ഇലമരച്ചില്ലയില്‍

March 15, 2013

കുമാരനാണ് താരം !

                











          ഈ
 
പ്രാവശ്യം നാട്ടിലേക്ക് പോയപ്പോള്‍  എയര്‍പോര്‍ട്ടില്‍നിന്നും വീട്ടിലേക്കുള്ള യാത്രയില്‍ നാട്ടില്‍ ചെന്നാല്‍ കാണേണ്ട പ്രധാനികളുടെ വിവരങ്ങള്‍ അപ്ഡേറ്റ്‌ ചെയ്യുന്ന കൂട്ടത്തിലാണ് ഇ.എം.എസ് കുമാരേട്ടന്‍‍ നാട്ടിലെ താരമായ വാര്‍ത്ത അനിയന്‍ പറഞ്ഞത്.

       എന്‍റെ കൊച്ചുഗ്രാമത്തിലെ എല്ലാ അലുക്കുലുത്തുകളും,  ആരാന്‍റെ അതുമിതും പറയുന്നതൊഴികെ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത  സകലകുലാബി വിജ്ഞാനകോശങ്ങളും  അടിഞ്ഞു കൂടുന്ന പോക്കറുമാപ്പിളയുടെ പീടികത്തിണ്ണയിലെ കല്ലുപ്പപെട്ടിക്കു മുകളിലും,വായനശാലയ്ക്ക് മുന്‍പിലെ പാറമേലും പത്രവും നിവര്‍ത്തിപ്പിടിച്ചിരിക്കുന്ന കുമാരേട്ടനെ കണ്ടാണ് ഞാനും വളര്‍ന്നത്‌.


           എന്‍റെ കുട്ടിക്കാലത്ത് പീടികയില്‍ വരുന്ന എതിര്‍കക്ഷിക്കാരോട് ഉച്ചത്തില്‍ വാദിക്കുന്ന കുമാരേട്ടന്‍റെ വായില്‍ക്കൊള്ളാത്ത വര്‍ത്താനങ്ങള്‍ കേട്ട് വാങ്ങാന്‍ വന്ന സാധനങ്ങളുടെ പേരുപോലും മറന്ന് പലപ്പോഴും ഞാനും നിന്നുപോയിട്ടുണ്ട് ശ്രോതാവായി.മറുഭാഗത്ത്‌ ലീഗുകാരാണെങ്കില്‍ പെട്ടത് തന്നെ.അറാമ്പള്ളി അമ്പലത്തിലെ കോമരത്തെക്കാളും  വലിയ ഉറച്ചില് കാണാം.കേള്‍ക്കാന്‍ ആള് കൂടുന്നതുകണ്ടാല്‍ കച്ചവടം തടസ്സപ്പെടുന്നതുപോലും കുമാരേട്ടന് വിഷയമാല്ലാതായി മാറും.പലപ്പോഴും അതൊക്കെ പോക്കറുമാപ്പിളയും ആസ്വദിക്കാറുണ്ട് എന്നതായിരുന്നു സത്യം.


           പത്രങ്ങളും പാര്‍ട്ടി ക്ലാസുകളും അരച്ചുകലക്കി മനപ്പാഠമാക്കി ഭ്രാന്തമായ ആവേശത്തോടെ തന്‍റെ രാഷ്ട്രീയ എതിരാളികളെ വായടപ്പിക്കുന്ന കുമാരേട്ടന് ഒരിത്തിരി നൊസ്സുണ്ടെന്ന്‍ എനിക്കു മനസ്സിലായത്‌ പിന്നെയും ഇത്തിരി വലുതായ ശേഷമാണ്. എന്നിട്ടും ഞങ്ങളെല്ലാം കുമാരേട്ടന്റെ ഫാന്‍സ്‌ ആയിരുന്നു. പക്ഷെ പല ഘട്ടങ്ങളിലും അദ്ധേഹത്തിന്റെ വട്ടന്‍ ബുദ്ധി ഞങ്ങള്‍ക്കൊക്കെ പാരയുമായിട്ടുണ്ട്.

      "എടാ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍ കല്യാണം കയിച്ചാപ്പിന്നെ ഓന് പാര്‍ട്ടിയോടും നാട്ടിനോടും ഉള്ള താല്പര്യം പോവും.ഇഞ്ഞി* കേട്ടിട്ടില്ലേ ഇമ്മളെ നേതാവ് ബടഗര* ഉള്ള എം.കെ കേളുവേട്ടനെപ്പറ്റി... ഓരൊന്നും കല്യാണം കയിച്ചിട്ടില്ല...ഹതാണ്..!! 

