ഇലമരച്ചില്ലയില്‍

December 25, 2010

എന്റെ മഴയോര്‍മകള്‍

ത്  മഴക്കാലം
വേര്‍പിരിയലില്‍ 
എന്റെ നെഞ്ചിലൂടെ 
നിന്റെ കണ്ണീര്‍ ചാല്‍ 
ഒഴുകിയിറങ്ങിയപോല്‍ ആദ്യം.
പിന്നീട്‌ ഹൃത്തടം പിളര്‍ക്കും
പൊട്ടിക്കരച്ചിലുയരും
ചാവ് ഗൃഹം പോലെ.

            പകലുകളില്‍ രാത്രികളില്‍ 
            മഴ പാഞ്ഞും പറന്നുമെത്തും,
            പാത്തും പതുങ്ങി കിന്നാരം -
            പറയും പോല്‍ ചിലപ്പോള്‍.
            ചാറ്റലായ്‌,പേമാരിയായ് 
            ചാഞ്ഞും ചെരിഞ്ഞും,
            കൂത്തുപുരയിലെ വേഷ-
            പ്പകര്‍ച്ച പോല്‍ ഞൊടിയില്‍ .

ചില നേരങ്ങളില്‍ 
സൂര്യനോടിയോളിക്കും,
മഴയില്‍ വിറങ്ങലി-
ച്ചോടിയെത്തും എന്നെ 
യിറുക്കി പുണര്‍ന്ന നിന്‍
ചൂടില്‍ മിഴി പൂട്ടിയപോല്‍ .

            നീയിതോര്‍ത്തേക്കാം ചിലപ്പോള്‍ ,
            ചാറ്റമഴയില്‍ പാടവരമ്പു താണ്ടി
            സ്കൂളിലേക്ക്  നാം .
            മേഘപാളികള്‍ വകഞ്ഞു 
            സൂര്യനെത്തി നോക്കിയപ്പോ-
            ളാര്‍ത്തു വിളിച്ചു 'കുറുക്കന്റെ കല്യാണം'.

പുതുമഴയില്‍ തലയുയര്‍ത്തും 
മുകുളങ്ങളെ തൊട്ടു
കൌതുകമാര്‍ന്നു നാം.
ആരാണവരെയുണര്‍ത്തിയത് 
നിദ്രതന്‍ ഭ്രൂണാവസ്ഥയില്‍ നിന്ന് .

            മഴയുടെ അറുതിയില്‍ 
            ഉറവ കീറിയ നാട്ടുവഴിയിലെങ്ങും
            പരലുകള്‍ തേടി നിന്റ
            പുള്ളിത്തട്ടവുമായ് .
            വാഴയിലകള്‍ ചൂടി നടക്കാന്‍
            നമുക്കന്നു  ചങ്ങാതിയായ്‌  മഴ.
            ആരുമറിയാതെ നിന്‍ പൂമേനി 
            നനച്ചെന്നെ കൊതിപ്പിച്ചതും മഴ.

അമ്മയെ തേടുന്നവര്‍ക്ക് 
മഴ അമ്മയാണ് ,
ചുരന്നിറങ്ങും പാല്‍ചൂടിലൊട്ടി-
ക്കിടന്ന മടിത്തട്ടായ്.
മറ്റു ചിലര്‍ക്ക്  മഴ കാമുകിയാണ്,
ആരും കാണാതെ പിന്നിലൂ-
ടൊളിച്ചു വന്നെത്തും 
വിയര്‍ത്ത ചുംബനത്തിന്‍
നനുത്ത സ്പര്‍ശം പോല്‍

            പക്ഷേ മഴയിന്നും പതിവ് പോല്‍
            കര്‍ക്കിടകത്തിന്‍ കറുത്ത 
            കൈകള്‍ നീട്ടിപ്പിടിച്ചു
            കൊണ്ട്  പോകും 
            പലരെയും
            അഗാധമാം നിദ്രയിലേയ്ക്ക്.

