ഇലമരച്ചില്ലയില്‍

December 20, 2014

മുറം

അമ്മ, 
അരി വെടിപ്പാക്കാന്‍
 
മുറത്തിലേയ്ക്കിട്ടതിന്റെ
 
ഇരു കോണുകളും പിടിച്ചു
 
ചേറുമ്പോള്‍
 
വേര്‍തിരിഞ്ഞു വരുന്ന കല്ലും മണ്ണും
 
പിന്നെ തൂളികള്‍ അടരാതെ ബാക്കിയായ
 
നെല്‍മണികളും
 
മുറത്തില്‍നിന്നും പുറത്തേയ്ക്ക്
 
പൊഴിഞ്ഞു വീഴാനായ്‌
വിദഗ്ദ്ധമായൊരു ചാലൊരുക്കും.
അതുകണ്ട് അരിമണികളോ 
മുറമോ ചിന്തിച്ചു കാണുമോ
അമ്മയുടെ ജീവിതത്തില്‍നിന്നും
ചേറിപ്പറത്താന്‍ കഴിയാതെപോയ
പരുപരുത്ത,
 കറുകറുത്ത 
നാളുകളുണ്ടായിരുന്നെന്ന്‍ !
പാതിവഴിയില്‍ ഊര്‍ന്നുപോയ
സീമന്തരേഖയുടെ ചെന്നിറം
പോകാതിരിക്കാന്‍
 
ജീവിതത്തിന്റെ ഇരുണ്ട കാലത്തെ
ചേറി പൊഴിക്കാന്‍
 
കഴിയാതെ നിസ്സഹായായ്‌പ്പോയോരാ മുഖം
ആരറിഞ്ഞന്ന് !
ഗതകാല സ്മരണകള്‍ ചേറിപ്പെറുക്കി
വീടുകാത്തുകഴിയുമ്പോഴും
ഞങ്ങള്‍തന്‍ ജീവിതത്തില്‍
 
ഒരു പാഴ് മണിപോലും കലരാതിരിക്കാന്‍
സ്നേഹനാരാല്‍ മെടഞ്ഞൊരു
പൊന്‍മുറമെന്നപോല്‍
 
വര്‍ത്തിച്ചിടുന്നമ്മ..........!



October 31, 2014

എന്‍റെ പൊട്ടിക്കാളിയ്ക്ക് !


ഒരു യാത്രാമൊഴി എന്നും കാതിനരികെയുണ്ട് 
പറയാതെ, എന്നാല്‍ പറയാനാഞ്ഞുകൊണ്ട്‌ !
പ്രതീക്ഷിക്കുന്നുണ്ട് അതെപ്പോഴും,
അതിനാല്‍ത്തന്നെ 

ഉള്ളിലൊരു തേങ്ങല്‍ ഒരുങ്ങിയിരിപ്പുണ്ട്
അരുതെന്നു വിലക്കിയാലും 

പെയ്യാതെ ഒന്നു നനയ്ക്കാമെന്നെങ്കിലും നിനച്ച് !

പിരിഞ്ഞു പോകുമെന്നറിഞ്ഞുകൊണ്ടുള്ള ഒരു യാത്ര,
കണ്ടുമറന്ന ഏതോ തമിഴ് ചിത്രത്തിന്‍റെ ഫ്രെയിമിലെപ്പോലെ
 
എന്‍റെ കണ്മുന്നില്‍ എന്നുമുണ്ടായിരുന്നു.
കൂടെ ഉണ്ടാവണമെന്ന ഓര്‍മ്മപ്പെടുത്തല്‍
 
അതിഭാവുകത്വത്തിന്റെ വെറുമൊരു
 
ഗാനരംഗമായിരുന്നുവോ ?
ആവോ ആര്‍ക്കറിയാം എന്നുപറഞ്ഞ്
 
പിരിഞ്ഞു നടക്കാന്‍ നിനക്കെന്തെളുപ്പം !
ഞാനപ്പോഴും കണ്ട രംഗങ്ങളിലെ
കോമാളിയിലും, തകര്‍ന്നുടഞ്ഞ നായകനിലും
എന്നെ തിരയുകയായിരിക്കും പെണ്ണേ......!


August 2, 2014

ജീവിതമെഴുതുമ്പോള്‍


രു മനോഹര കവിതയെന്നപോല്‍ 
വൃത്തമൊപ്പിച്ച് ,
പ്രാസമൊപ്പിച്ച്‌ 

എഴുതണമെന്നായിരുന്നു ആശ ;
ജീവിതത്തെ.
പക്ഷേ പലപ്പോഴുമത് 

പിടിതരാതെ 

വൃത്തത്തെയും 

പ്രാസത്തെയും
തോല്‍പ്പിച്ച് 
ചാടിമറിഞ്ഞു മാറി
ഒരു ഉത്തരാധുനികനോ,
അതുമല്ലെങ്കില്‍ ഒരു
 
ഗദ്യകവിതയോ
 
ആയിമാറാനുള്ള
 
കുസൃതി കാണിക്കാറുണ്ട്.
തെളിച്ച വഴിയേ നടന്നില്ലെങ്കില്‍
 
നടന്ന വഴിയേ തെളിക്കുകയെന്ന
 
പഴമൊഴിയോര്‍ക്കുമ്പോള്‍
അങ്ങിനെ ചെയ്യാന്‍
 
നിര്‍ബന്ധിതനാക്കപ്പെടും.
എന്നിട്ടും
 
എങ്ങോട്ടോ വലംവച്ചു പായുന്ന
 
ജീവിതത്തെ
 
പാരഗ്രാഫുകളായ്
ചേര്‍ത്തു ചേര്‍ത്തൊരു
കഥ മെനയാന്‍ ശ്രമിച്ചുനോക്കും.
പക്ഷേ
 
അവിടെയും പിടിതരാതെ
 
മാറിമറിഞ്ഞെന്നെ
 
ആശയക്കുഴപ്പത്തിലാക്കും
കുത്തുകളും,
 
കോമകളും,
 
ചോദ്യചിഹ്നങ്ങളും !