             
ഹതാണ്‌ കുമാരേട്ടന്‍ ....! തന്റെ സ്ക്രൂ കുറച്ച് ലൂസ് ആയതുകൊണ്ടും, പിന്നെ പ്രത്യേകിച്ച് വേലയും കൂലിയും ഒന്നും ഇല്ലാത്തതുകൊണ്ടുമാണ് പെണ്ണ് കിട്ടാത്തത് എന്ന് മൂപ്പര്‍ സമ്മതിക്കില്ല.എന്നാലും രാഷ്ട്രീയ ചര്‍ച്ചകളില്‍ (വധങ്ങളില്) സംസാരിക്കുന്നത് കണ്ടാല്‍ അത്ഭുതപ്പെടും,എവിടുന്നാണീ സ്ക്രൂ ഇളകിയ തലയില്‍ ഇത്രേം കാര്യങ്ങള്‍ നിറച്ചു വച്ചതെന്ന്..!


          
ഒരിക്കല്‍ അച്ഛമ്മ പറഞ്ഞതോര്‍മയുണ്ട്  "പുറമേരിയെ കുഞ്ഞാലിയെപ്പോലെ ഓനും പഠിച്ചു പഠിച്ചു ചൂടായിപ്പോയതാ"എന്ന്. ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്താണ് ആരാണീ കുഞ്ഞാലി എന്നു മനസ്സിലായത്‌..ബസ്‌ കാത്തു നില്‍ക്കുന്ന കുട്ടികളോട് ഇന്ഗ്ലീഷിലും ഹിന്ദിയിലും ഒക്കെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്ന നീണ്ടു മെലിഞ്ഞു ചടച്ച രൂപം.ഒരിക്കല്‍ ആരോ പറഞ്ഞു അതാണ്‌ കുഞ്ഞാലി എന്ന്. പെണ്‍കുട്ടികളുടെയിടയില്‍ വച്ച് വല്ല ചോദ്യവും ചോദിച്ചാല്‍ നാറിപ്പോകാതിരിക്കാന്‍ കുഞ്ഞാലിയുടെ തലവെട്ടം കണ്ടാല്‍ മുങ്ങുന്ന കൂട്ടത്തില്‍ തന്നെയായിരുന്നു എന്റെയും സ്ഥാനം.പക്ഷേ കുഞ്ഞാലിക്കു പഠനസംബന്ധിയായ കാര്യങ്ങള്‍ ചോദിക്കുന്നതിലായിരുന്നു  ഭ്രാന്തെങ്കില്‍, കുമാരേട്ടന് രാഷ്ട്രീയ സംവാദമെന്ന പ്രാന്തും എന്നതാണ് വ്യത്യാസം.

            
ഇ.എം.എസ് ആണ് കുമാരേട്ടന്റെ പ്രിയപ്പെട്ട നേതാവ്.ആ ആരാധനയാണ് വട്ടന്‍ കുമാരന്‍ എന്ന ഇരട്ടപ്പേരു മാറി  ഇ.എം.എസ് കുമാരന്‍ എന്നാവാന്‍ കാരണം.അത് അരക്കിട്ടുറപ്പിക്കുന്ന പല സംഭവങ്ങളും ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ക്ക് കാണാനും പറ്റാറുണ്ട്.

           ഹാജ്യാരെ ഇങ്ങള് വേറെ എന്തും പറഞ്ഞോ, പക്ഷെ ഇങ്ങള് ഓറപ്പറ്റി തമാശ പറഞ്ഞാല്‍ അത് ഞാന്‍ സമ്മതിക്കൂല്ല....ഒന്നൂല്ലേല് ഇങ്ങളെ പാര്‍ട്ടിക്ക് വളരാനായി ഒരു ജില്ല തന്നെ അനുവദിച്ചു തന്നതല്ലേ ഞമ്മളെ സഖാവ്? ഇങ്ങളങ്ങ് നിര്‍ത്തിക്കളയിന്‍ ആ പറച്ചില്‍...