ഓര്‍മ്മകള്‍ പോലും മഴയില്‍ 
കുതിര്‍ന്ന് അവ്യക്തമായ പഴയ
നോട്ടു പുസ്തകം പോലെ..
ചാറ്റലടിച്ച തിണ്ണയില്‍ 
ചെറു വിരലിനാല്‍ ചിത്രങ്ങള്‍ കോറിയും,
പുസ്തകതാളിനാല്‍
തോണിയുണ്ടാക്കി ഒന്ന് നിനക്കും,
ഒന്നെനിക്കും എന്നൊഴുക്കി...

            എനിക്ക് നഷ്ട്ടപ്പെട്ടതെല്ലാം
            നീയടക്കം,കര്‍ക്കിടകത്തിന്റെ
            അടര്‍ത്തിമാറ്റാനാവാത്ത 
            ആസുരമാം മഴനാളുകളിലായിരുന്നു.

നരിച്ചീറുകള്‍ക്ക്  തലകീഴായ്
ഭൂമി കണ്ടു കിടക്കാനെന്‍ 
മനസ്സിന്റെ വാതില്‍ കുത്തി-
പ്പൊളിച്ചു ഞാനിട്ടതും,കാല്‍
ചങ്ങലയിലെന്‍  ലോകമൊളിച്ചതും
ഏതോ കര്‍ക്കിടകത്തിന്റെ
ശവഗന്ധമേറിയ 
മഴപേറി വന്ന
ചുഴലിയിലായിരുന്നു.




          
         
           
         
Picture courtesy : www.bestwallpaperhd.com

         
 

16 comments:

  1. അജേഷ് പുതിയ പോസ്റ്റ്‌ ഒന്നും ഇല്ലേ? നമ്മള്‍ ഒരു നാട്ടുകാരാ..

    ReplyDelete
  2. എനിക്ക് ഇത് വായിക്കുമ്പോഴൊക്കെ സങ്കടം വരുന്നു :-(

    ReplyDelete
    Replies
    1. എനിക്കും കരച്ചില്‍ വന്നു...
      മഴയുടെ പല ഭാവങ്ങള്‍...

      Delete
    2. ആ കരച്ചില്‍ ഈ വരികള്‍ക്കുള്ള അന്ഗീകാരമായി ഞാന്‍ കരുതുന്നു....നന്ദി.

      Delete
  3. കവിയോടൊപ്പം ഞാനും കരയട്ടെ...... അല്‍പ്പം മിഴിനീര്‍ മഴയോരുക്കട്ടെ :(

    ReplyDelete
    Replies
    1. ജോസെലെറ്റ്‌...ഒരുപാട് നന്ദി.

      Delete
  4. ചില നേരങ്ങളില്‍
    സൂര്യനോടിയോളിക്കും,
    മഴയില്‍ വിറങ്ങലി-
    ച്ചോടിയെത്തും എന്നെ
    യിറുക്കി പുണര്‍ന്ന നിന്‍
    ചൂടില്‍ മിഴി പൂട്ടിയപോല്‍.

    ചെറുപ്പത്തിൽ വെയിലും മഴയും ഒന്നിച്ചുണ്ടാവുമ്പോൾ കുറുക്കന്റെ കല്യാണം എന്ന് പറഞ്ഞ് കളിയാക്കിയതും,വിരഹപ്രണയവും ഓർമ്മ വരുന്നു. ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി മനേഷ്....നന്മ വറ്റാത്ത ഒരു കാലത്തെ , ബാല്യകാലത്തെ ഓര്‍മ്മകള്‍ എല്ലാവര്‍ക്കും ഒരു നോസ്ടാല്‍ജിയ തന്നെയാണ്.

