ഇലമരച്ചില്ലയില്‍

January 8, 2013

മഞ്ഞുപെയ്ത്തില്‍ മരവിച്ച വാക്കുകള്‍












വാക്കുകള്‍ ...
പ്രണയമെഴുതാനായ് ഞാനൂറ്റി വച്ചവ ;
നിന്‍റെ നിശബ്തതയുടെ
മഞ്ഞുപെയ്ത്തില്‍ മരവിച്ചു പോയ്‌..

മുറിഞ്ഞു ചിതറിയ എഴുത്തോലയില്‍
ഒന്നുരിയാടാന്‍ കഴിയാതെ,
കറുത്തൊട്ടിയ പ്രണയത്തിന്‍റെ
അവ്യക്തമായ കോറലുകള്‍
അങ്ങിങ്ങായി.

പ്രണയ സങ്കല്‍പ്പം നിനക്കെന്നും
പഴഞ്ചനാണെന്ന്
എനിക്കറിയാമായിരുന്നു ;
നീ പറയും മുന്‍പേ.

എന്നിട്ടും ഞാനെഴുതി...
ബോധമുറച്ചുപോവും മുന്‍പ് ;
വരികളെന്നില്‍നിന്നും വിജനതയിലേക്ക്
അലിഞ്ഞില്ലാതായി നഷ്ടപ്പെടും  മുന്‍പ്.

പഴഞ്ചനായത് പ്രണയമല്ലെന്‍ കൈകളാണതില്‍
പിഴുതുമാറ്റാനാവാതെ ഒട്ടിയൊരെഴുത്താണി,
അതിന്നറ്റം കൂര്‍ത്തുചെന്നെന്‍
ഹൃദയത്തില്‍ മുട്ടുന്നു...

തുമ്പുകീറി മെടഞ്ഞ കുരുത്തോലകള്‍ തൂക്കിയാരോ-
ഹൃദയ ധമനികളെയലങ്കരിച്ചിരിക്കുന്നു.
മരണം എന്നിലേക്ക് ആര്‍പ്പുവിളികളോടെ
വരുന്നതിന്‍റെ വിളംബരമാവാം അത്.

ഒരുപക്ഷേ ഒന്നുമേ പറയാതെ -
ഞാന്‍ പോയാല്‍
ഒരു മെഴുകുതിരി വെട്ടം കൊണ്ടെങ്കിലും നീയെന്‍
വാക്കുകളിലെ മഞ്ഞിനെയുരുക്കുക ,
ചിതറിയ എഴുത്തോലചീന്തുകള്‍
വൃഥാശ്രമമെങ്കിലും മുറികൂട്ടി നോക്കുക.

അവിടങ്ങളില്‍ ...
നിന്നോടു പറയാതെപോയോരെന്‍
അലയാഴിയാം പ്രണയമുണ്ടാം
മമ സഖീ...




Picture courtesy :www.wallpapervortex.com

24 comments:

  1. അലയാഴിയാം പ്രണയം

    ReplyDelete
  2. ഈ പ്രണയത്തില്‍ പുതുമയുണ്ടോന്നൊരു സംശയം.......

    മാഷേ, ഒരു പുതിയ പോസ്റ്റ്‌ ഞാനും ഇട്ടിട്ടുണ്ട്.. വന്നു കണ്ടു അഭിപ്രായം പറയണേ....

    ReplyDelete
  3. ഇനിയും പ്രണയം ഉണ്ടാകട്ടെ... പ്രണയം നിറഞ്ഞു കവിയുന്ന കവിതകള്‍ പിറക്കട്ടെ...

    ReplyDelete
  4. പ്രണയത്തിനു ഓരോരുത്തര്‍ക്കും ഓരോ അര്‍ഥം ആണ്..പറഞ്ഞറിയിക്കാന്‍ ചിലപ്പോ വാക്കുകള്‍ക്ക് പോലും ശക്തി ഉണ്ടായെന്നു വരില്ല.

    ReplyDelete
  5. പറയാതെ പോയ പ്രണയം.....

    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete
  6. പ്രണയ കവിതകള്‍ വായിക്കുമ്പോള്‍ എനിക്ക് ഓക്കാനം വരാറാനു പതിവ് :-) പക്ഷെ ഇത് വായിച്ചപ്പോള്‍ അങ്ങനെയൊന്നും വന്നില്ല. നല്ല വരികള്‍ !!

    ReplyDelete
  7. ഒരു ഏകദിശാപ്രണയത്തില്‍ കുടുങ്ങിയ നിരാശാ കാമുകന്റെ വനരോദനം ????