             "മൂരിയെറച്ചി തിന്ന ബുദ്ധീം കൊണ്ട് ഇനി എന്തെങ്കിലും എന്‍റെ സഖാവിനെപ്പറ്റി മിണ്ട്യാ ഇന്റെ പല്ല് ഞാ കയിക്കും ചെറ്റേ...” എന്നൊരു ഡയലോഗും വിട്ടു ഒറ്റ നടത്തമാണ് മൂപ്പര്‍.

തിളയ്ക്കുന്ന ചായ വീണു പൊള്ളിയ മുഖവുമായി അന്ത്രുഹാജിയും കൂടെ കടയിലുണ്ടായിരുന്ന ബാക്കി കഥാപാത്രങ്ങളും പുറത്തേക്കിറങ്ങി.
അന്ന്
  ടീവി ചാനലുകളുടെ ബാഹുല്യം നാട്ടിന്‍പുറത്തില്ലാതതുകൊണ്ട് ഈ വിഷയം ഒരു ബ്രേക്കിംഗ് സ്റ്റോറി ആയി ആരുമിട്ടലക്കിയില്ല...അതുകൊണ്ട് ലോകം ഇടിഞ്ഞുപൊളിഞ്ഞു വീണുമില്ല...

            ഈ പല്ലവി കേട്ടുകേട്ടു മടുത്തപ്പോഴാണല്ലോ (അല്ലാതെ സാമൂഹിക സേവനത്തിനിടയില്‍ വിഘ്നം വന്നിട്ടല്ല) ബൂര്‍ഷ്വകളും , പെറ്റി ബൂര്‍ഷ്വകളും തിങ്ങിപ്പാര്‍ക്കുന്ന അറബി നാട്ടിലേക്ക് വണ്ടി പിടിച്ചത്.അങ്ങനെ പലതും മറക്കുന്ന കൂട്ടത്തില്‍ കുമാരേട്ടനെയും മറന്നു...ഇതാ ഇപ്പോള്‍ കുമാരേട്ടന്‍ താരമായി പോലും...എങ്ങനെ ?

          പ്രായമൊരുപാടായിട്ടും എന്താണ് കല്യാണം കഴിക്കാത്തത് എന്നു ഒരിക്കല്‍  ചോദിച്ചപ്പോള്‍ ആരെയും വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ഉത്തരമാണ് എനിക്കു കിട്ടിയത്.


  "എടാ ചെക്കാ ഇനിക്കിതൊന്നും* തിരിഞ്ഞിറ്റില്ലേ* ഇതുവരെ?"

എന്തെയ്നും?


             ഒരിക്കല്‍ കടയില്‍ പതിവ് രാഷ്ട്രീയം പറയുന്നതിനിടയില്‍ കോമത്തെ അന്ത്രുഹാജി കുമാരേട്ടനെ ചൂടാക്കാന്‍ വേണ്ടി ഇ.എം.എസ്സിനെ കളിയാക്കി.കുമാരേട്ടന്‍ പതിവ് ശൈലിയില്‍ മറുപടികള്‍ പറഞ്ഞു കത്തിക്കയറുന്നതിനിടയിലായിരുന്നു ആ പരിഹാസം.



           വീണ്ടും കളിയാക്കിക്കൊണ്ടിരുന്ന അന്ത്രു ഹാജിയുടെ മുഖത്തേക്ക് കയ്യിലിരുന്ന ചൂടുചായ ഒരൊറ്റ വീശലായിരുന്നു കുമാരേട്ടന്‍ .


ഓന്‍റെ പിരാന്ത് ഇങ്ങക്കറിഞ്ഞൂടെ... പറ്റ്യേത് പറ്റി....കൊറച്ചൊരു കഥ മാണ്ടേ ഓനോട്‌ കളിക്കുമ്മം....” 
ഒസ്സാന്‍ അമ്മദ് അന്ത്രു ഹാജിയെ ആശ്വസിപ്പിച്ചു.


   ന്റെ പടച്ചോനെ......ബൈന്നേരം വാല്യക്കാര് അറിഞ്ഞുവന്നാല്‍   ഇബ്ടെ എന്തെങ്കിലും നടക്കും. അയിലും മുന്നേ തടി തപ്പാം ” എന്നും പറഞ്ഞ് പോക്കറ് മാപ്പിള വേഗം നിരപ്പലകള്‍ ഇട്ടു കട പൂട്ടി സ്ഥലം കാലിയാക്കി.



