വേര്‍പിരിയലില്‍
എന്റെ നെഞ്ചിലൂടെ
നിന്റെ കണ്ണീര്‍ ചാല്‍
ഒഴുകിയിറങ്ങിയപോല്‍ ആദ്യം.
പിന്നീട് ഹൃത്തടം പിളര്‍ക്കും
പൊട്ടിക്കരച്ചിലുയരും
ചാവ് ഗൃഹം പോലെ.
പകലുകളില്‍
രാത്രികളില്‍
മഴ
പാഞ്ഞും പറന്നുമെത്തും,
പാത്തും
പതുങ്ങി കിന്നാരം -
പറയും
പോല്‍ ചിലപ്പോള്‍.
ചാറ്റലായ്,പേമാരിയായ്
ചാഞ്ഞും
ചെരിഞ്ഞും,
കൂത്തുപുരയിലെ
വേഷ-
പ്പകര്‍ച്ച
പോല്‍ ഞൊടിയില്‍ .
ചില നേരങ്ങളില്‍
സൂര്യനോടിയോളിക്കും,
മഴയില്‍ വിറങ്ങലി-
ച്ചോടിയെത്തും എന്നെ
യിറുക്കി പുണര്‍ന്ന നിന്‍
ചൂടില്‍ മിഴി പൂട്ടിയപോല്‍ .
നീയിതോര്‍ത്തേക്കാം
ചിലപ്പോള്‍ ,
ചാറ്റമഴയില്‍
പാടവരമ്പു താണ്ടി
സ്കൂളിലേക്ക് നാം .
മേഘപാളികള്‍
വകഞ്ഞു
സൂര്യനെത്തി
നോക്കിയപ്പോ-
ളാര്‍ത്തു
വിളിച്ചു 'കുറുക്കന്റെ കല്യാണം'.
പുതുമഴയില്‍ തലയുയര്‍ത്തും
മുകുളങ്ങളെ തൊട്ടു
കൌതുകമാര്‍ന്നു നാം.
ആരാണവരെയുണര്‍ത്തിയത്
നിദ്രതന്‍ ഭ്രൂണാവസ്ഥയില്‍ നിന്ന് .
മഴയുടെ
അറുതിയില്‍
ഉറവ കീറിയ
നാട്ടുവഴിയിലെങ്ങും
പരലുകള്‍
തേടി നിന്റ
പുള്ളിത്തട്ടവുമായ്
.
വാഴയിലകള്‍
ചൂടി നടക്കാന്‍
നമുക്കന്നു ചങ്ങാതിയായ് മഴ.
ആരുമറിയാതെ
നിന്‍ പൂമേനി
നനച്ചെന്നെ
കൊതിപ്പിച്ചതും മഴ.
അമ്മയെ തേടുന്നവര്‍ക്ക്
മഴ അമ്മയാണ് ,
ചുരന്നിറങ്ങും പാല്‍ചൂടിലൊട്ടി-
ക്കിടന്ന മടിത്തട്ടായ്.
മറ്റു ചിലര്‍ക്ക് മഴ കാമുകിയാണ്,
ആരും കാണാതെ പിന്നിലൂ-
ടൊളിച്ചു വന്നെത്തും
വിയര്‍ത്ത ചുംബനത്തിന്‍
നനുത്ത സ്പര്‍ശം പോല്‍
പക്ഷേ
മഴയിന്നും പതിവ് പോല്‍
കര്‍ക്കിടകത്തിന്‍
കറുത്ത
കൈകള്‍
നീട്ടിപ്പിടിച്ചു
കൊണ്ട് പോകും
പലരെയും
പലരെയും
അഗാധമാം നിദ്രയിലേയ്ക്ക്.
ഓര്‍മ്മകള്‍ പോലും മഴയില്‍
കുതിര്‍ന്ന് അവ്യക്തമായ പഴയ
നോട്ടു പുസ്തകം പോലെ..
ചാറ്റലടിച്ച തിണ്ണയില്‍
ചെറു വിരലിനാല്‍ ചിത്രങ്ങള്‍ കോറിയും,
പുസ്തകതാളിനാല്‍
തോണിയുണ്ടാക്കി ഒന്ന് നിനക്കും,
ഒന്നെനിക്കും എന്നൊഴുക്കി...
എനിക്ക്
നഷ്ട്ടപ്പെട്ടതെല്ലാം
നീയടക്കം,കര്‍ക്കിടകത്തിന്റെ
അടര്‍ത്തിമാറ്റാനാവാത്ത
ആസുരമാം മഴനാളുകളിലായിരുന്നു.
നരിച്ചീറുകള്‍ക്ക് തലകീഴായ്
ഭൂമി കണ്ടു കിടക്കാനെന്‍
മനസ്സിന്റെ വാതില്‍ കുത്തി-
പ്പൊളിച്ചു ഞാനിട്ടതും,കാല്‍
ചങ്ങലയിലെന്‍ ലോകമൊളിച്ചതും
ഏതോ കര്‍ക്കിടകത്തിന്റെ
ശവഗന്ധമേറിയ
മഴപേറി വന്ന
ചുഴലിയിലായിരുന്നു.
മഴപേറി വന്ന
ചുഴലിയിലായിരുന്നു.
Picture courtesy : www.bestwallpaperhd.com