ഇലമരച്ചില്ലയില്‍

February 18, 2014

മാഞ്ഞതും മായാത്തതുമായ ചില ഓര്‍മ്മകള്‍


'ഓര്‍മ്മകളേ... കൈവള ചാര്‍ത്തി വരൂ‍ വിമൂകമീ വേദിയില്‍...'

ഓര്‍മ്മകളെപ്പറ്റി എന്തുമാത്രം പാട്ടുകള്‍ നമ്മുടെ മലയാള ഗാനശാഖയിലുണ്ട് !പലതും നമ്മുടെ പോയകാലത്തിന്റെ നൊമ്പരങ്ങളുടെയോ ഇഷ്ടങ്ങളുടെയോ കൂടെമാത്രമേ മനസ്സിലേക്ക് കടന്നു വരാറുള്ളൂ. 

'ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്ന മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍ ....'

ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ വരികള്‍ നമ്മളെ പലപ്പോഴും ആ പഴയ വള്ളി നിക്കറുകാരനായോ / മുറിപ്പാവടക്കാരിയായോ പഴയ വീട്ടിന്‍റെ മുറ്റത്തോ തൊടിയിലോ കായ്ച്ചു നില്‍ക്കുന്ന മാവിന്‍ ചുവട്ടില്‍ എത്രയോ വട്ടം കൊണ്ടു നിര്‍ത്തിയിട്ടുണ്ട് !

പോയകാലം കൃത്യമായി ഓര്‍മ്മയുണ്ടാവുക എന്നത് ഒരു എഴുത്തുകാരന് അനുഗ്രഹമാണ്
,
 പക്ഷേ ഒരു ശരാശരി മനുഷ്യനായി ജീവിക്കാന്‍ ഓര്‍മ്മ പോലെത്തന്നെ മറവിയും അത്യന്താപേക്ഷിതമാണ്.ജീവിതത്തിലെ ഓരോ മുഹൂര്‍ത്തങ്ങളും അതെത്ര പഴയതായാലും ഓര്‍ത്തെടുത്ത് എഴുതുന്നവരെ കാണുമ്പോള്‍ അസൂയ തന്നെയാണ് തോന്നാറ്. മുന്‍പെങ്ങോ കണ്ട സിനിമയാണെങ്കിലും ഓര്‍ത്തെടുത്ത് കഥയും ആ സിനിമയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും പറഞ്ഞുതരുന്ന ചില കൂട്ടുകാര്‍ നിങ്ങള്‍ക്കുമുണ്ടാവും. അവരോടു തോന്നാറില്ലേ ചെറിയൊരു അസൂയ ? അതുതന്നെയാണ് ഞാനും പറഞ്ഞുവരുന്ന സംഗതി ! 

പലതും എഴുതണമെന്നുണ്ട്... പക്ഷേ മിക്കവാറും വിഷയങ്ങള്‍ മറവിയുടെ നേര്‍ത്ത ആവരണത്തില്‍ മറഞ്ഞു കിടപ്പാണ്.എങ്കിലും ഇപ്പോള്‍ പല സംഭവങ്ങളും ഓര്‍മ്മവരുമ്പോള്‍ തന്നെ മൊബൈലിലെ ഡയറിയില്‍ ഒരു സൂചനാ വാക്കായെങ്കിലും എഴുതിയിടും.പിന്നെ എന്നെങ്കിലും നേരത്തോടെ എഴുതി പൂര്‍ത്തിയാക്കാം എന്ന വിശ്വാസത്തോടെ.

ഈയടുത്ത് പഴയ എല്‍പി സ്കൂള്‍ കാലത്തെ ഒരു സംഭവം എഴുതുവാന്‍ അന്ന് കൂടെ ആ പോക്കിരി ടീമില്‍ ഉണ്ടായിരുന്ന കൂട്ടുകാരന്‍ തന്നെ സഹായിക്കേണ്ടി വന്നു.
 

ഓര്‍ക്കാതിരിക്കാനുള്ളവയാണ് ശരിക്കും ബാല്യത്തിലും കൌമാരത്തിലും,
 പിന്നെ യൌവ്വനത്തിന്റെ ആദ്യഘട്ടങ്ങളിലുമൊക്കെ കൂടുതലുമുണ്ടായിരുന്നത് എന്നതാണ് സത്യം, ഒരുപക്ഷെ അതുകൊണ്ടു തന്നെയാവാം ആ കൂട്ടത്തില്‍ സന്തോഷം തന്ന വിഷയങ്ങള്‍പോലും മറന്നുപോയതെന്നു തോന്നുന്നു. 

