ഇലമരച്ചില്ലയില്‍

November 2, 2013

ചില ഗന്ധങ്ങള്‍ അങ്ങിനെയാണ്


ചില പാട്ടുകള്‍ ചിലരെപ്പറ്റി, ചില ജീവിത മുഹൂര്‍ത്തങ്ങളെപ്പറ്റി നമ്മെയോര്‍മ്മിപ്പിക്കും.ചില ഗന്ധങ്ങളും അങ്ങനെത്തന്നെ !

നാട്ടില്‍ നിന്നും വരുന്നദിവസം ഉപയോഗിക്കുന്ന എന്‍റെ ഷര്‍ട്ടും കെട്ടിപ്പിടിച്ചുറങ്ങുന്ന മക്കളെപ്പറ്റി വീട്ടില്‍നിന്നും പറയുമ്പോള്‍ എനിക്കറിയാം അവര്‍ ആ ഗന്ധത്തിലൂടെ അനുഭവിക്കുന്നത് എന്‍റെ സാമീപ്യവും, സുരക്ഷിതത്വവുമൊക്കെയാണെന്ന്. 

ചില സുഗന്ധ ദ്രവ്യങ്ങള്‍ മണക്കുമ്പോള്‍ നമ്മള്‍ പറയും ഇന്ന ആള്‍ ഉപയോഗിക്കുന്നതാണ് അതെന്ന്. അതുപോലെ നാമാനുഭവിച്ചറിയുന്ന ഓരോ ഗന്ധവും ഒരു ആലിംഗനത്തിന്‍റെ, ഒരു ചുംബനത്തിന്റെ , ഒരു വേര്‍പാടുമായി കെട്ടുപിണഞ്ഞ നിമിഷങ്ങളുടെ,പട്ടിണി കിടന്ന കാലത്തിന്‍റെ, അല്ലെങ്കില്‍ ചിലരുടെ സാമീപ്യത്തിന്റെ ഓര്‍മ്മകളായിരിക്കും.

കഴിഞ്ഞ ദിവസം എനിക്ക് അങ്ങനെയൊരു അനുഭവമുണ്ടായി....ഒരു ഗന്ധം... പക്ഷേ അതെന്നിലൊരു ദുഃഖസ്മൃതിയുണര്‍ത്തുന്ന ഗന്ധമായിരുന്നു. ഏതാണ്ട് പത്തുവയസ്സുള്ള സമയത്ത് എന്‍റെ മനസ്സിനെ അഗാധമായി സ്പര്‍ശിച്ച ഒരു സംഭവം.... ആ ഗന്ധവും അന്നുമുതല്‍ എന്നെ വല്ലാതെ അലട്ടുന്നതായിരുന്നു.

അന്നൊരു ഉച്ച നേരത്തായിരുന്നു അമ്മയുടെ വീട്ടിന്‍റെ അകത്തെ ഏതോ മൂലയില്‍ കരഞ്ഞു തളര്‍ന്നു കിടക്കുകയായിരുന്ന എന്നെ ആരൊക്കെയോ പിടിച്ചെണീല്‍പ്പിച്ച് കോലായയിലേക്ക് കൊണ്ടുവന്നത്.അവിടെ തഴപ്പായയില്‍ വെള്ളത്തുണിയില്‍ പുതപ്പിച്ചു കിടത്തിയ അമ്മമ്മയുടെ അടുത്ത് അവരെന്നെ ഇരുത്തിയപ്പോള്‍ എന്‍റെ മൂക്കിലേക്ക് അടിച്ചുകയറിയ ഏതോ ടാല്‍ക്കം പൌഡറിന്റെ ഗന്ധമായിരുന്നു അത്.