     ലീഗുകാരും, മാര്‍കിസ്റ്റുകാരും പഴയപടി ചായകുടിക്കുമ്പോള്‍ രാഷ്ട്രീയം പറഞ്ഞും, തെരഞ്ഞെടുപ്പുകളില്‍ പരസ്പരം തെറിവിളിച്ചും,കൈക്കരുത്തും പണക്കരുത്തും കാണിച്ചും നിലകൊണ്ടുപോന്നു.



            പലപ്പോഴും ശുദ്ധന്‍ ക്രൂരന്റെ ഫലം ചെയ്യും എന്നു പറയുംപോലെയാണ് ഞങ്ങളുടെയൊക്കെ കാര്യത്തില്‍ കുമാരേട്ടന്‍ വന്നു ചാടുക.ഒരിക്കല്‍ പടിക്കല്‍ സന്തോഷിന്‍റെ വീട്ടില്‍ ചെന്ന കുമാരേട്ടന്‍ അവന്‍റെ പെങ്ങളോടു ഒരു ചോദ്യമായിരുന്നു.


എല്ലെടോ സീനേ ഇന്നല ഓര്‍ക്കാട്ടേരി ചന്തേന്ന്*   ഇന്‍റെ ഏട്ടന്‍ വാങ്ങ്യ   വളയൊന്നും ഇന്‍റെ കയ്യിമ്മല്‍ കാണുന്നില്ലല്ലോ ?


          ആ ഒരൊറ്റ ചോദ്യമായിരുന്നു സന്തോഷിന്‍റെ നാടുകടത്തലിനു കാരണമായതെന്ന്‍ ഇന്നോര്‍ക്കുമ്പോള്‍ ചിരിക്കു വക നല്കുന്നതാണ്. അതിനുശേഷമാണല്ലോ കമ്മ്യൂണിസ്റ്റുകാരനായ കുമാരേട്ടന്‍ പാരയാവാത്ത ഏക സ്ഥലമായ അമ്പലത്തിലേക്ക് ഞങ്ങളില്‍ പലരും കൂടിക്കാഴ്ചകള്‍  മാറ്റിയത്.


       എന്നിട്ടും ഞങ്ങളുടെ പല പരിപാടികളും എല്ലാവരുടെയും വീടുകളില്‍ കൃത്യമായി അറിയുന്നതിന്റെ ഉറവിടം കുമാരേട്ടനാണെന്ന് പാര്‍ട്ടിരഹസ്യം പോലെ വീട്ടുകാര്‍ സൂക്ഷിച്ചതുകൊണ്ട് ഞങ്ങള്‍ കൂട്ടുകാര്‍ തമ്മില്‍ തമ്മില്‍ സംശയത്തിന്‍റെ പേരില്‍ വഴക്കുണ്ടാക്കിയിട്ടുണ്ട് പലപ്പോഴും.അതുപോലെ ഓരോ ജോലിക്കും കയറി കുറച്ചുകാലംകൊണ്ട് തന്നെ ബോറടിച്ചു അത് നിര്‍ത്തി കൂട്ടുകാരുമൊത്ത് ‘സാമൂഹികസേവനത്തിനിറങ്ങുമ്പോള്‍ ‘ അമ്മ പറയും


      "ഇഞ്ഞി പിന്നേം കുമാരന് പഠിച്ചോ...അതാ നല്ലത്.ഓന്‍ ചാവുമ്പോ ഒരാള് മാണ്ടേ* പകരക്കാരനായിറ്റ്‌"




          റിട്ടയര്‍ ആയ ശേഷം അയല്‍പക്കത്തെ പ്രേമന്‍ മാഷ്‌ അല്ലറ ചില്ലറ കോണ്‍ട്രാക്റ്റ്‌ പണികളൊക്കെ ഏറ്റെടുത്ത് നടത്തുന്നത് മുന്‍പ് വിളിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞിരുന്നു.കുമാരേട്ടന്‍ താരമായതും ആ കോണ്‍ട്രാക്റ്റ്‌ കമ്പനിയിലൂടെയായിരുന്നു.


