ഇലമരച്ചില്ലയില്‍

February 9, 2014

നീയും നിലാവും

   

         നല്ല തണുപ്പുണ്ടായിരുന്നു ഇന്നലെ രാത്രി,എന്നിട്ടും ഞാന്‍ മുറിവിട്ടു പുറത്തിറങ്ങി.നിലാവില്‍ കുളിച്ചു കിടക്കുന്ന പരിസരം. പാര്‍ക്കിങ്ങിന്‍റെ വശങ്ങളിലായി വച്ചു പിടിപ്പിച്ച ചെടികള്‍ക്കുമേല്‍ ഇരുട്ടും വെളിച്ചവും ഇടകലര്‍ന്ന് കിടക്കുന്നത് പ്രത്യേക ഭംഗി തോന്നിപ്പിച്ചു.ചില ഇലകളില്‍ വീണ മഞ്ഞിനെ നിലാവ് ഉമ്മവെച്ചു തുടുപ്പിച്ചിരുന്നു.

          ആകാശത്ത് പൊട്ടുകള്‍പോലെ കാണായ നക്ഷത്രങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണതയിലെത്താന്‍ പോകുന്ന ചന്ദ്രന്‍ .മൂന്നുനാലു ദിവസം കഴിഞ്ഞാല്‍ പൌര്‍ണ്ണമിയാണ്....!

          ചന്ദ്രനെക്കാണുമ്പോള്‍ മുന്‍പെനിക്ക് ഓര്‍മ്മ വരാറുണ്ടായിരുന്നത് കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്ന കഥയിലെ മുയല്‍ക്കുഞ്ഞിനെയാണ്.എത്രയോവട്ടം ചന്ദ്രനിലെ മുയല്‍ക്കുഞ്ഞിന്റെ രൂപം കാണാന്‍ ഞാനിരുന്നിട്ടുണ്ട്.

         പക്ഷേ ചന്ദ്രനില്‍ ഇന്നു ഞാന്‍ തേടുന്നത് നിന്‍റെ മുഖം മാത്രമാണ്. പരിഭവങ്ങളും, പ്രണയവുമൊളിപ്പിച്ചുവച്ച നിന്‍റെ മുഖം മാത്രം !!

         കാതങ്ങള്‍ അകലെനിന്നു നീ കാണുന്ന അതെ ചന്ദ്രനെ കണ്ടിരിക്കുമ്പോള്‍ പ്രിയപ്പെട്ടവളെ....... എന്നില്‍ നിറയുന്ന നിന്നെയെനിക്കറിയാന്‍ കഴിയുന്നു...!


Photo Courtesy : Google

January 21, 2014

വിലയില്ലാത്തവര്‍


















പകുത്തെടുക്കാന്‍ നമുക്ക് 
നീലാകാശമേ ഉണ്ടായിരുന്നുള്ളൂ...
മണ്ണായ മണ്ണെല്ലാം പണമുള്ളവര്‍
വേലികെട്ടി തിരിച്ചിരുന്നു.

വക്കുകളടര്‍ന്ന ഓവുചാല്‍ സ്ലാബില്‍ 
മലര്‍ന്നുകിടന്നു മേലേക്ക് നോക്കി നാം
ആകാശത്തെ വീതം വച്ച് കളിച്ചു.
മേഘങ്ങള്‍ വേലികളില്ലാത്ത നമ്മുടെ
സാമ്രാജ്യത്തിലൂടെ പാറിനടന്നു.

ഇറ്റിറ്റു വീണ മഴത്തുള്ളികള്‍
രുചിച്ചപ്പോള്‍ നമ്മുടെ കണ്ണ് നിറഞ്ഞിരുന്നു.
തൊട്ടടുത്ത കടക്കാരന്റെ ചില്ലുകൂട്ടിലെ
വര്‍ണ്ണക്കുപ്പികള്‍ അന്നേരം
നമ്മെ നോക്കി എന്തോ പറഞ്ഞുവല്ലേ ?

അരികിലൂടെ കടന്നുപോയ കുഞ്ഞുങ്ങളുടെ
കയ്യിലെ പുസ്തകങ്ങള്‍ നമ്മെ നോക്കി മുഖം ചുളിച്ചു !
വിലകൂടിയ പുസ്തകങ്ങളല്ലേ,
വിലയില്ലാത്ത നമ്മളെ
അവര്‍ക്കും പിടിച്ചുകാണില്ല.

അല്ലെങ്കിലും
പൊടിപിടിച്ച തറയില്‍ വിരിക്കുന്ന
കടലാസുകളിലെ അക്ഷരങ്ങള്‍
ഒരിക്കലും നമ്മെ പ്രലോഭിപ്പിച്ചിരുന്നില്ല !
നമ്മളിതൊക്കെയാണെന്നു നമുക്കറിയാമെന്നതിനാല്‍
നമുക്കൊന്നിനും ഒരു ബേജാറുമില്ലല്ലോ !!!


Photo courtesy: urbantimes

December 4, 2013

ഇനീഷ്യല്‍


ഇന്നലെ കിട്ടിയ 
തിരിച്ചറിയല്‍ കാര്‍ഡില്‍ 
ഒരു ഇനീഷ്യലിന്റെ അപ്പുറത്തും 
ഇപ്പുറത്തുമാണ് 
ഞാനുമെന്റെ അച്ഛനും.
ആ ഇനീഷ്യല്‍ മുഴുപ്പേരായാല്‍ 
അതൊരു വീട്ടുപേരാകുന്നു;
അല്ല, ഒരു വീടാകുന്നു.
അച്ഛന്റെ സ്വപ്നങ്ങളടുക്കിവച്ച്
വര്‍ഷങ്ങള്‍കൊണ്ടു പണിതുയര്‍ത്തിയ 
വീട്.
എന്‍റെ സ്വപ്‌നങ്ങള്‍ പലതും 
ജനിച്ചതും പൊലിഞ്ഞതും കണ്ട അതേ 
വീട്.
പേരുകള്‍ക്കിടയിലെന്നപോലെ 
ഞങ്ങളുടെ സ്വപ്നങ്ങള്‍ക്കിടയിലും 
നിവര്‍ന്നു നില്‍പ്പുണ്ടാ
വീട്,
കേവലമൊരു ഇനീഷ്യലാവാതെ !