ആ ദിവസത്തിനു ശേഷം എന്നൊക്കെ ആ ഗന്ധം എന്നെക്കടന്നു പോയിട്ടുണ്ടോ അന്നൊക്കെ ഞാന്‍ കണ്ണു നിറച്ചു പോയിട്ടുണ്ട്.... ചെറുമക്കളിലെ ആദ്യ ആണ്‍തരിയായ എന്നെ ഒരുപാടു സ്നേഹിച്ചിരുന്ന, അകാലത്തില്‍ സ്വജീവിതം അവസാനിപ്പിച്ചു ഞങ്ങളെ ഇട്ടേച്ചുപോയ അമ്മമ്മയെ ഓര്‍ത്ത്......

കുറേ കാലത്തിനു ശേഷം ഏതാണ്ട് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്ക് വീണ്ടും ആ ഗന്ധം അനുഭവിക്കേണ്ടി വന്നു..... 
അന്നൊരു വെള്ളിയാഴ്ച്ച എന്‍റെ റൂംമേറ്റ് Yardley യുടെ ടാല്‍ക്കം പൌഡര്‍ വാങ്ങി വന്നു.പള്ളിയില്‍ പോകാന്‍ നേരം അവനതു പൊളിച്ചു മുഖത്തേക്കിട്ടു....നിമിഷ നേരംകൊണ്ട് അതിന്‍റെ മണം എനിക്ക് കിട്ടിയതും ഞാന്‍ കട്ടിലില്‍നിന്നും ചാടിയെണീറ്റ് പുറത്തേക്കിറങ്ങി....എനിക്ക് ശ്വാസം മുട്ടുംപോലെ.... എന്‍റെ വെപ്രാളം കണ്ട് അവന്‍ ബേജാറായി....എന്നോടു ചോദിച്ചു എന്തുപറ്റിയെന്ന്.ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ അവനു വിഷമമായി. അപ്പോള്‍ തന്നെ ആ പൌഡര്‍ അവന്‍ വെളിയില്‍ കളഞ്ഞു.

കഴിഞ്ഞ ദിവസം വീണ്ടും... മുഖം കഴുകി തുടക്കാന്‍ പുതിയ ഫേസ് ടിഷ്യൂ ബോക്സ് പൊളിച്ച് ഒരെണ്ണമെടുത്ത് മുഖത്തേക്കമര്‍ത്തിയപ്പോള്‍ ...... അതേ ഗന്ധം.... പെട്ടെന്ന് ഞാനത് വലിച്ചെറിഞ്ഞു.

ഓര്‍മ്മകള്‍ വീണ്ടും പത്തിരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക്.... മരണമെന്ന അവസ്ഥയെപ്പറ്റി അത്രയൊന്നും ബോധമില്ലാത്ത ഒരു ബാലനും, തഴപ്പായയില്‍ ചുറ്റുമുള്ളതൊന്നും കാണാതെ , അറിയാതെ നിദ്രപുല്‍കിയ ഒരു അമ്മൂമ്മയും....

ചില ഗന്ധങ്ങള്‍ അങ്ങനെയാണ്.... നമ്മളെ സുഖകരമായതും,സുഖകരമല്ലാത്തതുമായപല ഓര്‍മ്മകളിലേക്കും കൊണ്ടു ചെന്നെത്തിക്കും. 

11 comments:

  1. ഗന്ധങ്ങളുടെ അകമ്പടിയുമായി വരുന്ന ഓര്‍മ്മകള്‍

    ReplyDelete
    Replies
    1. അതെ...ചില ഗന്ധങ്ങള്‍ ഓര്‍മ്മകളെ ചുറ്റിവരിഞ്ഞിരിക്കുന്നു... നമ്മളെയും :(

      നന്ദി അജിത്തേട്ടാ.... ആദ്യമെത്തി വായിച്ചു അഭിപ്രായം പറയുന്നതിന് ഒരുപാട് നന്ദി.