         ഒരിക്കല്‍ പഞ്ചായത്ത് റോഡിന്‍റെ പണിക്ക് ആളു തികയാഞ്ഞപ്പോള്‍ മാഷ്‌ കുമാരേട്ടനെയും കൊണ്ടുപോയത്രെ. ഒരിത്തിരി പിരി കുറവുള്ളത് മാഷിന് അറിയാവുന്നതിനാല്‍ എളുപ്പമുള്ള പണിയാണ് കൊടുത്തത്.റോഡിന്റെ ഒരു വശത്തുനിന്നും വാഹനങ്ങളെ നിയന്ത്രിക്കുക.രണ്ടു കൊടികളും കൊടുത്തു മാഷ്‌ കുമാരേട്ടനെ അപ്പുറത്തെ വളവിലേക്ക് പറഞ്ഞു വിട്ടു.പോകുമ്പോള്‍ ആ ഭാഗത്ത്‌ നിന്നും വരുന്ന വണ്ടികളെ നിര്‍ത്താനും പറഞ്ഞു.

            മറുഭാഗം ക്ലിയര്‍ ആയി ഏറെ നേരം കഴിഞ്ഞിട്ടും കുമാരേട്ടന്റെ ഭാഗത്തുനിന്നും വണ്ടികളൊന്നും വരാഞ്ഞ് മാഷ്‌ ചെന്ന് നോക്കിയപ്പോള്‍ കണ്ടത് അഞ്ചു പത്തു വണ്ടികളും, ചുകന്ന കൊടി ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന കുമാരേട്ടനെയുമാണ്.

കുമാരാ......... ഒരൊറ്റ അലര്‍ച്ചയായിരുന്നു മാഷ്‌.


"ഇനിക്കെന്താടാ പെരാന്ത് മൂത്തോ... ഇഞ്ഞി ആ പച്ചക്കൊടി കാണിച്ച് വണ്ടിയെല്ലം ഒഴിവാക്കെടോ"

മാഷിനെ ഒന്നു തറപ്പിച്ചു നോക്കിയ ശേഷം രണ്ടു കൊടികളും കയ്യില്‍ വച്ചുകൊടുത്ത് കുമാരേട്ടന്‍ ഒരൊറ്റ കാച്ചായിരുന്നു.


           "ഞ്ഞാ* കയ്യൊണ്ട് ആങ്ങ്യം* കാണിച്ചേരം പോണോരിക്കു പൂവാരുന്നില്ലേ*? 
മാഷേ ഇങ്ങക്കറിയാല്ലോ ഓര്‍മ്മവെച്ച കാലം മൊതല് ഞാള് പിടിച്ചത് ചെങ്കൊടിയാ...ഇനീപ്പം എന്തിന്‍റെ പേരിലായാലും മാണ്ടൂല്ല* അത് താത്തീറ്റ്* മൂരിയെറച്ചി തിന്നുന്ന പഹയന്മാരെ പച്ചക്കൊടി ഞാന്‍ പൊന്തിക്കൂല്ല....ഇപ്പണി എന്നെക്കൊണ്ടാവൂല്ല.


           കിട്ടിയ ജോലിയും കളഞ്ഞു  തന്റെ കൊടിയോടുള്ള കൂറും പ്രഖ്യാപിച്ച് കയ്യും വീശി നടക്കുന്ന കുമാരേട്ടനെ നോക്കി തലയില്‍ കയ്യും വച്ച് മാഷ്‌  നിന്നുപോയി. അങ്ങനെ കുമാരേട്ടന് അന്നുമുതല്‍ ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലെ താരമായി മാറി.
















*ഇനിക്കിതൊന്നും = നിനക്കിതൊന്നും.
*തിരിഞ്ഞിറ്റില്ലേ = മനസ്സിലായിട്ടില്ലേ.
*ഇഞ്ഞി = നീ.
*ബടഗര = വടകര.
*ഓര്‍ക്കാട്ടേരി ചന്ത = വടക്കേ മലബാറിലെ പ്രശസ്തമായ കന്നുകാലി ചന്ത. 
*മാണ്ടേ = വേണ്ടേ.
*ഞ്ഞാ = ഞാന്‍.
*ആങ്ങ്യം = ആഗ്യം.
*പൂവാരുന്നില്ലേ = പോകാമായിരുന്നില്ലേ. 
*താത്തീറ്റ് = താഴ്ത്തിയിട്ട്‌.
*മാണ്ടൂല്ല = വേണ്ടില്ല.


     
ഈ കഥ 'മ' ബ്ലോഗേഴ്സ് ഗ്രൂപ്പിന്‍റെ പ്രസിദ്ധീകരണമായ മഴവില്ല് മാഗസിന്‍ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചതാണ്.


