്റ്റമേഴ്സ് ഹൈദരാബാദി തള്ളമാര്‍ ആണ്.മുന്‍പൊക്കെ ഇവിടെയുള്ള അറബികള്‍ കെട്ടിക്കൊണ്ടുവന്ന സ്ത്രീകള്‍. പക്ഷെ അവരില്‍ പലരും നല്ല സ്ഥിതിയില്‍ ഉള്ളവരും ആണ്.മക്കളെയൊക്കെ കണ്ടാല്‍ ഞെട്ടിക്കുന്ന അറേബ്യന്‍ സൌന്ദര്യധാമങ്ങള്‍ തന്നെ. അങ്ങനെ നല്ല റങ്കുള്ള കാഴ്ചകള്‍ ദിനം പ്രതി കാണാം എന്നതിനാല്‍ എന്തസുഖം വന്നാല്‍പ്പോലും ലീവ് എടുക്കുന്ന പരിപാടി എനിക്കില്ലായിരുന്നു.മറ്റുള്ളവര്‍ക്കാണെങ്കില്‍ ഇതൊന്നും അത്ര പുതുമ അല്ലാത്തതിനാല്‍ തരം കിട്ടിയാല്‍ ലീവ് എടുത്തു മുങ്ങും. 

           പതിയെ പതിയെ അറബി ഭാഷയും ഞാനും തമ്മില്‍ ഏതാണ്ടൊരു മമതയില്‍ ആയി. ജോലി ആസ്വദിച്ചു ചെയ്തു തുടങ്ങിയപ്പോള്‍ പിന്നെ ഭാഷയും കൂടുതല്‍ ഉഷാറായി. അങ്ങിനെ കടയിലേക്ക് വരുന്ന എല്ലാ കസ്റ്റമേഴ്സിനോടും കമ്പനി ആയതോടുകൂടി കുഞ്ഞാക്ക എന്നെ കാഷ് കൌണ്ടറിലേക്ക് മാറ്റി , എന്നിട്ട് മറ്റുള്ളവരോട് പറഞ്ഞു

ഒരു ഡിഗ്രി ഒക്കെ ഉള്ളവനല്ലേ , കാലാകാലം അവനെ എങ്ങനെയാ ഈ പെണ്ണുങ്ങള്‍ക്ക്‌ അടിവസ്ത്രോം മറ്റും എടുത്തു കൊടുക്കാന്‍ നിര്‍ത്തുകഎന്ന്.
            സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ശമ്പളത്തില്‍ കാര്യമായ പുരോഗതിയൊന്നും കാണാതായപ്പോഴാണ് കളമൊന്നു മാറ്റിപ്പിടിക്കണം എന്ന് എനിക്കു തോന്നിയത്. എല്ലാക്കാലവും മൊന്ജ്ജുള്ള ഹൂറികളെയും കണ്ടോണ്ടിരുന്നാല്‍ കെട്ടുപ്രായമെത്തിയ പെങ്ങളുടെ കാര്യത്തില്‍ ഒരു സഹായം പോലും വാപ്പായ്ക്ക് ചെയ്തുകൊടുക്കാന്‍ പറ്റില്ല എന്ന തിരിച്ചറിവ്. 

       അങ്ങനെ ഞാന്‍ മുസ്സഫയിലെ ഒരു കെമിക്കല്‍ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി തരപ്പെടുത്തി.രക്ഷപ്പെടുകയാണെങ്കില്‍ നല്ലതല്ലേ , എന്നെക്കൊണ്ട് ഇതിലധികം ശമ്പളമൊന്നും ഈ ജോലിക്ക് തരാന്‍ ആവില്ല എന്നും പറഞ്ഞുകൊണ്ട് കുഞ്ഞാക്ക അത്രയും കാലത്തെ സേവനത്തിന്‍റെ കണക്കുകള്‍ കൂട്ടി (?) കുറച്ചു സംഖ്യ കയ്യില്‍ വച്ച് തന്നു.

