ഇലമരച്ചില്ലയില്‍

September 24, 2013

അതുകൊണ്ടായിരുന്നില്ല!!

തനിക്കുചുറ്റുമുള്ള വയലുകള്‍ തരിശ്ശായി 
വെള്ളംകയറി മരിക്കുന്നതുകണ്ട് സങ്കടമായപ്പോള്‍ 
കുന്ന്‍ സ്വയം ഇടിഞ്ഞിറങ്ങി അവയെ-
യാശ്ലേഷിച്ചുയര്‍ത്തിയെടുത്തു..
അങ്ങനെ വയലുകള്‍ വാസയോഗ്യമായ് മാറി;
അല്ലാതെ ആരും ലാഭാക്കൊതികൊണ്ട് 
കുന്നുകള്‍ ഇടിച്ചു നിരത്തിയതായിരുന്നില്ല!!

വൃത്തിരഹിതമായ റോഡുകള്‍ കണ്ട് മഴ
നിര്‍ത്താതെ പെയ്ത് കുതിര്‍ത്ത് നിര്‍ത്തി
നാലഞ്ചു ദിനങ്ങള്‍ക്കപ്പുറം കഴുകി വെടിപ്പാക്കി;
അല്ലാതെ ഓടകളും റോഡുകളും അശാസ്ത്രീയമായതിനാല്‍
വെള്ളം കെട്ടി നിന്നതായിരുന്നില്ല !!

ഭക്ഷ്യവസ്തുക്കള്‍ ജനങ്ങള്‍ ധൂര്‍ത്തടിക്കുന്നതുകണ്ട്
കൃഷിയിടങ്ങള്‍ ആത്മാഹുതി ചെയ്തതു കൊണ്ടാണ്
വിലക്കയറ്റമുണ്ടായത് ;
അല്ലാതെ ഭരണക്കാരുടെ പിടിപ്പുകേടുകൊണ്ടോ,
കുത്തകകള്‍ കൃത്രിമക്ഷാമം സൃഷ്ടിച്ചതുകൊണ്ടോ ആയിരുന്നില്ല !!

എണ്ണപ്പാടങ്ങള്‍ വറ്റിപ്പോകുന്നതു ഭയന്ന്
കുറച്ചുമാത്രം എണ്ണ വിതരണം ചെയ്യാനാണ്
എണ്ണവില കുത്തനെ കൂട്ടിയത് ;
അല്ലാതെ പാവം മുതലാളിമാരെ സഹായിക്കാനായിരുന്നില്ല !!

നാട്ടില്‍ സമാധാനം കൂടിയതുകൊണ്ടാണ്
ആളുകള്‍ വിലകുറഞ്ഞ കയറുകള്‍ വാങ്ങി മരങ്ങളില്‍ കെട്ടിത്തൂങ്ങുന്നത്.
മരങ്ങള്‍ തീരുമ്പോള്‍ അവനവന്‍റെ നിഴലുകളില്‍
അവര്‍ നാളെ കെട്ടിത്തൂങ്ങാന്‍ പോകുന്നതും;
അതൊന്നും നാടു ഭരിക്കുന്നവരുടെ കുഴപ്പം കൊണ്ടല്ല;
ആയിരിക്കുകയുമില്ല !!.

4 comments:

  1. എല്ലാ കാര്യത്തിനും ആര്ക്കും ഉപദ്രവമില്ലാത്ത ഒരു കാരണം കണ്ടു പിടിച്ചു ഇല്ലേ.
    കൊള്ളാല്ലോ.
    ആശംസകൾ

    ReplyDelete
    Replies
    1. അതല്ലേ നിവൃത്തിയുള്ളൂ :)
      കാരണങ്ങള്‍ ഉണ്ടാക്കി ആശ്വസിക്കുക !!
      നന്ദി... വരവിനും, വായനയ്ക്കും പിന്നെ ആശംസയ്ക്കും

      Delete
  2. ഇല്ലാതാകുവാന്‍ എല്ലാര്‍ക്കും ഓരോ കാരണങ്ങള്‍

    ReplyDelete