കഴിഞ്ഞദിവസം ഒരു കൂട്ടുകാരനുമായി ഉണ്ടായ ചാറ്റ് ആണ് ഇതെഴുതാന്‍ കാരണം. ചാറ്റ് തുടങ്ങി കുറച്ചായപ്പോള്‍ പൊടുന്നനെ അവന്‍ ചോദിച്ചു
 

"
 നിങ്ങളുടെ ജനനതിയ്യതി ഏതാണ് ?" 

ഡിസംബര്‍ പതിനാല് .

"ഓഹ് നിങ്ങള്‍
 സാജിറ്റേറിയന്‍ ആണല്ലേ?" 

അതെ,
 അതിനെന്താണ്  കുഴപ്പം ?

"കുഴപ്പങ്ങളും ഗുണങ്ങളുമായി പലതുമുണ്ട്,
 പക്ഷേ ഞാന്‍ മനസ്സിലാക്കിയ ഒരു പൊതുകാര്യമുണ്ട്, മറ്റൊന്നുമല്ല.... പൊതുവേ സാജിറ്റെറിയന്‍സ് പ്രണയനഷ്ടമുള്ളവരാണെങ്കില്‍ ആ ഓര്‍മ്മ ഒരു നേരിപ്പോടുപോലെ ഉള്ളില്‍ നീറിക്കൊണ്ടിരിക്കും.നിങ്ങളുടെ 'ജീവിതപ്പെരുവഴിയില്‍ ' എന്ന കഥയിലെ റമീസിന്റെ അവസ്ഥപോലെ.

അപ്പോ നിന്‍റെ സ്റ്റാര്‍ എന്താണ്
 ?

"ഞാനും
 സാജിറ്റേറിയന്‍ തന്നെ" അവന്‍റെ മുഖത്തെ ജാള്യത ചാറ്റിങ്ങില്‍ ആയിട്ടുപോലും എനിക്കു കാണാന്‍ കഴിഞ്ഞു ! 

"അവളും
 സാജിറ്റേറിയന്‍ ആണ്. നിങ്ങളുടെ ജന്മദിനത്തിന് ആശംസ പറയുമ്പോള്‍ ഞാനവളെ ഓര്‍ത്തു, അന്നായിരുന്നു അവളുടെയും ജന്മദിനം  "

അവന്‍ പതിയെ ചില ഓര്‍മ്മകള്‍ എന്‍റെ മുന്നിലേക്ക്‌ കുടഞ്ഞിട്ടു.... എന്‍റെ കഥയിലെ ചില അവസ്ഥകളിലൂടെ കടന്നുപോയതു കൊണ്ടാണത്രേ അതു വായിച്ച ഉടനെ അവനെന്നോട് ചാറ്റ് ചെയ്യണമെന്നും ഇതൊക്കെ പറയണമെന്നും തോന്നിയത് !

അപ്പോള്‍ അവള്‍
 ???

"ആ.....അറിയില്ല,
 കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു."

ഞാനൊന്നും മിണ്ടിയില്ല,
 തുല്ല്യ ദുഖിതരാണു നാം സഖേ ...മനസ്സു പറഞ്ഞു.

"സന്തോഷ്‌ സുബ്രഹ്മണ്യം എന്ന സിനിമ കണ്ടിട്ടുണ്ടോ നിങ്ങള്‍
 ?"

ഉവ്വ്.
"അതിലെ ജെനീലിയ ചെയ്ത കഥാപാത്രമില്ലേ
 , അത് അവളെപ്പോലെ തന്നെയായിരുന്നു, അതേപോലെ നിലത്തു നില്‍ക്കാതെ സ്പ്രിങ്ങുപോലെ ഓടിച്ചാടി നടന്നിരുന്ന പെണ്‍കുട്ടി....ആ ഉടലളവുകള്‍പോലും അതുപോലെ....
കൂടെയുള്ളവരില്‍പ്പോലും തന്‍റെ പ്രസരിപ്പ് പകര്‍ന്നു നല്‍കുന്ന വിശേഷവ്യക്തിത്വം"