                   ഏതെങ്കിലും പുതിയ പയ്യന്മാര്‍ ഉണ്ടെങ്കില്‍ ഇങ്ങട്ട് കൊണ്ടന്നാ ട്ടോ കുട്ട്യേഎന്നും പറഞ്ഞു മൂപ്പര് താഴെയുള്ള വാച്ച്കടയിലേക്ക് പോയി.രാത്രിയുള്ള വിമാനത്തിനു നാട്ടിലേക്ക് കയറാനുള്ള തയ്യാറെടുപ്പിനു ഞാനും.
                ഒരു പകരക്കാരനെ എത്തിച്ചു കൊടുക്കുക എന്ന ദൌത്യം ഞാന്‍ ഏറ്റെടുത്തത് മറ്റൊന്നും കൊണ്ടല്ല, നാട്ടില്‍ ആര്‍ക്കെങ്കിലും വിസ ശരിയാക്കി കൊടുത്താല്‍ ഉണ്ടാകുന്ന ഒരു വില ഓര്‍ത്തിട്ട് കൂടിയായിരുന്നു.അപ്പോഴാണ്‌ മൊട്ടമ്മലെ സാജിദാത്താന്റെ മോന്‍ മനാഫിനെക്കുറിച്ച് എനിക്കോര്‍മ്മ വന്നത്.അടിവസ്ത്രം കാണിച്ചുള്ള സ്റ്റൈലില്‍ കുപ്പി പാന്‍റുമുടുത്ത് കറന്റടിച്ച പോലെ മുടിയുമാക്കി ഉമ്മാനെ ഭീഷണിപ്പെടുത്തി പെട്രോള്‍ അടിക്കാനുള്ള കാശും തരപ്പെടുത്തി നാട്ടില്‍ അങ്ങിങ്ങ് പാഞ്ഞു നടന്നു തഞ്ചത്തില്‍ കാണുന്ന പെണ്‍പിള്ളേരുടെയെല്ലാം വായിലിരിക്കുന്നത് കേള്‍ക്കുക എന്നതൊഴികെ വേറൊരു കുറ്റവുമില്ലാത്ത പയ്യന്‍ എന്ന നിലയ്ക്കാണ് മനാഫിന് ആ വിസ കൊടുക്കാം എന്ന് ഞാന്‍ ആലോചിച്ചത്. 


                 അല്ലാതെ അവന്‍റെ അസാന്നിദ്ധ്യത്തില്‍ സഹോദരി റസിയയോടുള്ള എന്‍റെ മേനെ പ്യാര്‍ കിയാഒന്നുഷാറാക്കാം എന്നു കരുതിയാണ് എന്നാരെങ്കിലും അടക്കം പറയുന്നുണ്ടെങ്കില്‍ അത് കേവലം മാദ്ധ്യമങ്ങളുടെ വിഷയങ്ങള്‍ വളച്ചൊടിക്കുന്ന രീതി കണ്ടു പഠിച്ച ആളുകളുടെ കേവലം കൊനിഷ്ടു വാര്‍ത്തകളായി അവഗണിക്കണമെന്നെ എനിക്കു പറയാനുള്ളൂ. അങ്ങിനെ മനാഫിനെ കുഞ്ഞാക്കയുടെ അടുത്തെത്തിച്ചപ്പോള്‍ എനിക്കെന്തെന്നില്ലാത്ത ചാരിതാര്‍ത്ഥ്യം !! ഒരു വെടിക്ക് കൈനിറയെ പക്ഷികള്‍ !

........................................................................................................
                  കുഞ്ഞാക്കയുടെ പതിവില്ലാത്ത വിളിയുടെ പൊരുള്‍ അറിയാന്‍ ഇന്നലെ ഞാന്‍ ബനിയാസിലേക്ക് പോയി. പുതിയ കമ്പനിയിലെ ജോലിത്തിരക്ക് കാരണം അങ്ങോട്ടൊന്നും കാണാത്തതിലുള്ള സുഹൃത്തുക്കളുടെ പരാതിയും തീര്‍ക്കാം എന്ന് കരുതി ചെന്നപ്പോള്‍ ബാവയാണ് ആദ്യം എന്നെ കണ്ടത്. കുഞ്ഞാക്ക കടയില്‍എത്തിയിട്ടുണ്ടായിരുന്നില്ല.വിഷയം ചോദിച്ചപ്പോള്‍ ബാവയും അഷറഫും മരണച്ചിരിയായിരുന്നു. ഉള്ളില്‍ ഏതോ കസ്റ്റമറെ ഡീല്‍ ചെയ്യുന്ന ഭാവി അളിയന്‍ എന്നെ കണ്ടില്ലെന്നു തോന്നുന്നു. 

വാ നമ്മക്ക് പുറത്തോട്ട് നില്‍ക്കാംഎന്നും പറഞ്ഞു ബാവ എന്നെയും കൂട്ടി തൊട്ടടുത്തുള്ള ഷഫീക്കിന്റെ ഫാന്‍സിയിലേക്ക് കയറി.

