ഇലമരച്ചില്ലയില്‍

June 15, 2015

നീയാം മഴ

പ്രണയത്തിന്‍റെ ഒരു ചെറു നാമ്പുപോലും മുളയ്ക്കാത്ത
ഊഷരഭൂമിയിലേയ്ക്കാണ് ഇന്നു നീയൊരു
 
ചെറുമഴയായ് പെയ്തിറങ്ങുന്നത് !
ഇവിടം പണ്ട് നീര്‍ചോലകളുണ്ടായിരുന്നു,
മനം തുടുപ്പിച്ച ഹരിതാഭയുണ്ടായിരുന്നു,
സ്നേഹവും പ്രണയവും ഇടചേര്‍ന്ന വരികള്‍ പാടിയ
 
കിളികളുണ്ടായിരുന്നു !
പക്ഷേ ഇന്നതെല്ലാം മണല്‍ക്കാറ്റില്‍ 
അടിപ്പെട്ടുപോയ ഓര്‍മ്മകള്‍ മാത്രമാണ്,
വെറും ഓര്‍മ്മകള്‍ മാത്രം !
പെയ്യരുത് നീ വീണ്ടും പെയ്തു നനച്ചെന്നിലെ 
മാഞ്ഞുപോയ വസന്തത്തെ തളിര്‍പ്പിക്കരുത്
അരുത്.......
ഇനിയുമൊരിക്കല്‍ക്കൂടി പൂത്തുലയാനീ
 
ഭൂവിനു കെല്‍പ്പില്ലയറിയൂ മമ സഖീ !


June 1, 2015

ചില സുഹൃത്തുക്കള്‍

ചിലരെ കാണുമ്പോള്‍ തോന്നാറുണ്ട്
ഒന്നു തോളില്‍ കയ്യിടണമെന്ന്,
കൂടെ നടക്കണമെന്ന്.
പക്ഷേ അപ്പോഴാവും 

മനസ്സോര്‍മ്മപ്പെടുത്തുന്നത്
പോയകാലത്തിലെ വാക്കുരുതികളെക്കുറിച്ച്.
അന്നേരം ഒരു കുടച്ചിലാവും പുറത്തുവരിക.
സ്വസ്ഥമാകാന്‍ നേരമെടുക്കും,
 
വേണ്ടായെന്നു പറഞ്ഞുറപ്പിച്ചു
തോളു കുടഞ്ഞു മുന്നോട്ടാഞ്ഞു നടക്കും.
ഒരു ചതിയില്‍നിന്നുകൂടി
 
നിന്നെ രക്ഷിച്ചെന്നു
 
മനസ്സപ്പോള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കും.
അന്തര്‍മുഖത്വത്തിന്റെ കനത്ത മേലാപ്പ്
വീണ്ടും വലിച്ചിട്ടു തലവഴി മറച്ച്
ആര്‍ക്കും മുഖം കൊടുക്കാതെ
 
യാത്ര തുടരും.

May 22, 2015

ചില യാത്രകള്‍

തുഴയില്ലാതെ തന്നെ
തോണിയുമായ് കടക്കാവുന്ന
ചില കടത്തുകളുണ്ട്.
ജീവിതത്തില്‍ നിന്നും
മരണത്തിലേയ്ക്കുള്ളപോലെ,
പ്രണയത്തില്‍നിന്നും
 
വിരഹത്തിലേയ്ക്കുള്ളപോലെ
ചുരുക്കം ചില കടത്തുകള്‍ !
അടിയൊഴുക്കുകളും
ചുഴികളും
 
മലരികളും
ആ കടത്തുകളെ
ബാധിക്കുകയേയില്ല.
അത്രമേല്‍ തീവ്രമായാതെന്തോ
ആ യാത്രകളുടെ തുഴകളായി
 
വര്‍ത്തിക്കുന്നുണ്ടാവാം
 
അല്ലേ ?