ഇലമരച്ചില്ലയില്‍

June 27, 2014

പ്രിയപ്പെട്ടവളോട്













കോണുകളൊക്കാത്ത 
തഴപ്പായയില്‍ 

നിറദീപം തലയ്ക്കലായ്,
ശാന്തമായെന്നാല്‍ ,
ചുണ്ടിലവസാന കള്ളച്ചിരി
നിനക്കായവശേഷിപ്പിച്ചു,
ഞാനമര്‍ന്നു കിടക്കുമ്പോള്‍ 

ആരുടെയശ്രുവീണു നനയുമെന്‍ 

നെറ്റിത്തടവും, പാദവും ?
ആരുടെ തേങ്ങലാകുമെന്നേ-
യസ്വസ്ഥമാക്കിടാന്‍ ?

നീയതു കാണുവാന്‍ 
ഉണ്ടാകുവില്ലയോ,
ഇല്ലെങ്കിലെന്‍ കൂടെ
 
യാത്രപോരുന്നുവോ ?
അത്രമേല്‍
 
തമ്മിലൊട്ടിയല്ലോ
 
നാളിതുവരേ നാം
ചരിച്ചതും
ചരിക്കേണ്ടതും !

മൂന്നുപേരവരെന്റെയോമനകള്‍
 
കരഞ്ഞലിഞ്ഞില്ലാതെയാകുമ്പോള്‍
 
നാലാമനാം അവനുണ്ടാകുമോ
 
ചാരെയവരുടെ തോളായി,
ആശ്വാസമേകിടാനായ് ;
പിന്നെയഗ്നിയാലെനി-
ക്കുദകക്രിയ ചെയ്‌തിടുവാന്‍..

അമ്മയുണ്ടാവണേ
 
അപ്പോഴുമെന്നുടെ കാതില്‍
ശകാരമാം സ്നേഹവുമായ്‌,
അമ്മയുണ്ടാവണേ
 
അരുമയായ് നിന്നുടെ
 
മുടികളില്‍ തഴുകലായ് ;
താങ്ങുപോലായ്.

വഴിമറഞ്ഞേകനായ്
 
പിരിയുമെന്‍ ദേഹിയ്ക്കു
മിഴിനീറഞ്ഞുഴറി നീ
വിടപറഞ്ഞീടുമ്പോള്‍
അമ്മയുണ്ടാകണേ
അപ്പോഴും നിന്നുടെ
 
കരതലം തന്നിലമര്‍ത്തിയ
ധൈര്യമായ് !
അമ്മയുണ്ടാകണേ
എപ്പോഴുമെപ്പോഴുമീ-
യുലകം മറയുന്ന
 
നാളുവരെ !


Photo courtesy : kanadaihirlap.com

3 comments:

  1. മരണമെത്തുന്ന നേരത്ത്..........

    ReplyDelete
  2. കടൈശിവരൈ യാർ .....?
    തമിഴിൽ ഈ രീതിയിലൊരു ചൊല്ലുണ്ട്.....

    നല്ല കവിത...

    ReplyDelete
  3. ഉണ്ടാകട്ടെ..
    "എപ്പോഴുമെപ്പോഴുമീ-
    യുലകം മറയുന്ന
    നാളുവരെ !"

    എല്ലാം നല്ലവരികൾ സുഹൃത്തെ..

    ReplyDelete