 Picture  courtesy: boolokam.com 




25 comments:

  1. ഹഹ. കുമാരേട്ടന്റെ പാര്‍ട്ടിയോടുള്ള കൂറ് കലക്കി. അവസാനം ചിരിച്ചു പോയി.

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി ശ്രീ. ഇങ്ങനെയുള്ള കുമാരന്മാരെ എല്ലാ നാട്ടിലും കാണാന്‍ കഴിയും :)

      Delete
  2. ഹഹഹ കുമാരേട്ടന് 100 മാർക്ക്...

    പാർട്ടിയോട് കൂറുള്ള ചില അടിയുറച്ച വിശ്വാസികളുണ്ട് ഇപ്പോഴും. തെറ്റായാലും ശരിയായാലും പാ‍ർട്ടി പറയുന്നതാണ് സത്യം എന്നുറച്ച് വിശ്വസിക്കുന്നവർ. പാർട്ടിയ്ക്ക് അവരെപ്പോലെയുള്ളവരെയാണ് ആവശ്യം. തെറ്റ് തെറ്റാണെന്ന് വിളിച്ചു പറയാതെ വിധേയനായി പ്രവർത്തിക്കുക. അതല്ലേ ചിലരെയൊക്കെ പുറത്താക്കിയതും ചിലരെ പുറത്താക്കാൻ ഉറ്റ് നോക്കിയിരിക്കുന്നതും.

    അജേഷിന്റെ കുമാരേട്ടൻ അസ്സലായി :)

    ReplyDelete
    Replies
    1. നന്ദി കുഞ്ഞന്‍ ചേട്ടാ... :)
      ഇങ്ങനെ അന്ധമായി പാര്‍ട്ടികളെ വിശ്വസിച്ചു വച്ചിരിക്കുന്ന നിഷ്കളങ്കരായ കുമാരന്മാരെ ഒരുപാട് കണ്ടിട്ടുണ്ട്.അതൊകൊണ്ടാണ്‌ ഇതെഴുതാന്‍ തോന്നിയത്...

      Delete
  3. ഓറെ പറ്റി തമാശ പറഞ്ഞാൽ അത് ഞാൻ സമ്മതിക്കൂല ; എന്ന് പറഞ്ഞ കുമാരേട്ടന് സ്ക്രു ലൂസാണ് എന്നാരാ പറഞ്ഞെ ? അത് ഞാൻ സമ്മതിക്കൂല .
    കഥ നന്ന് . വര അതിലേറെ നന്ന്

    ReplyDelete
    Replies
    1. നന്ദി വൃന്ദ ചേച്ചീ...വായനയ്ക്കും ഈ അഭിപ്രായത്തിനും.
      സ്ക്രൂ ലൂസ് ആണേലും ചില കാര്യങ്ങളില്‍ കുമാരേട്ടന്‍ ഒരു സംഭവം തന്നെയാണ്.കഥ കഴിഞ്ഞ മാസം മഴവില്ല് മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണ്....പിന്നെ വര.അത് കുറെക്കാലമായി മറന്നുപോയ ഒന്നാണ്. :( ഇതിപ്പോ വെറുതെ പെയിന്റില്‍ ഒരു കുത്തിവര നടത്തി നോക്കിയതാണ്... നന്നായി എന്ന് പറഞ്ഞപ്പോള്‍ സന്തോഷവും ഒരു പ്രചോദനവുമായി. :)

      Delete
  4. നന്നായിട്ടുണ്ട്, എഴുത്തും വരയും. ആശംസകൾ...

    ReplyDelete
    Replies
    1. വളരെ നന്ദി... വരവിനും അഭിപ്രായത്തിനും :)

      Delete
  5. പച്ചക്കൊടി പിടിയ്ക്കാന്‍ കുമാരന്റെ പട്ടി വരും.
    ഹല്ല പിന്നെ.

    കുമാരന്‍ താരം തന്നെയാണ് കേട്ടോ

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ... :)

      Delete
  6. കുമാരേട്ടന്റെ കഥ വായിക്കുമ്പോ എന്റെ മനസ്സില്‍ വരുന്നത്, രണ്ടു രാഷ്ട്രീയ കൊലപാതങ്ങള്‍ ചെയ്തു ജയിലില്‍ കിടക്കുന്ന മക്കളെ ആലോചിച്ചു അഭിമാനം കൊള്ളുന്ന ഒരു അച്ഛനെയാണ്.. എന്റെ മക്കള്‍ രാജ്യത്തിന് വേണ്ടി ആണ് ജയിലില്‍ കിടക്കുന്നത് എന്ന് പറയുമ്പോ രണ്ടു പേരെ കൊന്നതാണോ രാജ്യത്തിനു വേണ്ടി ചെയ്ത നന്മ എന്ന് തിരിച്ചു ചോദിക്കാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല... കാരണം മക്കള്‍ ചെയ്തതില്‍ ആ അച്ഛന് അഭിമാനമേ ഉള്ളൂ...