കുഞ്ഞാക്ക വിളിപ്പിച്ചത് എന്തിനാണ് എന്നറിയാന്‍ എനിക്ക് തിടുക്കമായി. ഞാന്‍ ബാവയോട് ചോദിച്ചു. അവന്‍ ചിരി അടക്കിക്കൊണ്ടു പറഞ്ഞു

പഹയാ നിനക്കെവിടുന്നാ ഇജ്ജാതി സാധനത്തിനെ കിട്ടിയത് ?” 
               മനാഫിനെയാണ് ഉദ്ദേശിച്ചത് എന്നറിഞ്ഞപ്പോള്‍ എന്‍റെ നെഞ്ചിനൊരു കനം കൂടിയപോലെ ! പടച്ചോനെ ഇനി ഇവനെങ്ങാനും വല്ല ഖദ്ദാമമാരുടേയും കയ്യില്‍ നിന്നും തല്ലു മേടിച്ചോ .... ഹേയ് അങ്ങനെ വരാന്‍ വഴിയില്ല ! പിന്നെ എന്താണ് ! 

ഒരെത്തും പിടിയുമില്ലാതായി.മനുഷ്യനെ തീ തീറ്റിക്കാതെ നീ കാര്യം പറ ബാവേ.
              “ ഡാ അവന്‍റെ ഉഷാറ് കണ്ടിട്ട് കുഞ്ഞാക്ക അവനെ കഴിഞ്ഞാഴ്ച്ച മുതല്‍ കേഷ് കൌണ്ടറിലാക്കി, രണ്ടു ദിവസം ഇരുന്നു കഴിഞ്ഞപ്പോള്‍ ചെക്കന്‍ പറയാ അവനു താഴോട്ടെക്ക് പ്രമോഷന്‍ വേണന്ന്...താഴെയുള്ള വാച്ച് കടയിലേക്കാണ് അവന്‍ ചോദിക്കുന്നതെന്നു കരുതി കുഞ്ഞാക്ക പറഞ്ഞു അവിടെ ഇപ്പൊ തന്നെ ആവശ്യത്തിന് പണിക്കാരുണ്ട്‌ നീ ഇവിടെ തന്നെ നിന്നോ, വല്ലോരും കാന്‍സല്‍ ആകുമ്പോ നിന്നെ അവിടേക്ക് മാറ്റാം എന്ന്...

ഒഹ്... ഇതിനാണോ ഞാന്‍ ഇത്രേം ടെന്‍ഷന്‍ അടിച്ചത് എന്ന് കരുതി ഒരു ദീര്‍ഘ ശ്വാസം എടുക്കുമ്പോഴാണ് ഉള്ള ശ്വാസവും പോകുന്ന തരത്തില്‍ ബാവ കാര്യം വ്യക്തമാക്കി പറഞ്ഞത്....
              “നിന്‍റെ ഭാവി അളിയന് താഴെ വാച്ച് കടയിലെക്കല്ലത്രേ പ്രമോഷന്‍ വേണ്ടത് , ഇവിടെ കാഷ് കൌണ്ടറില്‍ നിന്നൊഴിവാക്കി സെയില്സിലേക്ക് താഴ്ത്തികൊടുക്കണമത്രേ...!! എന്നാലെ അവന്‍റെ തൊട്ടു തലോടലൊക്കെ നടക്കുകയുള്ളൂ... !

പടച്ചോനേ ഇതാണോ ഈ താഴോട്ടേയ്ക്കുള്ള പ്രമോഷന്‍ !!! 
                 എടാ ഭാവി അളിയാ.... പുന്നാര മോനേ... നിനക്ക് ഖദ്ദാമമാരെ തൊട്ടു തലോടാന്‍ വേണ്ടി കേവലം സെയില്‍സ്മാന്‍ ആയി ജീവിതം തീര്‍ക്കണമല്ലേ?

                  എന്നാലും ഈ ചെക്കന്‍ എന്നെക്കൂടി ഇങ്ങനെ നാറ്റിച്ചു കളയുമെന്നത് സ്വപ്നേപി ഓര്‍ത്തില്ല. ഭാവിയിലെ അളിയന്‍ എന്ന് സ്വകാര്യമായി കൂടെയുള്ളവരോട് പറയേണ്ടായിരുന്നു എന്ന് തോന്നിപ്പോയി എനിക്ക്. എന്നാലും നിന്നെയിവിടെ കൊണ്ടുവന്നു എന്ന ഒരു തെറ്റല്ലേ ഞാന്‍ ചെയ്തുള്ളൂ ? അതിനു നീ എന്‍റെ മാനം കൂടി കപ്പലു കേറ്റണ്ടായിരുന്നു.. ഇനി നില്‍ക്കുന്നത് പന്തിയല്ല , കുഞ്ഞാക്ക വരുംമുന്‍പ് സ്ഥലം വിടുന്നതാണ് ഉള്ള മാനം കളയാതിരിക്കാന്‍ നല്ലത് എന്നും കരുതി ഞാനന്നവിടുന്ന്‍ ഓടി രക്ഷപ്പെട്ടു.