"ചെന്നൈയിലെ ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു ഞാന്‍
 , അവള്‍ അടുത്തുള്ള ഒരു ഐടി സ്ഥാപനത്തിലും.മാസം അവസാനിക്കുമ്പോഴേക്കും കിട്ടുന്ന എന്‍റെ ശമ്പളം കുറച്ചു ദിവസങ്ങള്‍ കൊണ്ട് തീരും, പിന്നെയങ്ങോട്ടു ആ മാസം തീരുന്നതുവരെ അവളുടെ എ.ടി.എം കാര്‍ഡായിരുന്നു ആശ്രയം.അങ്ങിനെ വലിയൊരു തുക ഞാനവള്‍ക്ക് കൊടുത്തു തീര്‍ക്കാനുണ്ട്, ഇന്നും അതെന്നെ അസ്വസ്ഥമാക്കുന്നുണ്ട്.അവള്‍ തന്ന പ്രണയവും അവള്‍ തന്ന പണവും ഇന്നും തിരിച്ചുകൊടുക്കാനാവാതെ എന്നിലൊരു വിങ്ങലായ് .... " അവന്‍റെ വാക്കുകള്‍ നെഞ്ചില്‍ പൊടിഞ്ഞു കുതിരുന്നത് എനിക്കു മനസ്സിലാകുമായിരുന്നു.... 

കുറച്ചൊരു ഇടവേളയ്ക്കു ശേഷം അവന്‍ വീണ്ടും തുടങ്ങി "സാജിറ്റേറിയന്‍മാര്‍ക്ക് ഇങ്ങനെയുള്ള കാര്യങ്ങള്‍ മറക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണെന്ന് ഞാന്‍ തുടക്കത്തിലേ പറഞ്ഞതാണ്.... പലരും നിങ്ങളുടെ പ്രണയവും വിഷാദവുമൊക്കെ വിഷയമാകുന്ന രചനകളെ തമാശയാക്കുമ്പോള്‍ പക്ഷേ അതൊക്കെ എന്തുകൊണ്ട് സംഭവിക്കുന്നു എന്നെനിക്കിപ്പോള്‍ മനസ്സിലാകുന്നു."

സാജിറ്റേറിയന്‍ എന്ന സൂര്യരാശിയിലെ എന്‍റെ ജന്മനക്ഷത്രമാണോ എന്നെക്കൊണ്ട് വിരഹവും,
 പ്രണയവും എഴുതിക്കുന്നത് ? അതെ നക്ഷത്ര ജാതനായതുകൊണ്ടാണോ എന്‍റെ ജീവിതം ഇങ്ങനെയൊക്കെയായി മാറിയത് ?
അങ്ങനെയുള്ള ചില ചോദ്യങ്ങളും എന്നിലവശേഷിപ്പിച്ച് "പുറത്തുപോകാന്‍ കൂട്ടുകാര്‍ കാത്തിരിക്കുന്നു,
 പിന്നെ കാണാം" എന്നും പറഞ്ഞ് അവന്‍ പോയി....

ഓര്‍മ്മകള്‍ അടര്‍ന്നുപോകാതെ ഇന്നലെകളില്‍നിന്നു പടര്‍ന്നുകയറി ഇന്നിനെ വരിഞ്ഞു മുറുക്കി നാളെയിലേക്കു തന്‍റെ നാമ്പുകള്‍ നീട്ടി സിരകളിലും ഹൃദയത്തിലും വേരുകളാഴ്ത്തുമ്പോഴുള്ള നീറ്റല്‍ .... അത് ഒരിക്കലെങ്കിലും അനുഭവിച്ചവരുടെ മുന്നിലേ നമ്മളുടെ ഓര്‍മ്മകളുടെ കെട്ടഴിക്കാവൂ.... അല്ലെങ്കില്‍ അതൊരു മുഷിഞ്ഞ ഭാണ്ഡത്തിന്‍റെ ഗന്ധമായി മാത്രമേ അനുഭവപ്പെടൂ....!

"ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം,
 
ഓര്‍മിക്കണം എന്ന വാക്ക് മാത്രം"
 

മുരുകന്‍ കാട്ടാക്കടയുടെ 'രേണുക'യിലെ ഈ വരികള്‍ ചേര്‍ത്ത് ഞാനടയ്ക്കട്ടെ ഈ ഓര്‍മ്മക്കുറിപ്പ്‌.