    ReplyDelete
    Replies
    1. അങ്ങനെയാണ് ചില ആളുകള്‍ !

      Delete
  7. രസകരം!

    കുമാരേട്ടൻ റോക്ക്സ്!

    ReplyDelete
    Replies
    1. നന്ദി... ജയന്‍ജി
      വരവിനും,വായനയ്ക്കും പിന്നെയീ അഭിപ്രായത്തിനും :)

      Delete
  8. നല്ല വായനാനുഭവം. ഏറെ ഇഷ്ടമായി....സസ്നേഹം

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ...വായനയ്ക്കും വിലപ്പെട്ട അഭിപ്രായത്തിനും

      Delete
  9. എന്റെ അജേഷേ !!! അതേ , കുമാരൻ കലക്കി !!! പക്ഷെ ആ വാക്കുകളുടെ അർഥം ആദ്യമേ താരമായിരുന്നു. ഈ ചടംബിക്ക് സാഹിത്യോം ഭാഷയും ഒന്നും അങ്ങിനെ വലിയ പിടിയില്ല , പിന്നെ എങ്ങിനെ ഇവിടെ വന്നു പെട്ട് വായിക്കുന്നു എന്നെ ഒള്ളു. എന്താ ഒരു ഭാഷ !!! വിവരണ ശൈലി ഒക്കെ പിടിച്ചു. നന്നായിരിക്കുന്നു. പിന്നെ വര, അതും നല്ലതാ... ഇതാണോ അറിയില്ല എന്ന് പറഞ്ഞേ ? ഇനിയും എഴുതുക. :)

    ReplyDelete
    Replies
    1. നന്ദി ചട്ടമ്പി...അഭിപ്രായത്തിന്...പിന്നെ വായനയ്ക്ക്.
      ഇതില്‍ ഉപയോഗിച്ച ഭാഷ തനി കടത്തനാടന്‍ ഭാഷയാണ്‌...ഇന്നത്തെ തലമുറ ഇത് കാര്യമായി ഉപയോഗിക്കുന്നില്ലെങ്കിലും അതിന്‍റെ തനിമ മറക്കരുതല്ലോ...പിന്നെ കുമാരന്‍റെ തലമുറ ഇത്തിരി പഴയതാണ്.അപ്പോ ശരിയായ നാടന്‍ സ്ലാങ്ങ് ഉപയോഗിച്ചു എന്നേ ഉള്ളൂ.
      വര മറന്നിട്ടു വര്‍ഷങ്ങള്‍ ആയി....പിന്നെ ചുമ്മാ ഒന്നു ട്രൈ ചെയ്തു നോക്കി എന്നേ ഉള്ളൂ. :)

      Delete
  10. നാട്ടുഭാഷയും വഴക്കവും ഇഷ്ടായി ..:)
    ഇനിയും നല്ല നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു:)

    ReplyDelete
  11. നല്ല നാട്ടു വർത്തമാനം, രസായി വായിച്ചു ട്ടോ

    ReplyDelete
  12. Kumarettan Kalakki..
    Nattile bhashayil kumarettante kadha vayikkan nalla rasam...
    Baderayil poya oru pratheethi...

    ReplyDelete
  13. വായിച്ചപ്പോള്‍ എന്‍റെ നാട്ടിലെ അകാലത്തില്‍ പൊലിഞ്ഞുപോയ എന്നെ അനിയനെപ്പോലെ കൊണ്ട് നടന്നിരുന്ന നാസര്‍ എന്നുപേരായ ഒരു സഖാവിനെ ഓര്‍മ്മ വന്നു.....ലളിത സുന്ദരമായ ആഖ്യാന ശൈലി..ഇഷ്ടം ഈ എഴുത്തിനോട്...നല്ലൊരു വായനയിലേക്ക് വഴിതുറന്നു തന്നതിന് നന്ദി...

    ReplyDelete