12 comments:

  1. താഴോട്ടൊരു പ്രമോഷന്‍ കൊടുത്ത് പയ്യന്റ്റെ ആഗ്രഹം സഫലമാക്കണം

    ReplyDelete
    Replies
    1. ആ ആഗ്രഹം സഫലമാക്കി കൊടുത്തു :)

      Delete
  2. ഞാൻ വായിച്ചു കഴിഞ്ഞപ്പോൾ താഴെയുള്ള ലേബലാണ് നോക്കിയത്. നർമ്മഭാവനക്ക് ആരുടെയൊക്കെയോ അനുഭവത്തിന്റെ ചൂരുണ്ട്. ചില 'താഴ്വരകൾ...' ഉയരങ്ങളേക്കാൾ ആകർഷമായി കാണുന്ന 'പ്രകൃതിസ്നേഹികൾ...' എല്ലാ നാട്ടിലുമുണ്ട്..... പാവങ്ങൾ ആർക്കും ദ്രോഹമില്ലാത്ത ആഗ്രഹങ്ങളും കൊണ്ട് നടക്കുന്നവർ....

    ReplyDelete
    Replies
    1. :) വളരെ നന്ദി മാഷേ.
      നര്‍മ്മം ഒന്നും എനിക്ക് വഴങ്ങുന്നതല്ല, എന്നിട്ടും ഒന്ന് ശ്രമിച്ചു നോക്കിയതാണ്.

      Delete
  3. അതിന് ഭാവിയളിയന് ഒരു തെറ്റും ചെയ്തില്ലല്ലോ........രസകരമായ എഴുത്ത്.....

    ReplyDelete
    Replies
    1. വളരെ നന്ദി ആണ് രാജ് !
      ഇത് എന്‍റെ കൂട്ടുകാരന്‍ ജോലി ചെയ്ത സ്ഥലത്തുണ്ടായ അനുഭവമാണ് :)

      Delete
  4. തെറ്റ് പറയാന്‍ പറ്റത്തില്ല.പയ്യന്റെ തൊട്ടു തലോടലൊക്കെ നടത്തി കൊടുക്കുക ഇക്കാന്റെ പണിയല്ലേ??????????????.. !”

    ReplyDelete
    Replies
    1. ഹ ഹ ഹ... അതെയതെ.. പക്ഷേ ഇവിടെ തൊട്ടു തലോടല്‍ പിന്നെ വേഗം പോലീസുകാര്‍ ഏറ്റെടുത്തുകൊള്ളും :)

      Delete
  5. അളിയനൊരു ഫ്രീ വിസ എന്ന ടെലിഫിലിമിൽ ലൈവിലെ അളിയന്റെ കഥ കണ്ടിരുന്നു. സത്യത്തിൽ അതുപോലെ പ്രവാസത്തിന്റെ സ്വന്തമായ അനുഭവങ്ങളിൽ തൊട്ട ഒന്നായി ഇതു തോന്നി. പ്രവാസലോകത്തുനിനും പുറപ്പെടുന്ന കഥകളിൽ അനുഭവത്തിന്റെ നിറക്കൂട്ടുകൾ ഉണ്ടായിരിക്കുമെന്നുകൂടി ഓർക്കുന്നു.

    ReplyDelete
    Replies
    1. വളരെ നന്ദി Mr. Sabu.
      നിങ്ങളെപ്പോലെ ഈ രംഗത്ത് പ്രതിഭ തെളിയിച്ചവര്‍ അഭിപ്രായം പറയുമ്പോള്‍ ഒരുപാട് സന്തോഷം !

      Delete
  6. മനഫുമാരെ എത്രയോ കാണാം നമുക്ക് ചുറ്റും..! നന്നായി അജേഷ്‌. ശ്രമം തുടരുക. എല്ലാ ഭാവുകങ്ങളും..! :)

    ReplyDelete
    Replies
    1. വായനയ്ക്കും, അഭിപ്രായത്തിനും ഒരുപാട് നന്ദി സുബൈര്‍ :)

      Delete