Photo courtesy : Abhijeet Vardhan

13 comments:

  1. നോസ്ടാല്ജിയ എഴുത്തുകാരന്റെ മുന്‍പില്‍ തുറന്നു വെച്ചിരിക്കുന്ന മദ്യം പോലെയാണ്. ഒരേസമയം അയാള്‍ക്ക് അത് പ്രചോദനവും വിഷവുമാണ്.
    അധികമാകുമ്പോള്‍ അയാള്‍ ബോറനും ഒട്ടും ഇല്ലെങ്കില്‍ നിഷ്ക്രിയനും ആകും.

    ReplyDelete
  2. :) വളരെ ശരിയാണ് ജോ.
    ഞാനിതില്‍ രണ്ടാം വിഭാഗത്തിലാണ് പെടുക എന്ന് തോന്നുന്നു :(
    നന്ദി...വരവിനും വായനയ്ക്കും പിന്നെ എനിക്ക് എടുത്താല്‍ പൊങ്ങാത്ത ഈ കമെന്റിനും :P

    ReplyDelete
  3. ഓര്‍മ്മകള്‍ ..മനോഹരം ,,ഫോണ്ട് ഒരല്‍പം ചെറുതാക്കിയാല്‍ നന്നായിരുന്നു !

    ReplyDelete
    Replies
    1. സിയാഫ്‌ഇക്കാ വളരെ നന്ദി.... വായനയ്ക്കും അഭിപ്രായത്തിനും,
      ഫോണ്ട് അപ്പൊ തന്നെ ശരിയാക്കി :)

      Delete
  4. ഓര്‍മ്മകള്‍ വായിച്ചു.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ ...സന്തോഷം :)

      Delete
  5. എല്ലാം ഓര്‍മ്മകള്‍....

    ReplyDelete
    Replies
    1. അതെ...ചില ഓര്‍മ്മകള്‍ ചികഞ്ഞെടുക്കാന്‍ ശ്രമിക്കുന്നു :)
      നന്ദി.... വരവിനും വായനയ്ക്കും പിന്നെയീ കമെന്റിനും

      Delete
  6. "ഓര്‍മ്മകള്‍ അടര്‍ന്നുപോകാതെ ഇന്നലെകളില്‍നിന്നു പടര്‍ന്നുകയറി ഇന്നിനെ വരിഞ്ഞു മുറുക്കി നാളെയിലേക്കു തന്‍റെ നാമ്പുകള്‍ നീട്ടി സിരകളിലും ഹൃദയത്തിലും വേരുകളാഴ്ത്തുമ്പോഴുള്ള നീറ്റല്‍ .... അത് ഒരിക്കലെങ്കിലും അനുഭവിച്ചവരുടെ മുന്നിലേ നമ്മളുടെ ഓര്‍മ്മകളുടെ കെട്ടഴിക്കാവൂ.... അല്ലെങ്കില്‍ അതൊരു മുഷിഞ്ഞ ഭാണ്ഡത്തിന്‍റെ ഗന്ധമായി മാത്രമേ അനുഭവപ്പെടൂ..."......ശരിയായ നിരീക്ഷണം

    ReplyDelete
    Replies
    1. നന്ദി അഷ്‌റഫ്‌ ഭായ്.... വായനയ്ക്കും അഭിപ്രായത്തിനും :)

      Delete
  7. ഓര്‍മ്മക്കുറിപ്പ്‌ നന്നായിട്ടുണ്ട്...

    ReplyDelete
    Replies
    1. സന്തോഷം.... ഇവിടെ വന്നതിനും വായനയ്ക്കും നന്ദി !

      Delete
  8. മരിച്ചാലും മറക്കാനാവുമോ ആ ബാല്യം ...കലാലയ മുറ്റം ...അതിനി തിരിച്ചു വരുമോ...


    അനുഭവങ്ങൾ മരിക്കുന്നില്ല....ഓര്ക്കും തോറും മധുരം.....ഒരു പിടി നല്ല ഓര്മക്കായി...ലൈക്‌ ചെയ്യൂ ഈ പേജ്


    നിങ്ങള്ക്കും പങ്കു വെക്കാം സ്കൂൾ ജീവിതം.......
    സന്ദര്ശിക്കു
    https://www.facebook.com/pages/School-life/326630377545163

    ReplyDelete