      Delete
  5. "പക്ഷേ മഴയിന്നും പതിവ് പോല്‍
    കര്‍ക്കിടകത്തിന്‍ കറുത്ത
    കൈകള്‍ നീട്ടിപ്പിടിച്ചു-
    കൊണ്ട് പോകും പലരെയും
    നിദ്രയാം അന്ത്യത്തിലേക്ക് "

    മഴയുടെ വിവിധ ഭാവങ്ങള്‍ കവിതയിലൂടെ കാണാന്‍ കഴിഞ്ഞു... എന്നാല്‍ ഈ അഞ്ച്‌ വരിയില്‍ മഴയുടെ രൌദ്ര ഭാവം ഒരു പേടിപ്പെടുത്തലോട്‌ കൂടി മനസ്സിലേക്ക്‌ വന്നു.. മുഴുവന്‍ വായിച്ച്‌ കഴിഞ്ഞപ്പോള്‍ മഴ നനഞ്ഞ്‌ വന്ന നിഷ്‌ കളങ്കനായ ഒരു കുട്ടിയെ പോലെ ആയിപ്പോയി.. വെട്ടിപ്പിടിച്ചുണ്ടാക്കുന്ന സമ്പാദ്യങ്ങള്‍ മുഴുവനും നല്‍കിയാലും ലഭിക്കാത്ത പഴയ ഓര്‍മ്മകളിലൂടെയുള്ള ഇത്തരം ആനന്ദങ്ങള്‍ ഒരു എഴുത്തുകാരന്‍റെ പേനയിലൂടെ എത്ര ലളിതമായി നല്‍കാന്‍ കഴിയുന്നു എന്ന് ഒരിക്കല്‍ കൂടി വായനക്കാര്‍ക്ക്‌ തെളിയിച്ച്‌ കൊടുക്കുന്നു.... സഹോദരാ ഒരു പാട്‌ നന്ദി.. !!!!

    ReplyDelete
    Replies
    1. നന്ദി സഹോദരാ....ഒരുപാട് നന്ദി...

      Delete
  6. ഈ മഴ കവിത ഒത്തിരി ഒത്തിരി നന്നായിരിക്കുന്നു ! വല്ലാത്ത ഒരു അസ്വസ്ഥത ആണ് ഇവിടെ നിന്ന് മഴയെ ഓര്‍ക്കുമ്പോള്‍.:( നാട്ടിലെ ഓര്‍മ്മകള്‍ കൊണ്ടുള്ള വേലിയേറ്റം !! ആദ്യത്തെ മഴയുടെ മണം ഇല്ലേ ? മീന്‍ പിടിക്കലും, കടലാസ് ബോട്ടും അങ്ങിനെ എന്തെല്ലാം ഓര്‍മ !!!
    സുഘമുള്ള ഒരു വേദന തരുന്നു ഈ കവിത , നന്നായിരിക്കുന്നു :)

    ReplyDelete
  7. പ്രകൃതിയുടെ ഭാവങ്ങളിൽ എനിക്കേറ്റവും ഇഷ്ടം മഴയാണ് . നമ്മുടെ ഇതു വികാരത്തിനും ഒപ്പം പെയ്യാൻ മഴക്കറിയാം . നല്ല കവിത.

    ReplyDelete
    Replies
    1. മഴ ഒരുവിധം എല്ലാ മലയാളികള്‍ക്കും പലതരം ഓര്‍മ്മകള്‍ സമ്മാനിക്കുന്നു...മഴയെ പ്രണയിക്കാത്തവര്‍ ചുരുക്കമായിരിക്കും.
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി വൃന്ദ ചേച്ചീ.

      Delete
  8. "ചാറ്റലായ്‌,പേമാരിയായ്
    ചാഞ്ഞും ചെരിഞ്ഞും,
    കൂത്തുപുരയിലെ വേഷ-
    പ്പകര്‍ച്ച പോല്‍ ഞൊടിയില്‍ ........."
    ഏതായാലും മഴയുടെ സൌന്ദര്യം വാക്കുകൾക്കതീതമാണ്

    ReplyDelete
  9. മഴക്കവിത നന്നായ് അജേഷ് :)

    ReplyDelete