    വരികള്‍ നന്നായി, പക്ഷേ അതിനു പിന്നിലെ രോദനത്തിന് സഹതാപം മാത്രം...... ഒരു ശുഭ പര്യവസാനത്തില്‍ എത്തിക്കാന്‍ കഴിയാത്ത ഇത്തരം പ്രണയങ്ങള്‍ മറ്റൊന്നും അര്‍ഹിക്കുന്നില്ല.... :) :)

    ReplyDelete
  8. നന്നായിരിക്കുന്നു ....ആശംസകള്‍

    ReplyDelete
  9. പ്രണയം ... അത് വിവിധ രീതികളില്‍ എഴുതാം . കവിത കൊള്ളാം

    ReplyDelete
  10. വായിച്ച, അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്‍ക്കും ഒരുപാട് നന്ദി....
    അജിത്തേട്ടന്‍,വിനീത് വാവ, ഒരു തെലങ്കാനക്കാരി,ലിജി രഞ്ജിത്ത്,ശ്രുതി,സൌഗന്ധികം,ദുബായിക്കാരന്‍,മന്‍സൂര്‍ ചെറുവാടി,പീപീബീ,നവാസ്‌ അത്തോളി & വേണുഗോപാല്‍ജി.

    ReplyDelete
  11. പ്രണയത്തോട് മമതയില്ല സുഹൃത്തേ.. എങ്കിലും കവിതയും വരികളും നന്നായിട്ടുണ്ട്

    ReplyDelete
  12. പ്രണയം പലപ്പോഴും ഒരു വേദനയാണ് - അതിന്‍റെ അലയടികള്‍ ഈ വരികളില്‍ കാണാനായി....
    നന്മകള്‍ നേരുന്നു!!!

    ReplyDelete
  13. പ്രണയം സുന്ദരം, പ്രണയം വേദന യകുമ്പോള്‍ ഓര്‍മ്മകള്‍ സുന്ദരം...! സുന്ദരം അജേഷ്‌ ഈ വരികള്‍.. നഷ്ട പ്രണയം അനശ്വരം, മരണം വരെ മനസ്സില്‍ കൂടെ വരും അതെ തീവ്രതയോടെ..!

    ReplyDelete
  14. ഫോളോ ചെയ്യാന്‍ വന്നതാ ,അപ്പോഴല്ലേ നമ്മുടെ കുട്ടികള്‍ അങ്ങനെ പുഞ്ചിരിച്ചു കൊണ്ട് ഫോല്ലോവേര്സിന്റെ കൂട്ടത്തില്‍ ,.കവിത നന്നായി

    ReplyDelete
  15. കവിത നന്നായിട്ടുണ്ട് അജീഷ്

    ReplyDelete
  16. സുപ്രഭാതം !

    സ്നേഹത്തിന്റെ താഴ്വരകളില്‍ കണ്ടുമുട്ടിയവരെ സന്തോഷത്തോടെ ഓര്മിക്കാം .

    ആരെങ്കിലും വഴി മാറി യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ അത് ഈശ്വരനിശ്ചയം.

    അകന്നു പോയവരെ,അകല്‍ച്ച ഭാവിച്ചരെ ഓര്‍ത്തു വിലപ്പെട്ട സമയം നഷ്ട്ടപ്പെടുത്തരുത് .

    വിധിച്ചവര്‍.......കൊതിച്ചവരെക്കാള്‍ നല്ലതാകുംഎന്ന ഈശ്വരന്റെ കയ്യൊപ്പ്,അമൂല്യം........!

    ഇന്നില്‍ ജീവിക്കുക.......മോഹിപ്പിക്കുന്ന ജീവിതം അറിയുക !ഈ ജീവിതം എത്ര സുന്ദരം !


    ശുഭദിനം

    സസ്നേഹം,

    അനു

    ReplyDelete
  17. ചിന്തിപ്പിച്ചു :(
    പക്ഷെ പലപ്പോഴും പറയാത്ത പ്രണയത്തിനു മാധുര്യം കൂടില്ലേ? ഒരു ചെറിയ തേങ്ങല്‍ ആയി എന്നും ഉള്ളില്‍ നന്മ മാത്രം ആഗ്രഹിച്ചു ജീവിത ചക്രം ചലിപ്പിക്കുക എന്നത് ഒരു വേദന ഉള്ള സുഖം അല്ലെ?
    ലളിതമായ വരികളില്‍ , പക്ഷെ ഒത്തിരി ശക്തി ഉള്ളവ !!!

    ReplyDelete
  18. നിസാര്‍ , നിഷ , ശ്രീക്കുട്ടന്‍ , സുബൈര്‍ , സിയാഫ് ഇക്ക , ഗിരീഷ്‌ , അബ്ദുല്‍ ജലീല്‍ ഇക്ക , അനുപമ , ചട്ടമ്പി കല്യാണി , ഷബീര്‍ അലി...നിങ്ങള്‍ ഓരോരുത്തരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി....

    ReplyDelete
  19. അവിടങ്ങളില്‍ ...
    നിന്നോടു പറയാതെപോയോരെന്‍
    അലയാഴിയാം പ്രണയമുണ്ടാം
    മമ സഖീ...
    ---ഇഷ്ടായി !

    ReplyDelete