      Delete
  2. ഗന്ധങ്ങളിലൂടെ ആള്‍ക്കാരെ അറിയുകയും ഓര്‍ക്കുകയും ചെയ്യാനുള്ള വാസന തികച്ചും ജന്തുസഹജമായ ഒന്നാണ് .മനുഷ്യോല്‍പ്പത്തിയോളം പഴക്കമുള്ള പ്രാകൃതവും നന്മ നിറഞ്ഞതുമായ ഒരു നൈസര്‍ഗ്ഗികത .അത് നാം ജീവിച്ചിരിക്കുന്നു എന്നും പ്രകൃതിയുമായുള്ള നമ്മുടെ ചരടുകള്‍ പൂര്‍ണ്ണമായും അഴിഞ്ഞു പോയിട്ടില്ല എന്നും ഓര്‍മ്മിപ്പിക്കുന്നു ..പോസ്റ്റ്‌ ഒരല്‍പ്പം കൂടെ വിശദമാക്കാമായിരുന്നു എന്ന് തോന്നി .

    ReplyDelete
    Replies
    1. സത്യത്തില്‍ ഇത് ഫേസ്‌ബുക്കില്‍ ഇട്ട സ്റ്റാറ്റസ് ആണ്.ഇവിടെ പോസ്റ്റ്‌ ചെയ്യുമ്പോള്‍ വിശദമാക്കാമായിരുന്നു എന്ന് ഇക്ക പറഞ്ഞപ്പോള്‍ എനിക്കും തോന്നി. :(
      വളരെ നന്ദി ഇക്കാ...ആത്മാര്‍ഥമായ ഈ വിലയിരുത്തലിനും നിര്‍ദേശത്തിനും.

      Delete
  3. ഞാന്‍ ദൂരയാത്രയിലാണെങ്കില്‍ ഞാന്‍ അടുത്തു കിടക്കാതെ ഉറങ്ങാന്‍ കൂട്ടാക്കാത്ത എന്റെ ചെറിയ മോള്‍ക്ക് എന്റെ ഷര്‍ട്ട് എടുത്തിട്ട് ഉറങ്ങുന്ന ഒരു സ്വഭാവമുണ്ട്.....

    ReplyDelete
    Replies
    1. മാഷ്‌ ഇത് പറഞ്ഞപ്പോഴാണ് മുന്‍പ് എവിടെയോ വായിച്ച ഒരു കാര്യം ഓര്‍മ്മ വന്നത്. ഏതോ ഒരു യൂറോപ്യന്‍ രാജ്യത്ത് നടന്ന ഒരു ഗവേഷണത്തിന്‍റെ ഭാഗമായി അവിടെ കുറച്ച് യുവതികള്‍ക്ക്‌ യുവാക്കളുടെ വിയര്‍പ്പു നനഞ്ഞ വസ്ത്രങ്ങള്‍ കൊടുത്തിട്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ പറഞ്ഞു.അങ്ങനെ അവരില്‍ ഭൂരിഭാഗവും തിരഞ്ഞെടുത്ത വസ്ത്രങ്ങളിലെ ഗന്ധം അവരുടെ പിതാക്കന്മാരുടെ വിയര്‍പ്പുഗന്ധവുമായി വളരെയധികം സാമ്യമുള്ളതായിരുന്നു.
      പെണ്‍കുട്ടികള്‍ക്ക് സ്വാഭാവികമായും അച്ഛന്മാരോടാണ് കൂടുതല്‍ അറ്റാച്ച്മെന്റ് ഉണ്ടാവുക എന്ന് നമുക്ക് കാണാന്‍ സാധിക്കും !!!
      ഗന്ധങ്ങള്‍ നമ്മളെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നത് ഇങ്ങനെ ചുരുക്കി എഴുതി തീര്‍ക്കേണ്ട ഒന്നല്ല എന്നറിയാം.
      വായനയ്ക്കും അഭിപ്രായത്തിനുമെല്ലാം ഒരായിരം നന്ദി :)

      Delete
  4. വേദനയുടെ സ്പര്‍ശങ്ങള്‍ ഗന്ധങ്ങളായി.

    ReplyDelete
    Replies
    1. അതെ.....ഗന്ധങ്ങളിലൂടെ വേദനയും നമുക്കോര്‍ക്കാനാവും :(

      Delete
  5. ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് - ഓരോ ഓര്‍മകള്‍ക്കും ഓരോ ഗന്ധമാണ്...

    ReplyDelete